കേരളം കേൾക്കണം… ആത്മഹത്യ ഒന്നിനും പരിഹാരമല്ല

നേർത്ത വിരലുകൾകൊണ്ട് ആത്മാവിനെ തൊട്ടുണർത്താൻ ഇന്ദ്രിയങ്ങൾക്കപ്പുറത്തു നിന്നും ഒരു സ്വ‌പ്നം പോലെ ഇനി നിനക്കു കടന്നു വരാം…

മരണത്തെ സ്വാഗതം ചെയ്‌കൊണ്ട് നന്ദിത കുറിച്ച വരികൾ.

ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ, വിശ്വപ്രസിദ്ധ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്വേ, ചിത്രകാരൻ വിൻസന്റ് വാൻഗോഗ്… ചരിത്രത്തിന്റെ ഇന്നലകളിലേക്ക് കണ്ണോടിച്ചാൽ പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടിയിൽ നിൽക്കുമ്പോഴും ആത്മഹത്യയിൽ അഭയം തേടിയ പ്രമുഖരുടെ ഒരു നിര തന്നെ കണ്ടെത്താൻ സാധിക്കും. ഇടപ്പള്ളി രാഘവൻ പിള്ളയും രാജലക്ഷ്മിയും മുതൽ ശോഭയും സിൽക്ക് സ്‌മിതയും പോലെ എത്രയോ പ്രതിഭകൾ സ്വയം മരണത്തിനു കീഴടങ്ങി നമ്മിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു.

പൊതുവേദിയിൽ ജനപ്രതിനിധിയാൽ അപമാനിതനായി സ്വയം മരണത്തിന് കീഴടങ്ങിയ എഡിഎം നവീൻ ബാബു സാംസ്കാരിക കേരളത്തിന് മുന്നിൽ എക്കാലവും ഒരു നോവായ് നിലനിൽക്കും. പ്രശസ്‌ത മനശാസ്ത്രജൻ ഡോ. സി. ജെ ജോൺ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത് ഇവിടെ പ്രസക്തമാണ്. “ജനകീയ നേതാവ് ചെയ്ത ബുള്ളിയിങ്ങ് മാതൃകാപരമല്ല. അപലപനീയമാണ്. അതുപോലെ ഉന്നത ഉദ്യോഗസ്ഥൻ ചെയ്‌തതും അനുകരണീയമല്ല. അനാഥമാക്കി പോകുന്ന സ്വന്തം കുടുംബത്തെ കുറിച്ചെങ്കിലും ഓർക്കണമായിരുന്നു. ആരോപണങ്ങളോട് പോരാടണമായിരുന്നു. ഈ പാഠങ്ങൾ കോപ്പി ക്യാറ്റ് പ്രവണതയുള്ളവർ ശ്രദ്ധിക്കുക. ഈ കോലാഹലത്തിനിടയിൽ ഈ പാഠങ്ങൾ മറന്ന് പോകുന്നുണ്ട്.”

ലോകത്ത് ആത്മഹത്യ പ്രവണത വർധിച്ചു വരുന്നു. എന്നാൽ ആത്മഹത്യ തടയാനുള്ള പ്രവർത്തനങ്ങൾ വേണ്ടത ഫലപ്രഥമല്ലെന്നാണ്
കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ 40 സെക്കൻഡിലും ഒരാൾ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്കെന്നു ലോകാരാഗ്യ സംഘടനയുടെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ളവരുടെ മരണത്തിൻ്റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്.

മാനസിക ആരോഗ്യപ്രശ്‌നങ്ങൾ, വിഷാദം, സമ്മർദ്ധം എന്നിവ അനുഭവിക്കുന്നവർക്കിടയിലും ലൈംഗിക അതിക്രമങ്ങൾ പീഡനങ്ങൾ എന്നിവക്ക് ഇരയാകുന്നവർ, ലഹരിയ്ക്കടിമയാകുന്നവർ എന്നിവരിലും ആത്മഹത്യ പ്രവണത കൂടുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആത്മഹത്യ മുനമ്പായിട്ടാണ് കേരളത്തിലെ പൊതുവേ വിലയിരുത്തുക. പോയവർഷം മലയാള നാട്ടിലെ ആത്മഹത്യകൾ എണ്ണായിരത്തി അഞ്ഞൂറിൽ നിന്നും ഒമ്പതിനായിരത്തി അഞ്ഞൂറ്റി നാല്പത്തിയൊമ്പതായി വർധിച്ചു. മുൻ വർഷവുമായി താരതമ്യപ്പെടുത്തുബോൾ പന്ത്രണ്ട് ശതമാനത്തിൻ്റെ കുതിച്ച് ചാട്ടം. നിരക്ക് ലക്ഷത്തിൽ ഇരുപത്തിനാലിൽ നിന്നും ഇരുപത്തിയാറ് ദശാംശം ഒമ്പതായി ഉയർന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു സമൂഹം എന്നനിലയിൽ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പരിചയവലയത്തിൽ ആർക്കെങ്കിലും ആത്മഹത്യാ പ്രവണതയുണ്ടെന്നു തോന്നിയാൽ മടികൂടാതെ അവരോട് കാര്യങ്ങൾ ചോദിച്ചറിയണം. മനസ്സുതുറന്നുള്ള സംസാരങ്ങൾ ആത്മഹത്യയെ ചെറുക്കാൻ സഹായിക്കും.

കടപ്പാട് : ഡോ. സെമിച്ചൻ ജോസഫ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m