കാര്‍ഷിക നിയമങ്ങളിലെ അവ്യക്തതകൾ കേന്ദ്ര സർക്കാർ പരിഹരിക്കണം കെസിബിസി ശൈത്യകാല സമ്മേളനം

The Central Government should resolve the ambiguities in the agricultural laws; KCBC Winter Conference.

കൊച്ചി: ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമരം കര്‍ഷകരുടെ ആശങ്കകളാണ്‌ പ്രതിഫലിപ്പിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഭാവിയെക്കുറിച്ചുള്ള ചിന്ത കര്‍ഷകരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നുമുള്ള പുതിയ കണ്ടെത്തലുമായി കെസിബിസിയുടെ ശൈത്യകാല സമ്മേളനം. ഒരു കര്‍ഷക സൗഹൃദരാജ്യമായി ഇന്ത്യയെ വളർത്തിയെടുക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപംകൊടുക്കണമെന്നും പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചു. കാർഷികമേഖലയ്ക്കും കർഷകർക്കും കൂടുതൽ അനുയോജ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു.

കര്‍ഷക സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളെ അതീവ ഗൗരവത്തോടെ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കിടയിൽ വ്യക്തമായ ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം
അഭിപ്രായപ്പെട്ടു. ഇന്നാട്ടിലെ സാധാരണ കര്‍ഷകരുടെ ജീവിതം തകര്‍ന്നടിയാതെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിന്റേതാണെന്നും വന്‍കിട കമ്പനികളുടെ കാർഷികമേഖലയിലേക്കുള്ള കടന്നുകയറ്റം ഇന്ത്യയിലെ കര്‍ഷകരില്‍ 86 ശതമാനം വരുന്ന ചെറുകിട നാമമാത്ര കര്‍ഷകരെ കൂടുതൽ ദുരിതത്തിലാഴ്ത്താന്‍ സാധ്യതയുണ്ടെന്നുമുള്ള വിദഗ്ദരുടെ മുന്നറിയിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവകരമായി പരിഗണിക്കണമെന്നും മെത്രാന്‍ സമിതി അഭ്യർത്ഥനയിൽ കൂട്ടിച്ചേർത്തു. പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെസിബിസി പ്രസ്താവനയില്‍ കേന്ദ്രസര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group