ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ പഠന റിപ്പോർട്ട് സമർപ്പിച്ചിട്ട് 15 മാസം പിന്നിട്ടിട്ടും റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തിറക്കാതെ ഭരണസംവിധാനങ്ങൾ ഒളിച്ചോടുന്നത് നിർഭാഗ്യകരമാണെന്നും റിപ്പോർട്ട് അടിയന്തരമായി വെളിച്ചത്തു കൊണ്ടുവരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി. സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
2020 നവംബറിൽ പ്രഖ്യാപിച്ച ജെ. ബി. കോശി കമ്മീഷൻ, 2023 മെയ് 17-ന് മുഖ്യമന്ത്രിക്ക് ക്രൈസ്തവ പഠന റിപ്പോർട്ട് സമർപ്പിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് നിർദേശങ്ങൾ സമർപ്പിക്കാൻ കത്തുകളയച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് തുടർനടപടികൾക്കായി ചീഫ് സെക്രട്ടറി ഉൾപ്പെടെ മൂന്നംഗ സമിതിയെ 2024 ഫെബ്രുവരിയിൽ നിയമിച്ചു. ക്ഷേമപദ്ധതികൾ സംബന്ധിച്ച് പഠനം തുടരുകയാണെന്ന് നിയമസഭയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ആവർത്തിച്ചു പ്രഖ്യാപിച്ചു. എന്നിട്ടും റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടാത്തതെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്തത് ആക്ഷേപകരമായ വൻവീഴ്ചയും ഉത്തരവാദിത്വമില്ലായ്മയുമാണ്.
കേരളത്തിലെ ക്രൈസ്തവസമൂഹം ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ക്രൈസ്തവസ്ഥാപനങ്ങളിലേക്കും വിശ്വാസിസമൂഹത്തിലേക്കുമുള്ള ബാഹ്യശക്തികളുടെ കടന്നുകയറ്റവും തീവ്രവാദ അജണ്ടകളും നിസാരവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m