താളം തെറ്റുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ

വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിൽ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികൾ, നൽകുന്ന സ്‌കോളർഷിപ്പുകൾ ധനസഹായങ്ങൾ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴിയായി നൂറുകണക്കിന് കോടികൾ ചെലവഴിക്കപ്പെടുമ്പോഴും അർഹരായ എത്രത്തോളം പേരിലേക്ക് ഈ സഹായങ്ങൾ എത്തിച്ചേരുന്നുണ്ട് എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്]

1992 ൽ സ്ഥാപിതമായ ദേശീയ ന്യൂനപക്ഷ കമ്മീഷന് കീഴിൽ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ (NMDFC) നിലവിൽ വരുന്നത് 1994 ലാണ്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അധഃസ്ഥിതാവസ്ഥ പരിഹരിക്കുന്നതിനായി സ്വയം തൊഴിലുകൾ തുടങ്ങുന്നതിനും മറ്റു വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും സഹായകമായ പദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു കോർപ്പറേഷന്റെ ലക്‌ഷ്യം. പിന്നീട് 2008 ൽ “വിവിധ മേഖല വികസന പദ്ധതി (MsDP)” പ്രാബല്യത്തിൽ വന്നു. ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്കുള്ള വിദ്യാഭ്യാസം, നൈപുണി വികസനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗത്തെ വളർച്ച തുടങ്ങിയവയാണ് ആ പദ്ധതി ലക്ഷ്യംവച്ചിരുന്നത്. 2012 ൽ ആരംഭിച്ച പന്ത്രണ്ടാമത് പഞ്ചവത്സര പദ്ധതിയും ഈ മേഖലയിൽ സവിശേഷമായ ഊന്നൽ നൽകിയിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ ന്യൂനപക്ഷ ക്ഷേമം ലക്‌ഷ്യം വച്ചുകൊണ്ടുള്ള നിരവധി പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയിട്ടുള്ളതായിക്കാണാം.

ന്യൂനപക്ഷങ്ങൾ എന്നാൽ, മുസ്ളീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈനർ എന്നിങ്ങനെ ആറു മതവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങൾ ആയതിനാൽത്തന്നെ സാമുദായികമായി എല്ലാ രീതിയിലും പിന്നാക്കം പോകാനുള്ള സാധ്യത ഈ സമൂഹങ്ങൾക്ക് ഉണ്ട് എന്നതിനാൽ സർക്കാർ നൽകുന്ന പ്രത്യേക പരിഗണനയാണ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപത്തിൽ നടപ്പാക്കപ്പെടുന്നത്. 2006 ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുസ്ളീം മത വിഭാഗത്തിൽ പെട്ടവരുടെ പ്രത്യേക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും, ചില നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യുകയുണ്ടായിരുന്നു. അതേത്തുടർന്ന് 2007 ൽ നിയോഗിക്കപ്പെട്ട പാലോളി കമ്മിറ്റി കേരളത്തിലെ മുസ്ളീം മത വിഭാഗത്തിൽ പെട്ടവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കുകയും കേരളസർക്കാരിന് മുന്നിൽ റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായിരുന്നു. ഇത്തരം റിപ്പോർട്ടുകൾ ന്യൂനപക്ഷ ഫണ്ട് വിതരണത്തെ സ്വാധീനിക്കുകയുണ്ടായിട്ടുണ്ട്.

എന്നാൽ, മുസ്ളീം ഇതര സമൂഹങ്ങളുടെ പിന്നാക്കാവസ്ഥ പ്രത്യേകം പരിഗണിക്കുന്ന റിപ്പോർട്ടുകൾ ഒന്നുംതന്നെ അതത് സമുദായങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ നടപ്പാക്കപ്പെട്ടിട്ടില്ല. ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഏതെങ്കിലും വിധത്തിലുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

കേന്ദ്ര സഹായത്തോടെയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ പദ്ധതികൾ പ്രകാരവും സംസ്ഥാനത്ത് വിവിധ തലങ്ങളിലാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെടുന്നത്. പ്രീ മെട്രിക് സ്‌കോളർഷിപ്പുകൾ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകൾ, മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പുകൾ എന്നിങ്ങനെയുള്ളവയാണ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ. വിവിധ വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണ സഹായങ്ങൾ, ചികിത്സാ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിങ്ങനെ വിവിധ ഇനം സാമ്പത്തിക സഹായ പദ്ധതികൾ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിലുണ്ട്.

