ഓണാവധി കഴിഞ്ഞിട്ടും സംസ്ഥാനത്തെ 215 ഹൈസ്കൂളുകളിൽ പ്രധാനാധ്യാപകരില്ല

കല്‍പറ്റ: സ്കൂള്‍ തുറന്ന് നാലുമാസം പിന്നിട്ടിട്ടും സംസ്ഥാനത്തെ 215 സർക്കാർ ഹൈസ്കൂളുകളില്‍ ഇനിയും പ്രധാനാധ്യാപകരെ നിയമിച്ചില്ല.

1129 ഹൈസ്കൂളുകളുള്ള സംസ്ഥാനത്ത് 20 ശതമാനത്തോളം വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. തിരുവനന്തപുരം ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രധാനാധ്യാപകരുടെ ഒഴിവുണ്ടെങ്കിലും പാദവാര്‍ഷിക പരീക്ഷയും പൂര്‍ത്തിയാക്കി ഓണാവധിക്കുശേഷം സ്കൂളുകള്‍ തുറന്നിട്ടും നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുള്ളത് -42. കോട്ടയത്ത് 30ഉം എറണാകുളത്ത് 29ഉം ഹൈസ്കൂളുകളില്‍ പ്രധാനാധ്യാപകരില്ല. വയനാട്, കണ്ണൂർ ജില്ലകളില്‍ 23 വീതം ഒഴിവുകളാണുള്ളത്. സ്ഥാപന മേധാവികളായി സ്ഥാനക്കയറ്റത്തിന് അര്‍ഹരായ അധ്യാപകരെ അതത് അക്കാദമിക വര്‍ഷത്തിന് തൊട്ടുമുമ്ബുള്ള മാസങ്ങളില്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍, മേയ് മാസങ്ങളില്‍ നിയമിക്കുന്ന രീതിയാണ് നിലവിലുള്ളത്. ജൂണ്‍ മാസം സ്‌കൂള്‍ തുറക്കുന്നതിനു മുൻപേ പുതിയ പ്രധാനാധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും സ്കൂള്‍ പ്രവേശനോത്സവമടക്കം നടത്താനുമാണ് വേനലവധിക്കാലത്ത് നിയമനം പൂര്‍ത്തിയാക്കുന്നത്.

എം.എ. ഖാദര്‍ ചെയര്‍മാനായ വിദഗ്ധസമിതി റിപ്പോര്‍ട്ടിലും ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. അതത് ജില്ല വിദ്യാഭ്യാസ ഓഫിസർമാർ നല്‍കുന്ന പ്രമോഷൻ ലിസ്റ്റ് ഡയറക്ടർ ജനറല്‍ ഓഫ് എജുക്കേഷൻ (ഡി.ജി.ഇ) പരിശോധിച്ചശേഷം പ്രമോഷൻ കമ്മിറ്റിയാണ് അവസാന അംഗീകാരം നല്‍കേണ്ടത്. ജൂണ്‍ 15ന് പ്രധാനാധ്യാപകരുടെ ട്രാൻസ്ഫർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍, പ്രമോഷൻ നടപടികള്‍ പൂർത്തിയാക്കി ഒഴിവുകള്‍ നികത്താനുള്ള നടപടി ഉണ്ടായില്ല.

ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സംസ്ഥാനതലം വരെ വിവിധ മേളകള്‍ നടക്കും. കൂടാതെ സ്‌കൂളുകളിലെ പാഠ്യ -പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ ക്ലാസ് തല പരിശോധനയടക്കമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര പ്രവര്‍ത്തനങ്ങള്‍, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ സേവന-വേതന കാര്യങ്ങള്‍ എന്നിവക്കെല്ലാം സ്ഥാപനമേധാവിയുടെ സാന്നിധ്യം അത്യാവശ്യമാണ്. ഇതാദ്യമായാണ് സ്ഥാപന മേധാവിയുടെ കസേരകള്‍ ഇത്രയധികം ഒഴിഞ്ഞുകിടക്കുന്നത്. നിലവില്‍ പ്രധാനാധ്യാപകന്റെ ചുമതലയുള്ളയാള്‍ നേരത്തേയുള്ള ഉത്തരവാദിത്തത്തിനുപുറമെ വകുപ്പുതല യോഗങ്ങള്‍, മറ്റ് പരിശീലന പരിപാടികള്‍, സ്കൂളിലെ മറ്റ് ചുമതലകള്‍ തുടങ്ങിയവയും നിർവഹിക്കേണ്ട അവസ്ഥയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group