5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥ പറയുന്ന ഡോക്യൂമെന്ററി റിലീസ് ചെയ്തു

കൊച്ചി : ആകസ്മികമായി ഇരുപത്തിയൊന്നു വർഷങ്ങൾക്ക് മുൻപ് മരണപെട്ട 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതകഥ പറയുന്ന Soul fishers ഡോക്യൂമെന്ററി വെബ് സീരീസിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്തു. 2001 മാർച്ച്‌ 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി കാവിൽപുരയിടം, ഷിജി കറുത്ത പാറക്കൽ, ബിന്ദു വഴീകടവത്ത്, റീന പാലറ എന്നീ 5 ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിത കഥ ഗോഡ്സ് ബാൻഡ് യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായിരുന്നു ഈ അഞ്ചു പേരും.

ഇടുക്കി രാജപുരത്ത് ഇടവക നവീകരണ പ്രവർത്തനം നടത്തി മടങ്ങുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ഗുരുവായൂരിൽ നിന്നും തലശേരിക്ക് വന്ന പ്രണവം ബസ് ആണ് പൂക്കിപറമ്പിൽ വച്ച് അഗ്നിക്കിരയായത്. അമിതവേഗത്തിൽ വന്ന ബസ് പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി കാറിൽ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം 44 ജീവനുകൾ പൊലിഞ്ഞു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ആറ് എപ്പിസോഡുകളായാണ് ഡോക്യൂമെന്ററി പുറത്തിറങ്ങുന്നത്. ബസിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരും പൂക്കിപ്പറമ്പ് നിവാസികളും ഡോക്യുമെന്ററിയിൽ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. ഇവർക്കൊപ്പം ഇടവക നവീകരണത്തിനു പോയവരിൽ ഒരാൾ അപകടത്തിനു ശേഷം പൗരോഹിത്യം സ്വീകരിച്ചിരുന്നു.

താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഈ അഞ്ചു പേരെയും അനുസ്മരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ബസ് അപകടങ്ങളിൽ ഒന്നാണ് പൂക്കിപറമ്പിലേത്. ബസുകളിൽ എമർജൻസി വാതിൽ ഘടിപ്പിക്കാൻ സർക്കാർ ഉത്തരവുണ്ടായത് പൂക്കിപറമ്പ് അപകടത്തിനു ശേഷമാണ്.

ഫാ. ജോജോ കപ്പൂച്ചിൻ എഴുതിയ തിരക്കഥ ജിന്റോ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ ചന്ദു മേപയൂർ, വിപിൻ പേരാമ്പ്ര. എഡിറ്റിംഗ് അഭിലാഷ് കോക്കാട്, പ്രൊഡക്ഷൻ കൺട്രോളർ ജസ്റ്റോ ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണു മോഹനൻ, സബിൻ, ഡബ്ബിങ് റനീഷ് മുതുകാട്, ടൈറ്റിൽ വയലറ്റ് ഫ്രെയിംസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group