ബിജെപിക്ക് ഒരു എംഎല്‍എയെങ്കിലും ഉണ്ടായിരുന്നെങ്കില്‍…!!!

വഖഫ് ആക്ടിലെ കരിനിയമങ്ങളുടെ പേരിൽ പ്രതിസന്ധി നേരിടുന്ന മുനമ്പത്തെ ജനങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അരങ്ങു തകര്‍ക്കുകയാണ്. 1995ല്‍ നരസിംഹറാവുവിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന “വഖഫ് ആക്ടി”ലെ 40-ാം വകുപ്പില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണുള്ളതെന്നു പരസ്യമായിരിക്കുന്നു. തോന്നുന്നതുപോലെ തീരമാനമെടുക്കാന്‍ വഖഫ് ബോര്‍ഡിന് അനുമതി കൊടുക്കുന്ന നിയമമാണിതെന്നു നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പണംകൊടുത്തു വാങ്ങി കരമടച്ച് ജീവിക്കുന്ന പട്ടയമുള്ള ഭൂമിയില്‍ ഉടമസ്ഥന് അവകശങ്ങളൊന്നും ഇല്ലതാക്കാൻ ഈ നിയമത്തിനു കഴിയും. മുനമ്പത്തെ 600-ഓളം കുടുംബങ്ങളെയാണ് ഈ നിയമം  വഴിയാധാരമാക്കാന്‍ പോകുന്നത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലും സമാനനിലയിലുള്ള പ്രതിസന്ധിയിലേക്കു നീങ്ങുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ടെന്നും  പറയപ്പെടുന്നു.
വഖഫ് ആക്ടിലെ അനീതി തിരിച്ചറിഞ്ഞ നരേന്ദ്രമോദി കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തില്‍ കാതലായ ഭേദഗതി കൊണ്ടുവരുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനായി ജോയിന്‍റ് പാര്‍ലമെന്‍ററി കമ്മിറ്റിയെ നിയോഗിക്കുയും അവരുടെ പഠനങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഭേദഗതി കൊണ്ടുവരുവാനുമാണ്  സര്‍ക്കാര്‍ നീക്കം.  എന്നാല്‍ ഈ ഭേദഗതിക്കെതിരേ കേരളനിയമസഭ ഐകകണ്‍ഠ്യേന പ്രമേയം പാസാക്കിയത് കേരളരാഷ്ട്രീയത്തിൽ  കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
🟩 ക്രിസ്റ്റ്യൻ എം.എൽ.എമാരുടെ
വോട്ടുബാങ്ക് രാഷ്ട്രീയം
കേരള നിയമസഭയിലെ 140 ഇടത് -വലത് എംഎല്‍എ മാരില്‍ 25 പേര്‍ ക്രൈസ്തവരാണ്.  മുനമ്പത്തെ മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ കുടിയിറക്കു ഭീഷണിയെ അവഗണിച്ചുകൊണ്ട് വേട്ടക്കാരന്‍റെ കൂടെ നില്‍ക്കുന്ന ക്രൈസ്തവ എം.എല്‍.എമാരുടെ നിലപാട്  കടുത്ത പ്രതിഷേധത്തിനു വഴിവച്ചിട്ടുണ്ട്. “വഖഫ് നിയമത്തിലെ അനീതിയെക്കാളും കേരളസമൂഹത്തെ ഭയപ്പെടുത്തുന്നത്  മനുഷ്യത്വഹീനമായ നിയമങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന നിയമസഭാ സാമാജികരുടെ നിലപാടുകളാണെന്ന്” മുനമ്പത്തെ ജനങ്ങളുടെ കൂടനിൽക്കുന്നവർക്ക്  ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നു.
🟩 ബിജെപിക്ക് ഒരു എംഎല്‍എയെങ്കിലും ഉണ്ടായിരുന്നെങ്കിൽ…!!!
