പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം
കാല്‍വരിയിലെ കുരിശില്‍ ലോകപാപ പരിഹാരാര്‍ത്ഥം യേശു ജീവന്‍ ഹോമിച്ചു. ആദത്തെ നിദ്രയിലാഴ്ത്തി അദ്ദേഹത്തിന്‍റെ വാരിയെല്ലില്‍ നിന്നും ഹവ്വയെ ദൈവം രൂപപ്പെടുത്തിയതുപോലെ രണ്ടാമത്തെ ആദമായ മിശിഹായുടെ മരണ നിദ്രയില്‍ അവിടുത്തെ ഹൃദയത്തില്‍ നിന്നും സഭ ജന്മമെടുത്തു. ആദ്യത്തെ സഭാംഗങ്ങളില്‍ പ.കന്യകയും വി.യോഹന്നാനും വി.മഗ്ദലന മറിയവും ചില ഭക്തസ്ത്രീകളും മാത്രമേ അവിടെ സന്നിഹിതരായിരിന്നുള്ളൂ. ഈശോയുടെ മരണത്തിനു ശേഷം അപ്പസ്തോലന്മാര്‍ക്കും മറ്റ് ക്രിസ്തുവിന്‍റെ അനുഗാമികള്‍ക്കും പ്രത്യാശയും ധൈര്യവും നല്‍കിയത് പ.കന്യകയുടെ സാന്നിദ്ധ്യമായിരുന്നു. അവര്‍ ഒരര്‍ത്ഥത്തില്‍ നിരാശരും നിരാലംബരുമായിരുന്നു. നല്ല ഇടയനായ മിശിഹായുടെ പീഡാനുഭവ വേളയില്‍ തന്നെ അപ്പസ്തോലന്‍മാരും അവിടുത്തെ അനുഗാമികളും ഭയചകിതരായി പലായനം ചെയ്തു. എന്നാല്‍ പ.കന്യക അവരെ ധൈര്യപ്പെടുത്തി. തന്റെ കുമാരനെ മരണത്തിനു കീഴ്പ്പെടുത്തുവാന്‍ സാധിക്കുകയില്ലെന്നു അവള്‍ക്കറിയാമായിരുന്നു.
പുനരുത്ഥാനശേഷം ഈശോ ആദ്യമായി പ.കന്യകയ്ക്കു പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകണം. സന്താപകടലില്‍ ആ അമ്മ മുങ്ങിക്കുളിച്ചത് അവിടുത്തെക്കറിയാം. അതിനാല്‍ ദിവ്യമാതാവിനെ അവിടുന്നാശ്വസിപ്പിച്ചു. തന്റെ അരുമ മകന്‍ പുനരുത്ഥാനം ചെയ്തപ്പോള്‍ മാതാവനുഭവിച്ച ആനന്ദം അവര്‍ണനീയമാണ്. ഈശോയുടെ സ്വര്‍ഗാരോഹണാവസരത്തിലും മറ്റുപല സന്ദര്‍ഭങ്ങളിലും മേരിയും സന്നിഹിതയായിരുന്നിരിക്കണം. സ്വര്‍ഗാരോഹണാവസരത്തില്‍ പരിശുദ്ധാത്മാവിന്‍റെ ആഗമനം വരെ അപ്പസ്തോലന്മാരും മറ്റുള്ളവരും പ.കന്യകയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ നിരതരായി ചെലവഴിച്ചു.
പത്താം ദിവസം പരിശുദ്ധാത്മാവ് അപ്പസ്തോലന്‍മാരുടെമേല്‍ എഴുന്നള്ളിവന്നു. രണ്ടാം പ്രാവശ്യം പ.കന്യകയുടെ നേതൃത്വത്തില്‍ സമ്മേളിച്ച അപ്പസ്തോലന്‍മാരുടെ മേല്‍ പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നപ്പോള്‍ തിരുസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. അതുപോലെ ഓരോ ക്രിസ്തീയാത്മാവിന്‍റെയും ആദ്ധ്യാത്മിക ജനനത്തിലും പരിശുദ്ധാത്മാവും പ.കന്യകയും സംയുക്തമായി പ്രവര്‍ത്തിക്കണം.
