ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ …

ഒരിക്കൽ ധ്യാന ഗുരുവായ ഒരു വൈദീകൻ ഇപ്രകാരം പറയുകയുണ്ടായി . ഹൃദയത്തിൽ എന്ത് വിഷമം അനുഭവപ്പെട്ടാലും തന്റെ കയ്യിലിരിക്കുന്ന കുരിശ്ശ് രൂപത്തിന്റെ പുറകു വശം ഹൃദയത്തോട് ചേർത്ത് വച്ച് കുറച്ചു സമയം ഈശോയുടെ മുൻപിൽ ഇരിക്കുമത്രേ ..കുരിശ്ശിന്റെ ഒഴിഞ്ഞ വശം നമുക്കായി ഈശോ മാറ്റി വച്ചിട്ടുള്ളതാണല്ലോ . അങ്ങനെ കുരിശ്ശ് ഹൃദയത്തോട് ചേർത്ത് പിടിച്ചു ഇരിക്കുമ്പോൾ ഹൃദയത്തിന്റെ ഭാരം മുഴുവൻ ആ കുരിശ്ശ് രൂപം വലിച്ചെടുക്കാറുണ്ടെന്നാണ് വൈദീകൻ പറഞ്ഞവസാനിപ്പിച്ചത്

ഇത് കേട്ടു കൊണ്ട് കട്ടിലിൽ കിടന്നിരുന്ന ഞാൻ ചുവരിൽ തൂങ്ങി കിടക്കുന്ന ഈശോയുടെ ക്രൂശിത രൂപത്തെ നോക്കി . വി മാർസലിനോ ഈശോയുടെ കുരിശ്ശ് രൂപത്തെ നോക്കി ഇങ്ങനെ ചോദിക്കുന്നുണ്ട് .
“കുറെ നേരം ആയില്ലേ നീ ഇങ്ങനെ തൂങ്ങി കിടക്കുന്നു . കൈ വേദന എടുക്കുന്നില്ലേ , കുറച്ചു നേരം താഴെ ഇറങ്ങി വന്നു വിശ്രമിച്ചു കൂടെ “..ഞാനും അത് തന്നെ ഓർത്തു … അന്ന് പുള്ളിക്കാരനോട് തോന്നിയൊരു നിഷ്കളങ്ക സഹതാപം .അത് ഈശോയെ ചുവരിൽ നിന്നിറക്കി എന്റെ കിടക്കയിൽ എത്തിച്ചു . ഈശോക്ക് കിടക്കാൻ ഒരു ബേബി ബെഡും വാങ്ങി . കുഞ്ഞുങ്ങളെ പൊതിഞ്ഞു കെട്ടി ഉറക്കും പോലെ ദിവസവും ഈശോയെ പുതപ്പിച്ചു കെട്ടിപ്പിടിച്ചു നെഞ്ചിൽ കിടത്തി ഉറക്കാൻ തുടങ്ങി .

ഈശോയുടെ നെഞ്ചിൽ ചാരി കിടക്കാൻ ശിഷ്യനായ യോഹന്നാനും അവനെ നെഞ്ചിൽ കിടത്താൻ ഈശോക്കും തമ്മിൽ ഒരു വ്യക്തി ബന്ധവും ഹൃദയ ഊഷ്മളതയും ഉണ്ടായിരുന്നു . ഈശോയുടെ ഉള്ളിലും ആഗ്രഹം ഉണ്ടാവില്ലേ അൽപ നേരം നമ്മുടെയും നെഞ്ചിൽ കിടക്കാൻ …ആ ചിന്ത ഹൃദയത്തിന്റെ ആഴങ്ങളിൽ അവനോടുള്ള പ്രണയത്തെ ഉണർത്തി …ഈശോയുടെ ക്രൂശിത രൂപത്തെ കെട്ടിപ്പിടിക്കുമ്പോഴൊക്കെ അവന്റെ മുറിവുകളിലേക്കു എൻറെ അധരങ്ങളെ വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു …
അവന്റെ പ്രണയിനിയുടെ സ്നേഹ ചുംബനങ്ങൾക്കായി …

ആയിടെയാണ് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ നേരം ആകുമ്പോൾ ഈശോയുടെ ചില കൊഞ്ചലും കരച്ചിലും ഒക്കെ പ്രകടമാകുന്നത് . രാത്രിയിൽ മുറിയിൽ തനിയെ കിടക്കാൻ ഈശോക്ക് വിഷമം . നേഴ്സ് ആയ എനിക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോവാതിരിക്കാൻ എങ്ങനെ സാധിക്കും ? അത്രയ്ക്ക് വിഷമം ആണെങ്കിൽ നൈറ്റ് ഡ്യൂട്ടി അവസാനിപ്പിച്ചു തരാൻ ഈശോയോടു തന്നെ പറഞ്ഞു . ഈശോക്ക് എന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ ഇത്രയും ആഗ്രഹമുണ്ടെന്ന് ഒരു മാസത്തിനുള്ളിൽ നൈറ്റ് ഡ്യൂട്ടി നിർത്തിച്ചപ്പോൾ മനസ്സിലായി …

