ഉരുൾപൊട്ടൽ ഇരകളുടെ പുനരധിവാസത്തിന് സ്ഥലവും വീടും വീട്ടുപകരണങ്ങളുമടക്കം നൽകാൻ പദ്ധതിയൊരുക്കും : കെസിബിസി

വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ഇരയായവരുടെ വിപുലമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി കെസിബിസി.

ദീപികയും കെസിബിസിയും ചേർന്നു നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി സംബന്ധിച്ച് കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിപുലമായ പുനരധിവാസ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കിയത്.

ദുരിതബാധിതരെ സഹായിക്കാൻ മാനന്തവാടി രൂപത കർമപദ്ധതി തയാറാക്കിയതായി മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും അറിയിച്ചു. മാനന്തവാടിക്കടുത്ത് എട്ടേക്കർ ഭൂരഹിതർക്കായി നൽകാൻ തയാറാണ്. 50 വീടുകളും നിർമ്മിച്ചു നൽകും. കൂടാതെ 200 കുടുംബങ്ങൾക്ക് 30,000 രൂപ വിലവരുന്ന വീട്ടുപകരണങ്ങളടങ്ങുന്ന കിറ്റ് നൽകുമെന്നും മാർ ജോസ് പൊരുന്നേടം അറിയിച്ചു.

ഭവനരഹിതർക്ക് വീടുവയ്ക്കാൻ ഭൂമി നൽകുമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ യോഗത്തിൽ അറിയിച്ചു. വിലങ്ങാട് 50 വീടുകളുടെ നിർമാണത്തിൽ സഹകരിക്കുമെന്ന് താമരശേരി ബിഷപ്പ് മാർ റെമിജി യോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പൂർണമായി തകർന്ന 14 വീടുകൾ നിർമിച്ചു നൽകുകയും ബാക്കിയുള്ളവയുടെ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യും. കേരള സോഷ്യൽ സർവീസ് ഫോറം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കാരിത്താസ് ഇന്ത്യയും സംരംഭത്തിൽ സഹകരിക്കും. എല്ലാ രൂപതകളുടെയും സഹകരണം ഉറപ്പാക്കി അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെടാനും കൗൺസലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധിക്കാനും യോഗം തീരുമാനിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m