സി.എ.എ പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ, വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍.

വ്യാപക എതിർപ്പുകള്‍ക്കിടയില്‍ നാലു വർഷം മുൻപ് പാർലമെന്‍റില്‍ പാസാക്കിയെടുത്ത നിയമഭേദഗതിയുടെ ചട്ടങ്ങളാണ് തെരഞ്ഞെടുപ്പു വേളയില്‍ വിഭാഗീയ അജണ്ട കൂടിയായി പ്രാബല്യത്തില്‍ വന്നത്.

മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മതാടിസ്ഥാനത്തില്‍ ഇന്ത്യൻ പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തെ വിവാദത്തിലാക്കിയത്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ അയല്‍പക്ക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മതിയായ രേഖകളില്ലാതെതന്നെ 2014 ഡിസംബർ 31നു മുൻപ് കുടിയേറിയ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം അനുവദിക്കാനാണ് നിയമവ്യവസ്ഥ.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ മതവിഭാഗത്തില്‍പെട്ടവർക്കാണ് ഇങ്ങനെ പൗരത്വം നല്‍കുന്നത്. യാത്രാ രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയ വർഷം അപേക്ഷകർ സ്വമേധയാ രേഖപ്പെടുത്തണം. അപേക്ഷകരോട് ഒരു രേഖയും ചോദിക്കില്ല. ഇത്തരത്തില്‍ പൗരത്വം നല്‍കുന്നതിന്‍റെ വ്യവസ്ഥകളും നടപടിക്രമങ്ങളുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച വൈകീട്ട് വിജ്ഞാപനം ചെയ്തത്.

മോദിസർക്കാർ രണ്ടാമതും അധികാരത്തില്‍ വന്നതിനു പിന്നാലെ, 2019 ഡിസംബറിലാണ് പൗരത്വ നിയമഭേദഗതി ബില്‍ പാർലമെന്‍റില്‍ പാസാക്കിയത്. പിന്നാലെ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. എന്നാല്‍, വിവേചനപരമായ നിയമവ്യവസ്ഥകള്‍ക്കെതിരെ നൂറിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് ഉയർന്നത്. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ കൂട്ടിക്കുഴക്കാനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗിക്കാനുമുള്ള സാധ്യതയെക്കുറിച്ച് കടുത്ത ആശങ്ക പ്രതിഷേധത്തിന്‍റെ ആക്കം കൂട്ടി. അതേസമയം, കോവിഡ്കാല നിയന്ത്രണങ്ങള്‍ പ്രക്ഷോഭത്തിന്‍റെ തീവ്രത നേരിടാൻ സർക്കാറിനെ സഹായിച്ചു.

പാർലമെന്‍റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ചു കഴിഞ്ഞാല്‍, നിയമം നടപ്പാക്കുന്നതിന്‍റെ ചട്ടങ്ങള്‍ ആറു മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥ. എങ്കിലും കടുത്ത എതിർപ്പുകള്‍ക്കിടയില്‍ ചട്ടവിജ്ഞാപനം പലവട്ടം സഭാസമിതിയുടെ അനുമതി തേടി കേന്ദ്രം നീട്ടിക്കൊണ്ടു പോയി. ഇതിനിടയില്‍ പൗരത്വ അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്.

1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം നല്‍കാൻ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, യു.പി, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ ഒൻപതു സംസ്ഥാനങ്ങളിലെ 30 ജില്ലാ മജിസ്ട്രേറ്റുമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും കേന്ദ്രം കഴിഞ്ഞ രണ്ടു വർഷങ്ങള്‍ക്കിടയില്‍ അനുമതി നല്‍കിയിട്ടുണ്ട്. കുടിയേറ്റക്കാർ കൂടുതലായി താമസിക്കുന്ന ജില്ലകളാണ് ഇവ. ജില്ലാതല ഉന്നതാധികാര സമിതിയുടെ പരിശോധനക്കു വിധേയമായി ജില്ല മജിസ്ട്രേറ്റാണ് അനുമതി നല്‍കുക.

2021 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബർ 31 വരെയുള്ള കാലയളവില്‍ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 1,414 മുസ്ലിം ഇതര മതവിഭാഗക്കാർക്ക് 1955ലെ പൗരത്വ നിയമ പ്രകാരം പൗരത്വം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടില്‍ വിശദീകരിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m