വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക ഡിസംബർ 1 മുതൽ ഓണ്‍ലൈനായി സന്ദര്‍ശിക്കാം

വത്തിക്കാന്‍ സിറ്റി: ദൂരത്തിരുന്നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ” ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് അതിസങ്കീർണ്ണ സാങ്കേതിക വിദ്യയോടുകൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്കാണ് തുടക്കമായിരിക്കുന്നത്.

ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമായി കണക്കാകുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്. ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതിക വിദ്യയും ചേർന്ന് ദേവാലയ ഉൾവശത്തിന്റെ 4 ലക്ഷം ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്. ത്രിമാനദൃശ്യങ്ങൾ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടാഴ്ച സമയമെടുത്ത് ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പാണ് ഒരുക്കുന്നത്.

ബസിലിക്കയുടെ മുഖ്യ പുരോഹിതനും ബസിലിക്കയുടെ സംരക്ഷണപരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ”യുടെ (Fabbrica di San Pietro) അധ്യക്ഷനുമായ കർദ്ദിനാൾ മൗറൊ ഗംബേത്തി തിങ്കളാഴ്ച (11/11/24) വത്തിക്കാന്‍ പ്രസ്സ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് അവതരിപ്പിച്ചത്. തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമായ ഈ പദ്ധതിയിലൂടെ ഇന്‍റര്‍നെറ്റിലൂടെ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ 1 മുതൽ ഇൻറർനെറ്റില്‍ ഇത് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m