ക്രൈസ്തവര്‍ക്കെതിരെ ലോകത്തിൽ വര്‍ദ്ധിക്കുന്ന അക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണo : കെസിബിസി

ലോകത്തിൽ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണമെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. നൈജീരിയയില്‍ ഇക്കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച്ച അത്യന്തം വേദനാജകമാണെന്ന്‍ കെ‌സി‌ബി‌സി പ്രസ്താവിച്ചു.

അനുദിനമെന്നോണം ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണ്. ഇത്തരം ഭീഷണികളില്‍ നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് ചില സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്. ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തെ സമാധാനകാംഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവം മാധ്യമങ്ങള്‍ക്ക് ഉണ്ടാകണം. പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബ്ബലരോട് പക്ഷം ചേരുവാനും,മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തനങ്ങളെയും തുടച്ചു നീക്കുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. ലോകവ്യാപകമായി നടത്തപ്പെടുന്ന ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുവാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group