സഭയുടെ പൈതൃകങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട് : മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

സീറോ മലബാര്‍ സഭയുടെ ആരാധനക്രമവും പാരമ്പര്യങ്ങളും കടുകിട നഷ്ടപ്പെടാതെ സംരക്ഷിക്കുവാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ടെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നാടോടുമ്പോള്‍ നടുവെ ഓടുന്ന സംവിധാനമല്ല സഭയുടേത്. നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരുപാട് പൈതൃകങ്ങള്‍ നിറഞ്ഞിരിക്കുന്ന പൈതൃകപ്പെട്ടിയാണ് നമ്മുടെ സഭ. പരിശുദ്ധ സിംഹാസനത്തിന്‍റെ മുദ്രചാര്‍ത്തി ഈ പൈതൃകങ്ങള്‍ സംരക്ഷിക്കുവാനും തലമുറകളിലേക്കു കൈമാറുവാനുമാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായിരിക്കുന്നത് – അദ്ദേഹം പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാനമായി ബര്‍മിംഗ്ഹാമില്‍ ഓള്‍ഡ് ഓസ്കോട്ഹില്ലില്‍ (Old Oscott Hill 99, B44 9SR) വാങ്ങിയ “മാർ യൗസേഫ് പാസ്റ്ററൽ ഹൗസിൻ്റെ” ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള കൃതജ്ഞതാബലി മധ്യേയുള്ള പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സഭയെ ഓർമ്മിപ്പിച്ചത്.

ബ്രിട്ടനില്‍ കത്തോലിക്കാ സഭയുടെയും അനുബന്ധ സഭാസംവിധാനങ്ങളുടെയും അപര്യാപ്തതകൊണ്ടല്ല സീറോമലബാര്‍ സഭ ഇവിടെ സ്ഥാപിതമായിരിക്കുന്നത്. നമ്മുടെ സഭയുടെ വ്യക്തിത്വവും പാരമ്പര്യങ്ങളും ഒരുകാരണവശാലും നഷ്ടപ്പെടാതെ അതെല്ലാം സംരക്ഷിക്കപ്പെടണമെന്ന് പരിശുദ്ധ സഭയ്ക്ക് വലിയ ആഗ്രഹം ഉള്ളതിനാലാണ്.

വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞിട്ടും സുറിയാനി പാട്ടുകള്‍ വിശുദ്ധകുര്‍ബാനയില്‍ വേണമോ എന്ന് സംശയം ഉന്നയിക്കുന്നവരുണ്ട്. പഴയ വീട് ഇടിച്ചുകളഞ്ഞിട്ട് പുതിയ വീട് പണിയുന്നതു പോലെയല്ല സഭ. സഭയുടെ പൈതൃകങ്ങള്‍ കാലാതീതമായി നിലനില്‍ക്കേണ്ടതുണ്ട്. നമ്മളെ തമ്പുരാന്‍ ഏല്‍പ്പിച്ചത് സൂക്ഷിക്കുവാനും കുറവുകൂടാതെ നമ്മുടെ തലമുറകള്‍ക്ക് കൈമാറുവാനും നമുക്ക് കഴിയണം. നമ്മുടെ മുന്നോട്ടുള്ള വഴികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകാന്‍ സഭയുടെ കഴിഞ്ഞകാലങ്ങളെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും നമുക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം -അദ്ദേഹം പറഞ്ഞു.

വിശ്വാസസമൂഹത്തിന്‍റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും പ്രയത്നത്തിന്‍റെയും ഫലമാണ് രൂപതയുടെ ആസ്ഥാനത്തിനായി ഈ ഭവനം നമുക്ക് വാങ്ങുവാന്‍ സാധിച്ചത് എന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഇടയൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതപ്രസംഗത്തിൽ അനുസ്മരിച്ചു. രൂപതുയുടെ പ്രോട്ടോസെഞ്ചൂലസ് റവ ഫാ ആന്‍റണി ചുണ്ടെലക്കാട്ടില്‍ നന്ദി പറഞ്ഞു. പ്രോഗ്രാമുകൾക്ക് മിഷൻ കോർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. ഡോ മാത്യൂ പിണക്കാട്ട്, റവ. ഫാ. ജോ മാത്യൂ എന്നിവർ നേതൃത്വം നൽകി.

