ഉക്രൈൻ സന്ദർശനം തന്നിൽ അവശേഷിപ്പിച്ചത് ഹൃദയഭേദകമായ ഓർമ്മകൾ : കർദ്ദിനാൾ പരോളിൻ

കഴിഞ്ഞ രണ്ടരവർഷങ്ങളോളമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഉക്രൈൻ ഏറ്റുവാങ്ങുന്ന മുറിവുകൾ ഉണങ്ങാൻ ദീർഘനാളുകൾ വേണ്ടിവരുമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈനിൽ നടത്തിയ സന്ദർശനത്തിന്റെ അവസരത്തിൽ, വത്തിക്കാൻ മീഡിയയ്ക്കായി ഫാ. മാരിയൂഷ് ക്രാവിയെസിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കർദ്ദിനാൾ പരോളിൻ.

ഉക്രൈനിലേക്കുള്ള തന്റെ യാത്രയിൽ തന്റെ ഹൃദയത്തെ പ്രത്യേകമായി സ്പർശിച്ചത്, തങ്ങളുടെ മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയഭേദകമായ അവസ്ഥയാണെന്ന് വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ കർദ്ദിനാൾ പരോളിൻ വത്തിക്കാൻ മീഡിയയോട് പറഞ്ഞു. ആക്രമണങ്ങളിൽ മരണമടഞ്ഞ നിരവധിയാളുകളുടെ മൃതശരീരം പോലും തിരികെ ലഭിച്ചിട്ടില്ലെന്നും, മനുഷ്യാന്തസ്സിനു യോജിച്ച മൃതസംസ്കാരം ലഭിക്കുക എന്നത് അവകാശമാണെന്ന് ക്രൈസ്തവചിന്ത നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പ്രസ്‌താവിച്ചു. യുദ്ധത്തിൽ അംഗഭംഗം നേരിട്ടവരുടെയും, വികലാംഗരായവരുടെയും കാര്യം എടുത്തു പറഞ്ഞ കർദ്ദിനാൾ പരോളിൻ, യുദ്ധങ്ങൾ ജീവിതത്തിലും, ശരീരത്തിലും സമൂഹത്തിലും നീചമായ അടയാളങ്ങളാണ് ശേഷിപ്പിക്കുകയെന്ന് ഓർമ്മപ്പിച്ചു.

യുദ്ധങ്ങളെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുനിറുത്തുക എന്നതാണ് ഈ കാലത്തെ പ്രധാന ആവശ്യം എന്ന് പറഞ്ഞ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, മറക്കപ്പെട്ട മറ്റൊരു സംഘർഷമായി ഇത് അവസാനിക്കരുതെന്ന് ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m