തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവരും.
വൈകിട്ട് മൂന്നിന് സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുമെന്നാണ് കേള്‍ക്കുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ റിപ്പോർട്ടില്‍ ഉണ്ടാകില്ല. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.എ.എ അബ്ദുള്‍ ഹക്കീം റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടതല്ലാതെ ഒരു വിവരവും മറച്ചുവെക്കരുതെന്നും കമ്മിഷൻ നിർദേശിച്ചു. ഉത്തരവ് പൂർണമായി നടപ്പാക്കിയെന്ന് സർക്കാർ സെക്രട്ടറി ഉറപ്പാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനെതിരെ മാധ്യമങ്ങളും മറ്റ് അസോസിയേഷനുകളും വിവരാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല എന്നിവർ കമ്മീഷനിലെ അംഗങ്ങളായിരുന്നു.
നടിമാരുള്‍പ്പെടെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും സമിതി പഠിച്ചു. മുൻനിര നായികമാർ മുതല്‍ സാങ്കേതിക മേഖലയില്‍ പ്രവർത്തിക്കുന്ന സ്ത്രീകള്‍ വരെ സമിതിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. റിപ്പോർട്ടിൻ്റെ പേജ് 49-ലെ ഖണ്ഡിക 96, പേജ് 81 മുതല്‍ 100 വരെയുള്ള ഖണ്ഡികകള്‍ 165 മുതല്‍ 196 വരെ, അനുബന്ധം എന്നിവ വെളിപ്പെടുത്തലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന് പിന്നാലെയാണ് ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m