കേരളത്തിലെ ഒരു പ്രമുഖ യൂട്യൂബ് ചാനലില്‍ മുനമ്പം വിഷയത്തിൽ നടന്ന ചര്‍ച്ചയില്‍ കേട്ടത് “കേരള നിയമസഭയില്‍ ഒരു ബിജെപി എംഎല്‍എ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരു ഒറ്റയാള്‍ പോരാട്ടമെങ്കിലും ഉണ്ടാകുമായിരുന്നു” എന്നാണ്. വഖഫ് നിയമങ്ങളിലെ ചതിക്കുഴികള്‍ കണ്ടു തരിച്ചുനില്‍ക്കുന്ന ഓരോ വ്യക്തിയും ഈ നിലയില്‍ ചിന്തിച്ചുപോകും എന്നതില്‍ സംശയമില്ല. വോട്ടുബാങ്ക് ഉറപ്പിച്ചു നിർത്തി അധികാരത്തില്‍ നിലനില്‍ക്കുക എന്ന ലക്ഷ്യം  മാത്രമുള്ള ഇടത്, വലത് എംഎല്‍എമാരുടെ നിലപാടുകള്‍ക്കെതിരേ ക്രൈസ്ത പക്ഷത്തുനിന്നും മുമ്പെങ്ങും കാണാത്തവിധമുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്.
🟩ലാറ്റിൻ സഭയുടെ ”കൈപ്പത്തി ഭ്രാന്ത്”
മുനമ്പത്ത് ഇല്ലാതാകുമോ ?
“കൈപ്പത്തി ഭ്രാന്ത്” കൂടുതലുണ്ട് എന്ന് പറയപ്പെടുന്ന ലാറ്റിന്‍ കത്തോലിക്കാ സഭയിലെ അംഗങ്ങളാണ് മുനമ്പത്തെ ക്രൈസ്തവരില്‍ മഹാഭൂരിഭാഗവും. കോണ്‍ഗ്രസ് പാര്‍ട്ടി മുനമ്പം വിഷയത്തില്‍ സ്വീകരിച്ച ഇരട്ടത്താപ്പ് ലാറ്റിന്‍സഭ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. സഭയിലെ പ്രമുഖ വൈദികനും മുനമ്പം വിഷയത്തെ സംബന്ധിച്ചു ആധികാരികമായി സംസാരിക്കാന്‍ കഴിയുന്നവിധം ഈ വിഷയം പഠിച്ച റവ ഡോ ജോഷി മയ്യാറ്റിലിന്‍റെ പ്രതികരണം ലാറ്റിന്‍ സഭ വച്ചുപുലര്‍ത്തുന്ന പരമ്പരാഗത രാഷ്ട്രീയ നിലപാടുമാറ്റത്തിന്‍റെ പ്രതിഫലനമാണെന്ന് വിലയിരുത്തുന്നു. “1995ല്‍ വഖഫ് ആക്ട് പാസാക്കിയ കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടിയാണെന്ന” ഡോ മയ്യാറ്റിലിന്‍റെ പ്രതികരണത്തെ നിസ്സാരമായി കാണാന്‍ കഴിയില്ല. സഭയുടെ രാഷ്ട്രീയനിലപാടുകള്‍ക്കു കാര്യമായ മാറ്റം സംഭവിച്ചെന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍.
വരാപ്പുഴ ലാറ്റിന്‍ രൂപതയിലെ സഹായമെത്രാന്‍റെ നേതൃത്വത്തില്‍ ഒരുസംഘം വിശ്വാസികള്‍ മുനമ്പത്ത് സന്ദര്‍ശനം നടത്തി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ സമൂഹം നേരിടുന്ന നീതിനിഷേധങ്ങള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ പോകുന്ന വഖഫ് ബോര്‍ഡ് ഭേദഗതികളെ ലാറ്റിന്‍ സഭ പൂര്‍ണ്ണമായി പിന്തുണയ്ക്കുമെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ഇത് ലാറ്റിന്‍  സഭയുടെ രാഷ്ട്രീയ നിലപാടുമാറ്റത്തിന് ശക്തിപകരും എന്നതില്‍ സംശയമില്ല. “മുനമ്പത്തുള്ളവര്‍ക്ക് ഇടതിനെയും വലതിനെയും ഒരുപോലെ മടുത്തു” എന്നാണ് ഒരു ആക്ടിവിസ്റ്റ് പറഞ്ഞത്.
