#വിചാരണ അനാദിയായ അയാളുടെ കാലത്തിൽ നിന്ന് ഒരു ദിവസം 13 ഭാഗധേയം As they were gathering1 in Galilee, Je
#വിചാരണ അനാദിയായ അയാളുടെ കാലത്തിൽ നിന്ന് ഒരു ദിവസം 13 ഭാഗധേയം As they were gathering1 in Galilee, Jesus said to them, The Son of Man is about to be delivered into the hands of men..
തെല്ലുനേരത്തേക്ക് മനുഷ്യരുടെ കരങ്ങളിൽ താൻ ഏല്പിക്കപ്പെടും
എന്ന് തന്നെയാണയാൾ ഗലീലിയിൽ വെച്ച് പറഞ്ഞത്.
ഒരു വിഷാദ കാലത്ത് ചിത്തവൈദ്യനെ കാണാനുള്ള യാത്രയിൽ അതോർത്തു.
കാറിന്റെ പുറകിലത്തെ സീറ്റിലിരുന്നതാണ്.
വണ്ടി അനങ്ങിത്തുടങ്ങുമ്പോൾ ഇരുവശങ്ങളിലായി രണ്ടു പേർ കേറി ഇരുന്നു.
പുറത്തേക്ക് ചാടാനുള്ള താത്പര്യമോ ധൈര്യമോ ഇല്ലാത്തഒരാളാണെന്ന് അവരോട് പറയണമെന്നുണ്ട്.അത്രേം സ്നേഹമുളള മനുഷ്യരായതു കൊണ്ട് അതങ്ങു വിഴുങ്ങി..
ഏതൊരു മനുഷ്യന്റേയും ശിരോലിഖിതമാണിതെന്ന് തോന്നുന്നു.
സ്വന്തം ജീവിതത്തെ തിരശീലയിലെന്നപോലെ നിസ്സംഗമായി കാണേണ്ട കാണി മാത്രമാണ് ഇനി നിങ്ങൾ.
കുടുംബകോടതിയിൽ തല കുനിച്ച് നിൽക്കുന്ന വീട്ടമ്മയെ പോലെ ജീവിതം!
ആരൊക്കെയോ നിങ്ങൾക്ക് വേണ്ടി കഥ മെനയുന്നു , സംസാരിക്കുന്നു ,തർക്കിക്കുന്നു , തീർപ്പിലെത്തുന്നു.
ഈ കോവിഡ് കാലത്തിലൊക്കെ സംഭവിച്ച പോലെ.
യുദ്ധദിനങ്ങളെ ഓർമിപ്പിക്കുന്ന തിടുക്കത്തിലും കണിശതയിലും രോഗബാധിതർ പെട്ടെന്ന് സർക്കാരിന്റേതാവുകയാണ്.
ഒട്ടനവധി ഇടങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം അപരരുടെ കൈയിലാണെന്ന് നിസഹായതയോടെ നാം തിരിച്ചറിയുന്നു.
സതി ഇപ്പോഴില്ല. എന്നാലും, തന്റെ പുരുഷന്റെ വിയോഗത്തിനു ശേഷം ഒരു സ്ത്രീ എന്തു ചെയ്യണമെന്ന് ഇപ്പോഴും അപരരാണ് നിശ്ചയിക്കുന്നത്.
ഒരു ഇടർച്ചയിലോ അപവാദത്തിലോ പെട്ടുപോയ ഒരാൾക്കറിയാം അയാളുടെ ശിഷ്ടജീവിതത്തിന്റെ മതിപ്പ് ഇനിയും ഏതോ ചില കരങ്ങളിലാണെന്ന്.
യേശു പീറ്ററിന് പറഞ്ഞുകൊടുക്കാൻ ശ്രമിച്ചത് അതാണ്: " സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ചെറുപ്പമായിരുന്നപ്പോൾ നീ സ്വയം അര മുറുക്കുകയും ഇഷ്ടമുള്ളിടത്തേക്കു പോവുകയും ചെയ്തിരുന്നു. എന്നാൽ, പ്രായമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റൊരുവൻ നിന്റെ അര മുറുക്കുകയും നീ ആഗ്രഹിക്കാത്തിടത്തേക്കു നിന്നെ കൊണ്ടുപോവുകയും ചെയ്യും." ജീവിതസായന്തനങ്ങളിൽ ഈ അധികാരമാറ്റത്തിന്റെ - shift of power - വ്യാകുലം സ്വയം പിടുത്തം കിട്ടും.
മനുഷ്യപുത്രൻ പാപികളുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെടും എന്നാണ് ലൂക്കിന്റെ സുവിശേഷത്തിൽ. ലക്ഷ്യം തെറ്റുക എന്ന് അർത്ഥം വരുന്ന ഒരു പദമാണ് ഹീബ്രുവിൽ 'പാപ'ത്തിന്റെ എറ്റിമോളജി. അങ്ങനെയെങ്കിൽ 'പാപികൾ' എന്ന പദത്തെ ഏകാഗ്രതയോ ലക്ഷ്യബോധമോ ദിശാസങ്കല്പങ്ങളോ ഇല്ലാത്തവർ എന്ന് നീട്ടി കണ്ടെത്താവുന്നതാണ്. അവരാണ് അലക്ഷ്യമായി നമ്മുടെ ജീവിതത്തെ കരുണയോ അവധാനതയോ ഇല്ലാതെ പന്താടുന്നത്.
അവിടുത്തെ അന്ത്യമൊഴി മേല്പറഞ്ഞതിന്റെയൊക്കെ നിരാസമായിരുന്നു.
മനുഷ്യരിൽ നിന്ന് മോചിക്കപ്പെട്ട ഒരു ആത്മാവിന്റെ നിശ്വാസം പോലെ അതിങ്ങനെ മുഴങ്ങി- അങ്ങേ കരങ്ങളിൽ ഞാൻ എന്നെത്തന്നെ പുനരർപ്പിക്കുന്നു. അല്പകാലം ഞാൻ പെട്ടുപോയ മനുഷ്യരുടെ കരങ്ങളിൽ നിന്ന് എന്റെ പ്രാണനെ അതു മെനഞ്ഞ, അതിനെ നിലനിർത്തിയ, അതു വിലയം ചെയ്യേണ്ട, അങ്ങയുടെ കൈക്കുടന്നയിലേക്ക് ഞാൻ കരേറ്റുകയാണ്; ഒരു പരാതിയോ ഖേദമോ ഇല്ലാതെ.
മനുഷ്യനായിരിക്കുന്നതിന്റെ കപ്പംകൊടുക്കൽ മാത്രമായിരുന്നു തെല്ലുനേരത്തേക്കുള്ള എന്റെ ആത്മത്തിന്റെ പണയം എന്ന പ്രകാശത്തോടെ ഒരാൾ മടങ്ങിവരികയാണ്.
കടപ്പാട് : ബോബി ജോസ് അച്ചൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0