വായ്പ‌ എടുത്തവർക്ക് തിരിച്ചടി; പലിശ നിരക്ക് ഉയർത്തി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് ഉയർത്തി. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരുമെന്ന് എസ്ബിഐയുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് മാസം ആറ് മാസം, ഒരു വർഷം എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള എംസിഎല്‍ആർ 5 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്.

മൂന്ന് മാസത്തെ കാലയളവിനുള്ള എംസിഎല്‍ആർ 8.50 ശതമാനത്തില്‍ നിന്നും 8.55 ശതമാനമായി ഉയർന്നു. ആറ് മാസത്തെ നിരക്ക് 8.85 ശതമാനത്തില്‍ നിന്നും നിന്ന് 8.90 ശതമാനമായി ഉയർന്നു. ഒരു വർഷത്തെ എംസിഎല്‍ആർ ഇപ്പോള്‍ 9 ശതമാനമാണ്, മുമ്ബ് 8.95 ശതമാനം ആയിരുന്നു. വായ്പാ നിരക്കുകളിലെ ഈ മാറ്റം ഈ കാലയളവുകള്‍ക്ക് മാത്രമേ ബാധകമാകൂ, മറ്റ് കാലയളവുകളിലേക്കുള്ള എംസിഎല്‍ആർ മാറ്റമില്ലാതെ തുടരും. ഉദാഹരണത്തിന്, രണ്ട് വർഷത്തെ എംസിഎല്‍ആർ 9.05 ശതമാനവും മൂന്ന് വർഷത്തെ നിരക്ക് 9.10 ശതമാനവുമായി തന്നെ തുടരും.

എസ്‌ബിഐയുടെ എംസിഎല്‍ആറിലെ മാറ്റം വാഹന വായ്പ പോലുള്ള ഒരു വർഷത്തെ എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ വായ്പകളെയും ബാധിക്കും. എന്നാല്‍ പേഴ്‌സണല്‍ ലോണ്‍ എടുത്തവർ ഇത് ബാധിക്കില്ല. കാരണം, എസ്ബിഐയുടെ വ്യക്തിഗത വായ്പാ നിരക്കുകള്‍ ബാങ്കിൻ്റെ രണ്ട് വർഷത്തെ എംസിഎല്‍ആറുമായി ബന്ധപ്പെട്ടിരിക്കുന്നു.

എംസിഎല്‍ആർ, വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നിർണ്ണയിക്കാൻ ബാങ്കുകളെ സഹായിക്കുന്നതിന് ആർബിഐ നിശ്ചയിച്ചിട്ടുള്ള ഒരു മാനദണ്ഡമാണ്. 2016-ല്‍ ആണ് ആർബിഐ ഇത് അവതരിപ്പിച്ചത്. നിക്ഷേപങ്ങളുടെ ചെലവ്, പ്രവർത്തനച്ചെലവ്, ബാങ്കിൻ്റെ ലാഭവിഹിതം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ എംസിഎല്‍ആർ കണക്കാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m