വഖഫ് നിയമങ്ങളുടെ പേരിൽ മുനമ്പത്തുകാരുടെ നിസ്സഹായാവസ്ഥ മലബാര്‍ തീരത്തുള്ള മുഴുവന്‍ ലാറ്റിന്‍ സമൂഹത്തിലും കാര്യമായ സ്വാധീനമുണ്ടാക്കാൻ  പര്യാപ്തമാണ്. മറ്റ് ക്രൈസ്തവ സഭകളേക്കാള്‍ ശക്തമായ സഭാബോധവും ആത്മബന്ധവും വച്ചുപുലര്‍ത്തുന്ന ലാറ്റിന്‍ ക്രൈസ്തവസമൂഹത്തിന്‍റെ കോണ്‍ഗ്രസ് അനുഭാവ രാഷ്ട്രീയ നിലപാടുകളിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
🟩 സീറോമലബാര്‍ സഭയുടെ പിന്തുണ
മുനമ്പം വിഷയത്തിന് സീറോമലബാര്‍ സഭയുടെ ശക്തമായ പിന്തുണ ലഭിക്കുന്നു എന്നത് ഈ വിഷയത്തിന് കൈവരാൻ പോകുന്ന രാഷ്ട്രീയ പ്രാധാന്യം വ്യക്തമാക്കുന്നു. പ്രത്യക്ഷത്തില്‍ മുനമ്പത്തെ ജനങ്ങളോടാണ് സഭയുടെ ഐകദാര്‍ഢ്യമെങ്കിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ആക്ട് പരിഷ്കരണത്തിന് നല്‍കുന്ന പിന്തുണയിലൂടെ കേരള നിയമസഭയുടെ തീരുമാനത്തെയാണ് സീറോ മലബാർ സഭയും  എതിര്‍ക്കുന്നത്. വഖഫ് നിയമ ഭേദഗതികൾ നടപ്പാക്കുവാൻ സീറോമലബാര്‍ സഭ ഔദ്യോഗികമായി പിന്തുണ നല്‍കി പ്രധാനമന്ത്രിക്ക് കത്തെഴുതിയതും ശ്രദ്ധേയമാണ്. തൃശ്ശൂര്‍, പാലാ രൂപതകളുടെ പിതാക്കന്മാര്‍ നേരിട്ടാണ് മുനമ്പം സന്ദര്‍ശിച്ചതും ജനങ്ങള്‍ക്കു പിന്തുണ നല്‍കിയതും. ക്രൈസ്തവ എംഎംല്‍എമാരുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സീറോമലബാര്‍ സഭ മുന്നോട്ടു വന്നത് കേരളാ കോൺഗ്രസ് ഉൾപ്പെടെയുള്ള  രാഷ്ട്രീയ പാർട്ടികളെ  ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.  ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ഒന്നര വര്‍ഷം കഴിഞ്ഞു കേരള നിയമസഭാ തെരഞ്ഞെടുപ്പും നടക്കാന്‍ പോകുന്നതിനാൽ സഭയുടെ നിലപാടുകൾ  തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കും എന്ന് എല്ലാവർക്കും അറിയാം.
🟩 “എങ്കില്‍ നമുക്കിനി  രാഷ്ട്രീയം പറയാം”
ദീപികയുടെ ശ്രദ്ധേയമായ മുഖപ്രസംഗം
കേരള ക്രൈസ്തവ സഭയുടെ മുഖപത്രമായ “ദീപിക”യില്‍ ഒക്ടോബര്‍ 28നു മുനമ്പം വിഷയത്തില്‍ എഴുതിയ മുഖപ്രസംഗം ഇതിനോടകം ദേശീയ ശ്രദ്ധ നേടുകയുണ്ടായി. “എങ്കില്‍ നമുക്കിനി  രാഷ്ട്രീയം പറയാം” എന്ന പരസ്യ രാഷ്ട്രീയനിലപാടു സ്വീകരിച്ചുകൊണ്ട് “ദീപിക” പറയുന്നു “എ​ൽ​ഡി​എ​ഫാ​ണോ യു.ഡി​എ​ഫാ​ണോ ബിജെ​പി​യെ സഹായിക്കാ​ൻ ഒ​ളി​സേ​വ നടത്തു​ന്ന​തെ​ന്ന ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ ഇ​രു​മു​ന്ന​ണി​കളും. അ​തേ​സ​മ​യം, വ​ഖ​ഫ് നിയ​മ​ത്തി​ന്‍റെ മുന​മ്പം ഇ​ര​ക​ളെ​യും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രെ​യു​മൊ​ക്കെ പി​ന്നി​ൽ​നി​ന്നു കുത്തി​യ ര​ണ്ടു മു​ന്ന​ണി​ക​ളും ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ൻ ജ​ന​ങ്ങ​ളെ നിർബ​ന്ധി​ക്കു​ക​യാ​ണ്”
എക്കണോമിക് ടൈംസ്, ദ വീക്ക്, ദ ഹിന്ദു എന്നീ ദിനപ്പത്രങ്ങള്‍ “ദീപിക”യുടെ എഡിറ്റോറിയലിനെ കത്തോലിക്കാ സഭയുടെ നിലപാടുമാറ്റമായിട്ടാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. കേരളത്തിലെ ക്രൈസ്തവസഭയോട് അടുക്കുവാനുള്ള ബിജെപിയുടെ പരിശ്രമങ്ങള്‍ക്ക് ഊർജ്ജം പകരുന്നതായിരിക്കും മുനമ്പം വിഷയം എന്നു പ്രമുഖ ദേശീയ മാധ്യമങ്ങളുടെ നിഗമനങ്ങള്‍ തെറ്റിപ്പോകാന്‍ സാധ്യതയില്ല. “ദീപിക”യുടെ മുഖപ്രസംഗം വായിച്ചവരുടെ പ്രതികരണങ്ങള്‍ ദേശീയമാധ്യമങ്ങളുടെ നിരീക്ഷണങ്ങളെ ശരിവയ്ക്കുന്നതാണ്.