പരിശുദ്ധാത്മാവിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം പ.കന്യകയുടെ സാന്നിദ്ധ്യത്തിലാണ് നിര്‍വഹിച്ചിട്ടുള്ളത്. അപ്പസ്തോലിക സഭ കിരാതമായ മര്‍ദ്ദനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടിരുന്നപ്പോള്‍ പ.കന്യകയുടെ മാതൃ പരിലാളന സഭയ്ക്കു താങ്ങും തണലുമായി വര്‍ത്തിച്ചു. നമ്മുടെ അനുദിന ജീവിതത്തില്‍ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളിലും വിപത്തുകളിലും ദിവ്യജനനി നമ്മെ സഹായിക്കുമെന്ന പ്രത്യാശ നമ്മുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം തിരുസ്സഭയില്‍ വിശ്വാസത്തകര്‍ച്ച ഉളവായിട്ടുണ്ട്. അതിനുള്ള ഒരു പ്രധാനപ്പെട്ട കാരണം പ.കന്യകയുടെ നേരെയുള്ള ഭക്തിയിലുണ്ടായ ക്ഷയമാണ്. മരിയഭക്തിയിലുള്ള മാന്ദ്യം വിശ്വാസത്തകര്‍ച്ചയ്ക്കു കാരണമാകുമെന്നുള്ളത് നിസ്തര്‍ക്കമായ കാര്യമാണ്. അപ്രകാരമുള്ള സന്ദര്‍ഭങ്ങളില്‍ മരിയഭക്തിയിലുള്ള നവോത്ഥാനത്തിലൂടെയാണ് തിരുസഭയില്‍ വിശ്വാസത്തെ പുനരുജ്ജീവിപ്പിച്ചിട്ടുള്ളത് എന്നു ചരിത്രം പരിശോധിച്ചാല്‍ നമ്മുക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ.
സംഭവം
പതിമൂന്നാം നൂറ്റാണ്ടില്‍ ആല്‍ബിജേന്‍സിയന്‍ പാഷണ്ഡത പാശ്ചാത്യസഭയെ ഭീഷണിപ്പെടുത്തിയിരുന്ന അവസരത്തില്‍ വി.ഡോമിനിക് ജപമാല ഭക്തിയിലൂടെ പാഷണ്ഡതയെ പരാജയപ്പെടുത്തി. പിന്നീട് മുറന്മാരും ക്രിസ്ത്യാനികളുമായിട്ടുള്ള സമരങ്ങളിലും ജപമാല ഭക്തിയിലൂടെ ക്രിസ്തീയസഭ വിജയം വരിച്ചതായി കാണാം. 1716-ല്‍ കാര്‍ലോസ് ആറാമന്‍ വിയന്നായുടെ കോട്ടവാതിലില്‍ വച്ച് തുര്‍ക്കികളെ നിശ്ശേഷം പരാജയപ്പെടുത്തി. 1847-ല്‍ കമ്യുണിസത്തിന്‍റെ ആചാര്യന്മാരായ മാര്‍ക്സും എംഗല്‍സും കൂടി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു. ഇക്കാലയളവില്‍ ഡാര്‍വിന്‍റെ പരിണാമവാദസിദ്ധാന്തത്തിനും വലിയ പ്രചാരമാണ് ലഭിച്ചത്.
ഇപ്രകാരം ലൌകിക സുഖം തേടി പോകുന്ന ലോകത്തെ രക്ഷിക്കാന്‍ വേണ്ടി പ.കന്യക ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാകുന്നു എന്നു പ്രഖ്യാപിച്ചു. ആര്‍നോള്‍ഡ് റ്റോയിന്‍ ബി എന്ന വിശ്രുത അകത്തോലിക്കാ ചരിത്രകാരന്‍ പ്രസ്താവിച്ചിരിക്കുന്നതു പോലെ ആധുനിക സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയില്‍ പ.കന്യക ഒരു വലിയ ശക്തിയാണ്. ആ മാനവ സംസ്ക്കാരം സംരക്ഷിച്ചുകൊണ്ടു പോകുന്നതിന് ദിവ്യജനനിയുടെ സഹായം ആവശ്യമാണ്.
പ്രാര്‍ത്ഥന
മരിയാംബികേ, അവിടുന്നു പ്രാരംഭ സഭയില്‍ ജീവിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് ധൈര്യവും ശക്തിയും പകര്‍ന്നു. എന്നും സഭയുടെ ഉല്‍ക്കര്‍ഷത്തിലും വിജയത്തിലും അങ്ങ് തത്പരയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളും സഭാമാതാവിനെ സ്നേഹിക്കുവാനും അവളോടൊത്തു ചിന്തിക്കുവാനും സഭയുടെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുവാനുമുള്ള അനുഗ്രഹങ്ങള്‍ നല്‍കണമേ. പ്രത്യേകിച്ച് ഇന്നു വിവിധ രാജ്യങ്ങളില്‍ സഭ മര്‍ദ്ദനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. നാഥേ, പ്രസ്തുത രാജ്യങ്ങളില്‍ തിരുസ്സഭ വിജയം വരിച്ച് സഭാസന്താനങ്ങള്‍ അങ്ങേയ്ക്കും അങ്ങേ തിരുക്കുമാരനും സംപ്രീതിജനകമായ ജീവിതം നയിക്കുന്നതിനാവശ്യമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെന്നു അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‍ നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു. നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കാത്തുകൊള്ളണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ, മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം
ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ! ജീവിതക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group