ക്രിമിനൽ സംഘങ്ങളുടെ അക്രമങ്ങൾക്ക് ഇരകളായ കുട്ടികൾക്ക് രക്ഷകയായി സന്യാസിനി

ഹെയ്തിയിൽ സായുധ ക്രിമിനൽ സംഘങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുമ്പോൾ അവിടെ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കിടയിൽ സേവനമനുഷ്ഠിച്ച് അവർക്ക് വേണ്ട സഹായം ചെയ്യുകയാണ് ഫ്രഞ്ച് മിഷനറിയായ സന്യാസിനി. തെരുവുകളിലും ജയിലുകളിലും കഴിയുന്ന കുട്ടികൾക്ക് ഭൗതികവും ആത്മീയവുമായ പിന്തുണ നൽകുന്നത് സിസ്റ്റർ പേസി എന്നറിയപ്പെടുന്ന സിസ്റ്റർ ക്ലെയർ ജോയേൽ ഫിലിപ്പാണ്.

സിസ്റ്റർ പേസി സ്ഥാപിച്ച ‘കിസിറ്റോ ഫാമിലി അസോസിയേഷൻ’ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസ് അതിരൂപതയിൽ സമർപ്പിതരായ സന്യാസിനിമാരിലൂടെയും വൈദികരിലൂടെയും സാധാരണക്കാരിലൂടെയും ചെയ്യുന്നത്.

ഹെയ്തിയിലെ അങ്ങേയറ്റം അക്രമാസക്തമായ സാഹചര്യത്തിൽ വളരുന്ന കുട്ടികളുടെ ഇടയിലാണ് സിസ്റ്റർ പേസിയും സഹമിഷനറിമാരും പ്രവർത്തിക്കുന്നത്.

മാർച്ച് ആദ്യം ക്രിമിനൽ സായുധ അംഗങ്ങൾ രാജ്യത്തെ ഏറ്റവും വലിയ രണ്ട് ജയിലുകൾ ആക്രമിക്കുകയും 5,400 ഓളം തടവുകാരെ മോചിപ്പിക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു. അക്രമങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നിരവധി സർക്കാർ സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തു. ഇത് ദ്വീപ് രാജ്യത്ത് കർഫ്യൂവും അടിയന്തരാവസ്ഥയും പ്രഖ്യാപിക്കാൻ അധികാരികളെ നിർബന്ധിതരാക്കി.

തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിന്റെ 80% പ്രദേശവും ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്. ഇത് വർഷങ്ങളായി നടക്കുന്നുണ്ടെന്നും എന്നാൽ ഈ സംഘങ്ങളുടെ ശക്തി ഈയിടെയായി വളർന്നുവെന്നും തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ക്രിമിനൽ സംഘങ്ങൾ ഈയിടയായി ഐക്യപ്പെട്ടുവെന്നും സിസ്റ്റർ പേസി അഭിപ്രായപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group