🟩മുനമ്പത്തിന് എസ്.എൻ.ഡി.പി യുടെ
പിന്തുണ
“പൗരത്വഭേദഗതി നിയമം, ലക്ഷദ്വീപ് വിഷയം, മുത്തലാക്ക് നിരോധനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കാഷ്മിര്‍ പുനഃസംഘടന, വിവാഹപ്രായം ഏകീകരിക്കല്‍, മദ്രസ ബോര്‍ഡ് അസാധുവാക്കല്‍, വഖഫ് നിയമഭേദഗതി എന്നീ വിഷയങ്ങളില്‍ പ്രതികരിച്ച മറ്റ് സാമുദായിക സംഘടനകള്‍ മുനമ്പം വിഷയത്തില്‍ നിശ്ശബ്ദമായി നില്‍ക്കുന്നതു എന്തേ” എന്നൊരു ചോദ്യം ചില രാഷ്ട്രീയനിരീക്ഷകര്‍ ഉയര്‍ത്തന്നുണ്ട്. എന്നാല്‍ വഖഫ് നിയമത്തിലെ ക്രൂരത കൂടുതല്‍ തിരിച്ചറിയുന്ന മുറയ്ക്ക് മറ്റ് സാമുദായിക സംഘടനകളും മുന്നോട്ടു വരുമെന്ന് കരുതാം. “വഖഫ് നിയമങ്ങള്‍ ഭരണഘടനയിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്യുന്നു ” എന്ന എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന മുനമ്പം വിഷയത്തില്‍ ഉയര്‍ന്നുകേട്ട ആദ്യ സാമുദായിക സംഘടനാ നേതാവിന്‍റെ പ്രതികരണമായിരുന്നു. വരും ദിവസങ്ങളിൽ മറ്റു പല സംഘടനകളും മുനമ്പം വിഷയത്തിൽ മുന്നോട്ടു വന്നേക്കാം.
🟩 അഡ്വ ഷോൺ ജോർജിൻ്റെ
പരിശ്രമങ്ങൾ ഫലം കാണുമോ ?
മുനമ്പം വിഷയത്തെ രാഷ്ട്രീയമായി നേരിടുവാനും വഖഫ് നിയമങ്ങളിലൂടെ  പ്രതിസന്ധിയിലായിരിക്കുന്ന  ജനങ്ങളോടൊപ്പം ചേർന്നുനില്‍ക്കാനുമുള്ള  ബിജെപി നേതാവ് അഡ്വ ഷോണ്‍ ജോര്‍ജിന്‍റെ നീക്കങ്ങൾ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. ഷോണ്‍ ജോര്‍ജിന്‍റെ ഇടപെടലുകൾ തീരദേശങ്ങളിൽ ബിജെപിയുടെ മുന്നേറ്റത്തിന് വളരെ ഗുണകരമാകും. കെ.എം. മാണിക്കും ഉമ്മന്‍ ചാണ്ടിക്കും ശേഷം ക്രൈസ്തവസമൂഹത്തിനു രാഷ്ട്രീയമായി ആരു നേതൃത്വം നല്‍കും എന്നൊരു ചോദ്യം നിലനിന്നിരുന്നു. കേരളരാഷ്ട്രീയത്തില്‍ ഒഴിഞ്ഞുകിടന്ന ഈ കസേരയില്‍ അഡ്വ ഷോണ്‍ ജോര്‍ജിനെ അവരോധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണുകിട്ടിയ ഒരവസരം കൂടിയാണ് മുനമ്പം വിഷയം. ഇടതു വലതു മുന്നണികളിലുള്ള കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം കെട്ടടങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ക്രൈസ്തവപക്ഷത്തിനു പ്രതീക്ഷനല്‍കുന്നതാണ് അഡ്വ. ഷോണ്‍ ജോര്‍ജിന്‍റെ നിലപാടുകള്‍.