എതിർപ്പുകൾ

നിലവിൽ, സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹ്മാനും, ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. അദില അബ്ദുള്ള (IAS) ഉം, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദും ആണ്. മുമ്പ് ശ്രീ കെ. ടി. ജലീൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളും ഫണ്ട് വിതരണവും മറ്റും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആ പശ്ചാത്തലത്തിൽ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യണമെന്ന ആവശ്യം, 2021 ലെ തെരഞ്ഞെടുപ്പിന് മുമ്പ് വിവിധ ക്രൈസ്തവ സംഘടനകൾ ഉന്നയിക്കുകയുണ്ടായിരുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ വിവേചനമുണ്ടാകാതെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ ലഭ്യമാകണമെന്നതായിരുന്നു പൊതുവെ ഉയർന്ന ആവശ്യം. എന്നാൽ, ആരംഭത്തിൽ മുഖ്യമന്ത്രി ആ ആവശ്യം അംഗീകരിച്ചെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം വകുപ്പ് കൈമാറുകയുണ്ടായി.

വളരെ ഗുരുതരമായ ചില ക്രമക്കേടുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായിട്ടുണ്ട്. അതിൽ പ്രധാനമാണ്, ന്യൂനപക്ഷ ക്ഷേമ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. കെ. ടി. ജലീൽ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന കാലഘട്ടത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിയമ (2014) പ്രകാരം, കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങളിൽ വരുത്തിയ മാറ്റം പ്രധാനമാണ്. മൂന്നംഗ കമ്മീഷനിൽ, ചെയർമാനോ ഒരു വനിത അംഗത്തിനോ പുറമെയുള്ള അംഗം ചെയർമാന്റെതല്ലാത്ത മറ്റൊരു സമുദായത്തിൽനിന്നായിരിക്കണം എന്ന നിർദ്ദേശം നിയമപരിഷ്കരണത്തിലൂടെ അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കമ്മീഷൻ ചെയർമാനും വനിതാ ഇതര അംഗവും ഒരേ സമുദായത്തിൽനിന്നുള്ളവരാണ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റിന്റെയും വിവിധ ഓഫീസുകളിലെ ജീവനക്കാർ രാഷ്ട്രീയ സ്വാധീനങ്ങൾ വഴി നിയമിതരാകുന്നവരാണ് എന്ന ആരോപണവും ശക്തമാണ്. പിഎസ്‌സി വഴിയുള്ള നിയമനങ്ങളല്ല മറിച്ച്, ഡെപ്യൂട്ടേഷൻ, കരാർ വ്യവസ്ഥ തുടങ്ങിയവ വഴിയായുള്ള നിയമനങ്ങളാണ് അവിടെ നടന്നുവരുന്നത്.

ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ ഏറിയപങ്കും ഒരു സമുദായത്തിൽ നിന്നുള്ളവരാണ് എന്നുള്ളതാണ് പ്രധാനപ്പെട്ട മറ്റൊരു ആരോപണം. പലപ്പോഴായി കേരളത്തിലെ വിവിധ ജില്ലകളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലന കേന്ദ്രങ്ങളിൽ (CCMY) ഏറിയ പങ്കും അപ്രകാരം തന്നെ. മദ്രസ അധ്യാപക ക്ഷേമനിധി, മദ്രസ അധ്യാപകർക്കുള്ള പ്രത്യേക ധനസഹായ പദ്ധതികൾ, മദ്രസയുടെ നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായുള്ള പണം വഴിവിട്ട് ചെലവഴിക്കപ്പെടുന്നതായുള്ള ആരോപണങ്ങളുമുണ്ട്. ന്യൂനപക്ഷ ആനുകