കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക

ജീവിതയാത്രയിൽ അനേകം കഷ്ടതകളും പ്രയാസങ്ങളും നമുക്ക് നേരിടേണ്ടിവന്നേക്കാം. എന്നാൽ ദൈവം നമ്മുടെ പക്ഷത്താണെങ്കിൽ ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല. ഏത് പ്രതിസന്ധികളുടെയും, ആകുലതയുടെയും നടുവിൽ, നാം ഓരോരുത്തർക്കും പറയാൻ പറ്റണം, കർത്താവ് എന്റെ വിമോചകൻ എന്ന്. ഹെബ്രായര്‍ 13 : 6 ൽ പറയുന്നു, നമുക്ക്‌ ആത്‌മധൈര്യത്തോടെ പറയാം: കര്‍ത്താവാണ്‌ എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാന്‍ കഴിയും? നാം ഒരോരുത്തർക്കും, ലോകത്തിന്റെ സാഹചര്യങ്ങളെ നോക്കാതെ, കർത്താവിലേയ്ക്ക് പൂർണ്ണ പ്രത്യാശയോടെ നോക്കാം.

ഈ ലോകത്തിൽ നീതിയുള്ളവരായി ജീവിക്കുമ്പോൾ പല പ്രശ്നങ്ങളും പരീക്ഷണങ്ങളും നമുക്ക് നേരിടേണ്ടി വന്നേക്കാം. എന്നാൽ കർത്താവ് നമ്മെ ശക്തീകരിച്ച് അവയിൽ നിന്നെല്ലാം നമ്മെ വിമോചിപ്പിച്ച് ആത്മീകമായും ഭൗതീകമായും നമ്മെ ഉയർത്തും. നമ്മുടെ വേദനകൾ അവന് നന്നായറിയാം. അതുകൊണ്ട് വിഷമഘട്ടങ്ങൾ വരുമ്പോൾ കർത്താവിൽ പൂർണ്ണമായും വിശ്വസിക്കുക. കർത്താവ് വചനത്തിൽ നൽകിയിരിക്കുന്ന വാഗ്ദത്തങ്ങൾ അവകാശമാക്കിക്കൊണ്ട് അതിനനുസൃതമായി ജീവിക്കുക.

പ്രശ്നങ്ങൾ നേരിടുമ്പോൾ തളർന്നു പോകരുത്. നിങ്ങൾക്കുള്ള പ്രതിഫലം വലുതായിരിക്കും. കാരണം കർത്താവ് നമ്മുടെ സ്വർഗ്ഗീയ പിതാവ് ആണ്. നമ്മളെ ഒരിക്കലും കൈവിടുകയില്ല എന്ന് കർത്താവ് വാഗ്ദത്തം ചെയ്തിട്ടുണ്ട്. സങ്കീര്‍ത്തനങ്ങള്‍ 18 : 2 ൽ പറയുന്നു, കർത്താവാണ് എന്റെ രക്‌ഷാശിലയും കോട്ടയും വിമോചകനും, എന്റെ ദൈവവും എനിക്ക്‌ അഭയം തരുന്ന പാറയും, എന്റെ പരിചയും രക്‌ഷാശൃംഗവും അഭയകേന്ദ്രവും. എന്തെല്ലാം പ്രതിബന്ധങ്ങൾ വന്നാലും ഭക്തിമാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാതെ, നേരുള്ളവരായി ജീവിക്കുവിൻ! കർത്താവിൽ നിലനില്പിൻ! അപ്പോൾ നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group