🟩വഖഫ് ആക്ട് കോൺഗ്രസിനെ
വീഴ്ത്തിയ വാരിക്കുഴിയാകുമ്പോൾ
വഖഫ് ഭേദഗതി വിഷയം കേരള നിയമസഭയില്‍ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെ ഇത് കടുത്ത പ്രതിസന്ധിയിലാക്കി. കോൺഗ്രസ് സർക്കാർ രൂപംകൊടുത്ത വഖഫ് ആക്ടിനെ  അനുകൂലിക്കാനോ പ്രതികൂലിക്കാനോ കഴിയാത്ത വിധത്തില്‍ ആശയക്കുഴപ്പത്തിലായത് കോൺഗ്രസ് പാർട്ടിയാണ്. ഒടുവിൽ, വലിയ വോട്ടുബാങ്കിനെ കൂടെനിര്‍ത്താന്‍ ചെറിയ വോട്ടുബാങ്കിനെ കോൺഗ്രസ് അവഗണിക്കുകയായിരുന്നു.  മതപ്രീണനത്തിലൂടെ ഏതുവിധേനയും രാഷ്ട്രീയത്തില്‍ നിന്നുപിഴയ്ക്കാന്‍ കോണ്‍ഗ്രസ് ചെയ്തുകൂട്ടുന്ന കുതന്ത്രങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കേരളനിയമസഭയില്‍ കണ്ടത്.
കേരളസമൂഹത്തെ രാഷ്ട്രീയമായും ജാതീയമായും വിഭജിച്ചുകൊണ്ട് നേട്ടമുണ്ടാക്കാനുള്ള എല്‍.ഡി.എഫ് തന്ത്രങ്ങളിലാണ് കോൺഗ്രസ് വീണത്. കേന്ദ്രം കൊണ്ടുവരുന്ന എല്ലാ ബില്ലുകളെയും എതിര്‍ക്കുന്ന ഇടതുപക്ഷത്തിന് ആ നിലയില്‍ വഖഫ് ഭേദഗതിയെയും എതിർത്തതിനു ന്യായവാദങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അതല്ല കോണ്‍ഗ്രസിന്‍റെ അവസ്ഥ. ഈ കാടന്‍ നിയമം കൊണ്ടുവന്നതും കോണ്‍ഗ്രസ്, അതിനെ ഇന്നും പിന്തുണയ്ക്കേണ്ട ഗതികേടിൽ ആയിരിക്കുന്നതും കോണ്‍ഗ്രസ്. “ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്‍ അസ്വീകാര്യമാണെങ്കില്‍ അതിന് ബദല്‍ ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണോ” എന്ന റവ ഡോ ജോഷി മയ്യാറ്റിലിന്‍റെ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.
മുനമ്പത്ത് അന്യാധീനപ്പെടുന്ന വ്യക്തികളുടെ സ്വത്തുക്കളുടെ പേരിലും ഇടതു വലതു മുന്നണികലുടെ ജാതിപ്രീണന രാഷ്ട്രീയത്തിന്‍റെ പേരിലും ഉണ്ടായേക്കാവുന്ന ക്രൈസ്തവരുടെ രാഷ്ട്രീയ നിലപാടുമാറ്റത്തിന് എത്രമേല്‍ ആഴവും വ്യാപ്തിയുണ്ടാകും എന്നത് രാഷ്ട്രീയകേരളം നിരീക്ഷിക്കുന്ന വസ്തുതയാണ്. വയനാട്, ചേലക്കര ഇലക്ഷനുകളില്‍ മുനമ്പം വിഷയം കാര്യമായ ചലനം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എന്നാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ  ഈ വിഷയത്തിനു ചലനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്.
വഖഫ് ആക്ടില്‍ കോണ്‍ഗ്രസ് പിടിച്ചിരിക്കുന്ന പുലിവാലില്‍നിന്ന് അവർ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും ക്രൈസ്തവസമൂഹത്തെ രാഷ്ട്രീയമായി ഏറെ ചിന്തിപ്പിക്കാനും “കൈപ്പത്തി ഭ്രാന്തില്‍”നിന്ന് വിടുവിക്കാനും ഈ ആക്ട് കാരണമായേക്കുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group