ഓരോ ശീലങ്ങൾ പഠിപ്പിച്ചു കഴിയുമ്പോൾ പിന്നെ അതിനു വേണ്ടിയുള്ള ഈശോയുടെ ഡിമാൻഡിങ് ആണ് അവിശ്വസനീയമായി തോന്നിയിട്ടുള്ളത് . പലപ്പോഴും യാത്രയിൽ കൂടെ കൊണ്ടുപോകേണ്ടി വരാറുണ്ട് ഈശോയെ .ഒരുദിവസം കാറിൽ അല്പം ദൂരയാത്ര ചെയ്യേണ്ടി വന്നു . ബാക്ക് സീറ്റിൽ ഞാനും എന്റെ കൈകളിൽ നെഞ്ചിൽ തല ചാരി കിടന്നുകൊണ്ട് ഈശോയും …

ലക്ഷ്യ സ്ഥലത്തേക്ക് കുറച്ചു ദൂരം കൂടി ഉണ്ട് .വഴി കൃത്യമായി അറിയുകയുമില്ല . ഡ്രൈവർ എന്നോട് പറഞ്ഞു “ആരോടെങ്കിലും ചോദിക്കാം ” ..
ഈശോയോടു ഞാൻ പറഞ്ഞു , “നെഞ്ചിൽ കിടന്നതൊക്കെ മതി .എഴുന്നേറ്റിരുന്നു വഴി പറഞ്ഞു കൊടുക്ക്” …എന്നിട്ടു ഈശോയുടെ മുഖം റോഡിനു മുന്നിലേക്ക് തിരിച്ചുപിടിച്ചു …നിമിഷങ്ങൾക്കുള്ളിൽ ഹൃദയം പൊട്ടുന്ന പോലെ ഒരു അനുഭവം ,എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി …ഹൃദയത്തിലേക്ക് എന്തോ വലിച്ചടുപ്പിക്കുന്ന പോലെ ….ഉടനെ ഈശോയെ വീണ്ടും ചങ്കോട് ചേർത്ത് പിടിച്ചു . അവന്റെ ശിരസ്സ് മുതൽ പാദം വരെ എന്റെ കണ്ണുനീർ ഒഴുകി ഇറങ്ങി …

സീറ്റിൽ ഈശോയെ കെട്ടിപ്പിടിച്ചു കിടന്നു . അഞ്ചു നിമിഷങ്ങൾക്കുള്ളിൽ ഡ്രൈവർ കാർ നിർത്തി . ഒരു സഹോദരനോട് വഴി ചോദിച്ചു …അയാൾ പറഞ്ഞു .”എന്റെ വീടിനു തൊട്ടടുത്താണ് നിങ്ങള്ക്ക് പോകേണ്ട സ്ഥലം , വിരോധം ഇല്ലെങ്കിൽ ഞാൻ വണ്ടിയിൽ കയറിക്കോട്ടെ എനിക്ക് വീട്ടിൽ ഇറങ്ങുകയും ചെയ്യാം ”

പിറകുവശത്തെ സീറ്റിൽ കിടന്നിരുന്ന ഞാൻ അദ്ദേഹത്തോട് വണ്ടിയിൽ കയറിക്കോളാൻ പറഞ്ഞു . ഇതൊക്കെ നടക്കുമ്പോഴും എന്റെ നെഞ്ചിന്റെ ചൂടിൽ ഈശോ ശാന്തമായി മയങ്ങുന്നുണ്ടായിരുന്നു . ഈശോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല ….
“നിനക്ക് വഴി കാണിച്ചു തരാൻ അല്ലേ പറഞ്ഞത് .അതിനു എന്നെ എന്തിനാ റോഡിലേക്ക് തിരിച്ചു നിർത്തേണ്ട ആവശ്യം . നിന്റെ നെഞ്ചിൽ കിടന്നാലും എനിക്ക് അത് സാധിക്കും”
ഈശോയുടെ കള്ള ചിരി ഇങ്ങനെ എന്നോട് പറയുന്ന പോലെ… ജലസഞ്ചയങ്ങള്‍ക്കു പ്രേമാഗ്‌നിയെ കെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക്‌ അതിനെ ആഴ്‌ത്താന്‍ കഴിയുകയുമില്ല.
ഉത്തമഗീതം 8 : 7

ഇതെഴുതി കൊണ്ടിരിക്കുമ്പോഴും ഈശോ എന്റെ നെഞ്ചിൽ കിടക്കുകയാണ് …നസ്രായന്റെ
പ്രണയിനിയുടെ നെഞ്ചിൽ ….അവന്റെ ഹൃദയത്തിലേക്ക് എന്റെ അധരങ്ങളെ ചേർത്ത് വച്ചപ്പോൾ എന്റെ പ്രിയന് വേണ്ടി ഞാൻ പാടി ……എന്റെ സ്വന്തം നസ്രായന് ഞാൻ പാടി കേൾക്കാൻ കൊതിയുള്ള വരികൾ ….

“നാഥാ നീയെൻ സ്വന്തമല്ലേ
പ്രാണ പ്രിയാ നീയെൻ സർവ്വവുമേ ..”

Ann Mariya Christeena ✍️


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group