ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണ ജോർജ്

സംസ്ഥാനത്ത് ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്.

വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണ്. തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം.

ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാര്‍ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബര്‍ പ്ലാന്റേഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങള്‍, ചിരട്ടകള്‍ എന്നിവ ഉപയോഗിക്കാത്ത അവസരങ്ങളില്‍ കമിഴ്ത്തി വെക്കുകയോ അവയില്‍ മഴവെള്ളം കെട്ടി നില്‍ക്കാനുള്ള അവസരങ്ങള്‍ ഇല്ലാതെയാക്കുകയോ വേണം.

സ്വന്തം അധീനതയില്‍ അല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക/ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയോ മെഡിക്കല്‍ ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം. ആക്രി സാധനങ്ങള്‍ മൂടി സൂക്ഷിക്കുക. ശേഖരിച്ച്‌ വയ്ക്കുന്ന വെള്ളം അടച്ച്‌ സൂക്ഷിക്കുക. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിപ്പ് പ്രവര്‍ത്തിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച്‌ യോഗം ചേര്‍ന്ന് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍പ്പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കഠിനമായ പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാന്‍ സാധ്യതയുണ്ട്. മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല. വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യപ്രവര്‍ത്തകരുടെയോ ആശാവര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക. പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഇത് സഹായിക്കും.

കൊതുകിനെ സൂക്ഷിക്കുക

ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാര്‍ഗം. ഇക്കാര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം.

കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. എന്നാല്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം. കൊതുകുകള്‍ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉള്‍ഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറക്കാൻ ഉപകരിക്കും.

ധാരാളം വെള്ളം കുടിക്കുക

ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കുക. ക്ഷീണം മാറാനും നിര്‍ജലീകരണം ഒഴിവാക്കാനും പാനീയങ്ങള്‍ ഏറെ സഹായിക്കും. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ചികിത്സ തേടിയ ശേഷം പൂര്‍ണമായി വിശ്രമിക്കുക. മൂന്ന് ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group