പ്രമുഖ ആരാധനക്രമ ദൈവശാസ്ത്രജ്ഞനും തലശേരി അതിരൂപതാംഗവുമായ റവ. ഡോ. തോമസ് മണ്ണൂരാംപറമ്പലിനെ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. സീറോ മലബാർ സഭയുടെ നിലവിലുള്ള വിശുദ്ധ കുർബാനക്രമത്തിന്റെ തക്സാ രൂപീകരിക്കുന്നതിൽ വലിയ സംഭാവന നൽകിയ അറിയപ്പെടുന്ന ആരാധനക്രമ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമാണ് ഡോ. മണ്ണൂരാംപറമ്പിൽ.
പാലായിൽ മണ്ണൂരാംപറമ്പിൽ തോമസ്-മേരി ദമ്പതികളുടെ മകനായി 1942 നവംബർ 11നാണ് അദ്ദേഹം ജനിച്ചത്. എസ്എച്ച് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായിരുന്ന വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചൻ അദ്ദേഹത്തിന്റെ മാതൃസഹോദരനാണ്.
1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയൽ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായും നീർവാരം, ചുണ്ടപ്പറമ്പ്, വെമ്പുവ, പുളിങ്ങോം ഇടവകകളിൽ വികാരിയായും സേവനം ചെയ്തതിനു ശേഷം 1974ൽ റോമിലെ സാൻ അൻസലേം യൂണിവേഴ്സിറ്റിയിൽ നിന്ന് ആരാധനക്രമത്തിൽ സീറോ മലബാർ സഭയുടെ അനാഫൊറായെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ, ഫ്രഞ്ച്, ലാറ്റിൻ, സുറിയാനി, സ്പാനിഷ് എന്നീ ഭാഷകളിൽ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ട്. 1981ൽ പഠനം പൂർത്തിയാക്കിയെത്തിയ അദ്ദേഹം സുറിയാനി ഭാഷയിലുള്ള പട്ടക്രമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. തലശേരി മൈനർ സെമിനാരിയിലും തുടർന്ന് 1983 മുതൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും അധ്യാപകനായി പ്രവർത്തിച്ചു. ദീർഘകാലം സെമിനാരി പ്രഫസറായിരുന്നു.
നൂറോളം പുസ്തകങ്ങളും എഴുനൂറോളം ലേഖനങ്ങളും രചിച്ചിട്ടുള്ള ഡോ. മണ്ണൂരാംപറമ്പിൽ ഈസ്റ്റ് സിറിയൻ ലിറ്റർജിയിൽ ലോകം ആദരിക്കുന്ന പണ്ഡിതനാണ്. സഭയുടെ വിവിധ കമ്മീഷനുകളിൽ അംഗമായിരുന്ന അദ്ദേഹം സീറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം സേവനം ചെയ്തു. കത്തോലിക്കാ സഭയിൽ അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി നൽകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group