മാതാവ് പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തെക്കുറിച്ചുള്ള സഭാ തീരുമാനം പരസ്യപ്പെടുത്തി വത്തിക്കാൻ

ആംസ്റ്റർഡാമിൽ പരിശുദ്ധ അമ്മ “എല്ലാ ജനതകളുടെയും മാതാവ്” എന്ന പേരിൽ പ്രത്യക്ഷപ്പെട്ടു എന്ന അവകാശവാദത്തിന്മേൽ വിശ്വാസതിരുസംഘം നടത്തിയ പ്രതികൂലവിധി പരസ്യമാക്കി വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി.

1945 മാർച്ച് 25-ന് പരിശുദ്ധ അമ്മ “എല്ലാ ജനതകളുടെയും മാതാവ്” എന്ന പേരിൽ തനിക്ക് പ്രത്യക്ഷപ്പെട്ടുവെന്ന ആംസ്റ്റർഡാമിലുള്ള ഈട പീഡർമാൻ എന്ന വനിതയുടെ അവകാശവാദത്തിനെതിരെയാണ് അന്നത്തെ “വിശ്വാസതിരുസംഘം” വിധി പറഞ്ഞിരുന്നത്. പരിശുദ്ധ അമ്മ ആംസ്റ്റർഡാമിൽ പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, അവിടെ അമാനുഷികമായ ഒന്നും കാണുന്നില്ല” എന്നായിരുന്നു 1974 മാർച്ച് 27-ആം തീയതി വിശ്വസതിരുസംഘം ഏകകണ്ഡേന നൽകിയ വിധി. 1974 ഏപ്രിൽ 5-ആം തീയതി പോൾ ആറാമൻ പാപ്പാ ഈ വിധി സ്ഥിരീകരിച്ചിരുന്നു. ജൂലൈ 11 വ്യാഴാഴ്ച നൽകിയ ഒരു പത്രക്കുറിപ്പിലൂടെയാണ് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടൽ ഉണ്ടായെന്ന അവകാശവാദത്തെ ഹനിക്കുന്ന ഈ വിധിയെക്കുറിച്ച് വത്തിക്കാൻ ഡികാസ്റ്ററി പരസ്യമായ വിശദീകരണം നൽകിയത്.

ഫ്രാൻസിസ് പാപ്പാ അടുത്തിടെ നടത്തിയിരുന്ന രണ്ടു പ്രസ്‌താവനകൾ ഈയവസരത്തിൽ ശ്രദ്ധേയമാണ്. 2020 ഏപ്രിൽ മാസം മൂന്നാം തീയതി, സാന്താ മാർത്ത ഭവനത്തിൽ വിശുദ്ധ ബലിമധ്യേ നൽകിയ പ്രസംഗത്തിൽ, “പരിശുദ്ധ അമ്മ യേശുവിൽനിന്ന് ഒരു പദവിയും എടുത്തുമാറ്റാൻ ശ്രമിച്ചിരുന്നില്ല എന്നും, “ഒരു സഹരക്ഷകയോ, അതിനു തുല്യയോ ആകാൻ അവൾ ആവശ്യപ്പെട്ടിട്ടില്ല” എന്നും, “രക്ഷകൻ ഒരാളേയുള്ളൂ” എന്നും “ഈയൊരു തലക്കെട്ട് ഇരട്ടിക്കപ്പെട്ടിട്ടില്ല” എന്നും ഉദ്ബോധിപ്പിച്ചിരുന്നു. “ക്രിസ്തുവാണ് ഏക രക്ഷകൻ എന്നും, ക്രിസ്തുവിനോടുകൂടി മറ്റൊരു സഹരക്ഷകൻ ഇല്ലെന്നും” 2021 മാർച്ച് 24-ആം തീയതി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ ആവർത്തിച്ചിരുന്നു.

പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം സംബന്ധിച്ച് വിശ്വസതിരുസംഘം പുറപ്പെടുവിച്ച നിർണ്ണായകവിധി, 2024 ജൂലൈ 11 വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനം പരസ്യപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസം വരെ, അമാനുഷികമായ പ്രതിഭാസങ്ങൾ സംബന്ധിച്ചുള്ള സമഗ്രമായ വിധികൾ പൊതുവായി പരസ്യപ്പെടുത്തുന്ന പതിവില്ലായിരുന്നു. പ്രാദേശിക രൂപതയിലെ മെത്രാന്മാർക്കായിരുന്നു ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറുക. ചുരുക്കം ചിലയവസരങ്ങളിൽ മാത്രമാണ് പൊതുവായ ചില പ്രസ്താവനകൾ ഇത്തരം വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡികാസ്റ്ററി നൽകിയിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group