രൂപതാസ്ഥാനത്തിൻ്റെ ഉദ്ഘാടനത്തിനും വെഞ്ചരിപ്പ് ശുശ്രൂഷകൾക്കും സാക്ഷികളാകാൻ ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലുള്ള വിവിധ ഇടവകകള്‍, മിഷനുകൾ എന്നിവിടങ്ങളിൽ നിന്ന് നിരവധി വൈദികരും വിശ്വാസികളും എത്തിച്ചേർന്നിരുന്നു.

19-ാം നൂറ്റാണ്ടുമുതല്‍ ബ്രിട്ടീഷ് കാതോലിസിസത്തിന്‍റെ പ്രധാനകേന്ദ്രമായി ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രമുഖ നഗരമാണ് ബര്‍മിംഗഹാം. ഇവിടെ ഓള്‍ഡ് ഓസ്കോട്ട് ഹില്ലില്‍ 13,500 ചതുരശ്രയടി വിസ്താരമുള്ള കെട്ടിടത്തിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആസ്ഥാനം ഇനിമുതൽ പ്രവര്‍ത്തിക്കുക.

സിസ്റ്റേഴ്സ് ഓഫ് വിർജിൻ മേരി എന്ന സന്യാസിനി സമൂഹത്തിൻ്റെ പ്രവർത്തനങ്ങളായിരുന്നു ഇതുവരെ ഈ ഭവനത്തിൽ നടന്നിരുന്നത്. ആംഗ്ലിക്കൻ സഭയിൽ നിന്നും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു വന്ന കന്യാസ്ത്രീകൾക്കായി സെൻ്റ് സിസിലിയ ആബിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. 1.8 ഏക്കർ സ്ഥലവും കാർ പാർക്കും ഈ പ്രോപ്പർട്ടിയിൽ ഉൾപ്പെടുന്നു.

പ്രൊട്ടസ്റ്റൻ്റ് വൈദികനും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട പ്രമുഖ ദൈവശാസ്ത്രജ്ഞനുമായിരുന്ന കർദ്ദിനാൾ ന്യൂമാൻ്റെ പ്രവർത്തനകേന്ദ്രമായിരുന്നു ബർമിംഗ്ഹാമിലെ ഓൾഡ് ഓസ്കോട്ട് ഹിൽ. രൂപതയുടെ പുതിയ പാസ്റ്ററൽ സെൻ്ററിനോട് തൊട്ടടുത്തുള്ള മേരിവെയിൽ (old St Mary’s college renamed as Maryvale institute) സെമിനാരിയിലായിരുന്നു കർദ്ദിനാൾ ന്യൂമാൻ തൻ്റെ അവസാനകാലം വരെ താമസിച്ചത്.

ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് മുക്കാൽ ലക്ഷത്തോളം അംഗങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ രൂപത വളർന്നത്. കുടിയേറ്റക്കാരായി ഇവിടെയെത്തിയ സീറോ മലബാർ സഭാംഗങ്ങളുടെ പാരമ്പര്യവിശ്വാസങ്ങളും പ്രത്യേകിച്ച് ഇവിടെ വളർന്നു വരുന്ന പുതിയ തലമുറയുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനവും ലക്ഷ്യമാക്കി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും വിവിധ കമ്മീഷനുകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് യുണൈറ്റഡ് കിംഗ്ഡത്തിലുള്ള മുഴുവൻ മിഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലുള്ള വിവിധ സീറോ മലബാർ രൂപതകളിൽ നിന്നുള്ള 73 വൈദികരും ആറു കന്യാസ്ത്രീകളും രൂപതയിൽ സേവനം അനുഷ്ഠിക്കുന്നു. 5 ഇടവകകളും 70 മിഷനുകളും 20 പ്രെപ്പോസ്ഡ് മിഷനുകളും പ്രവർത്തിക്കുന്നു. മാർ റാഫേൽ തട്ടിൽ പിതാവിൻ്റെ അപ്പസ്തൊലിക സന്ദർശനത്തിൽ 17 പുതിയ മിഷനുകളാണ് സ്ഥാപിതമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m