ഡോക്ടറെ കാണേണ്ട, ആരോഗ്യ സ്ഥിതി ATM പറയും; ആശുപത്രികളില്‍ ‘ഹെല്‍ത്ത് എടിഎമ്മുകള്‍’ സ്ഥാപിക്കാൻ മഹാരാഷ്‌ട്ര സര്‍ക്കാര്‍

മുംബൈ: ആരോഗ്യ പ്രശ്‍നങ്ങള്‍ കണ്ടെത്തി ചികിത്സിക്കാൻ ടോക്കണ്‍ എടുത്ത് ക്യൂ നിന്ന് ഡോക്ടറെ കാണുന്ന രീതിയൊക്കെ മാറി.

മഹാരാഷ്‌ട്രക്കാർ ഇനി എടിഎമ്മിന് മുന്നില്‍ പോയിരുന്നാല്‍ മതി. നിങ്ങളുടെ ആരോഗ്യപ്രശ്‌നത്തിനുള്ള മരുന്നും കുറിപ്പടിയുമെല്ലാം കിട്ടും. സംസ്ഥാനത്തെ ആശുപത്രികളില്‍ ‘ക്ലിനിക്‌സ് ഓണ്‍ ക്ലൗഡ്’ എന്നറിയപ്പെടുന്ന ‘ഹെല്‍ത്ത് എടിഎമ്മുകള്‍’ സ്ഥാപിക്കാനൊരുങ്ങുകയാണ് മഹാരാഷ്‌ട്ര സർക്കാർ.

45 ഹെല്‍ത്ത് എടിഎമ്മുകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 25 കോടിയാണ് സർക്കാർ ബജറ്റില്‍ നിന്നും വകയിരുത്തിയത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 8 പ്രധാന സർക്കാർ ആശുപത്രികളിലാണ് മെഷീൻ സ്ഥാപിക്കുന്നത്. മുംബൈയിലെ കാമ ആശുപത്രിയിലും, നാഗ്പുർ, കോലാപ്പൂർ, ബാരാമതി, ചന്ദ്രപൂർ ഛത്രപതി സംഭാജിനഗർ, പൂനെ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലും എടിഎമ്മുകള്‍ സ്ഥാപിക്കും.

ശരീരഭാരം അളക്കാനും രക്തസമ്മർദം, കൊളസ്ട്രോള്‍, പള്‍സ് നിരക്ക്, താപനില, ഓക്സിജൻ സാച്ചുറേഷൻ തുടങ്ങിയ വിവിധ ആരോഗ്യ പരിശോധനകള്‍ക്ക് എടിഎം ഉപയോഗിക്കാം. പ്രമേഹം, മലേറിയ, ലിപിഡ് പ്രൊഫൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രക്ത പരിശോധന നടത്താനും ഇവ ഉപയോഗിക്കാം. മെഷീനുകള്‍ വൈഫൈ വഴി ബന്ധിപ്പിക്കാം. ഇതിലൂടെ രോഗികള്‍ക്ക് അവരുടെ റിപ്പോർട്ടുകള്‍ ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ലഭ്യമാക്കാം. ഇതിനായി രോഗി മെഷീനില്‍ മൊബൈല്‍ നമ്ബർ രജിസ്റ്റർ ചെയ്യണം. ഡോക്ടറുമായുള്ള വീഡിയോ കോണ്‍ഫറൻസ് വഴി നിർദ്ദേശം തേടാനുള്ള സൗകര്യവും മെഷീനിലുണ്ട്.

രണ്ട് വർഷം മുൻപാണ് ഹെല്‍ത്ത് എടിഎമ്മുകള്‍ക്ക് പ്രചാരം ലഭിച്ചു തുടങ്ങുന്നത്. ഉത്തർപ്രദേശിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ ആശുപത്രികളിലും 200 ല്‍ അധികം ഹെല്‍ത്ത് എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group