മലമുകളിലെ അത്ഭുത ദേവാലയം..

കണ്ണെത്താദൂരത്തോളം താഴ്ചയുള്ള ചെങ്കുത്തായ മലയുടെ ഒരുവശത്ത് സ്ഥിതിചെയ്യുന്ന ഇറ്റലിയിലെ സാങ്ച്വറി ഓഫ് ദ ലേഡി ഓഫ് ദ ക്രൗൺ എന്ന ദേവാലയം വിശ്വാസികളുടെയും സഞ്ചാരികളുടെയും ഹൃദയങ്ങൾക്ക് ആത്മീയ ആനന്ദം പകരുന്ന ഒന്നാണ് .അഡിജെ നദിയോരത്തിനു നേരെ മുകളിലായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ദേവാലയം ഒറ്റനോട്ടത്തിൽ വായുവിൽ തനിയെ നിൽക്കുകയാണെന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ ബാൽഡോ മലയുടെ വശത്തെ പാറ ഇടുക്കിലാണ് പള്ളി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ആയിരം വർഷങ്ങൾക്ക് മുൻപു തന്നെ ആളുകൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനുമായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം.1500 കളിലാണ് ദേവാലയവുമായി ബന്ധപ്പെട്ട ആദ്യത്തെ കെട്ടിടം നിർമ്മിക്കപ്പെട്ടത്. എങ്കിലും അക്കാലത്തും കീഴ്ക്കാംതൂക്കായ മലഞ്ചെരുവിലൂടെ ഏറെ പ്രയാസപ്പെട്ട് സഞ്ചരിച്ചാണ് ആളുകൾ ഇവിടെ എത്തിയിരുന്നത്. പിന്നീട് നദി കടക്കുന്നതിനായി ഒരു പാലവും പള്ളിയിരിക്കുന്ന പ്രദേശത്തേക്ക് എത്തുന്നതിനായി പടവുകളും നിർമ്മിച്ചു. അതിനു ശേഷം പല നൂറ്റാണ്ടുകളിലായി ഓരോ ഭാഗമായി നിർമ്മിക്കപ്പെടുകയായിരുന്നു. ഗോഥിക് ആകൃതിയിലുള്ള കവാടം 1800 കളിലാണ് നിർമ്മിക്കപ്പെട്ടത്. 1982ൽ മൈനർ ബസിലിക്ക എന്ന പദവി പള്ളിക്ക് ലഭിച്ചു. 1988 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ സന്ദർശനം നടത്തിയതോടെ ഏറെ വ്യത്യസ്തമായ ഈ ദേവാലയത്തിന്റെ കീർത്തി വർദ്ധിക്കുകയും ചെയ്തു.സമുദ്രനിരപ്പിൽ നിന്നും 774 മീറ്റർ ഉയരത്തിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. കുരിശുമരണത്തിനു മുൻപായി യേശുക്രിസ്തു കയറിയത് എന്ന് വിശ്വസിക്കപ്പെടുന്ന സ്കാല സാന്ത പടവുകൾ ഇവിടെ പുനർ നിർമ്മിച്ചിട്ടുണ്ട്. വിശ്വാസികളും സഞ്ചാരികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഇവിടെ സന്ദർശനം നടത്താറുള്ളത്.രണ്ടു മണിക്കൂർ ഹൈക്കിങ് നടത്തിയും റോഡ് മാർഗ്ഗം അടുത്തുള്ള നഗരത്തിൽ എത്തിയ ശേഷം ഒരു കിലോമീറ്റർ നടന്നും പള്ളിയിൽ എത്താം. കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന 14 വെങ്കലപ്രതിമകളും വഴിയിൽ സ്ഥാപിച്ചിട്ടുണ്ട് എന്ന പ്രത്യേകതയും ദേവാലയത്തെ മനോഹരമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group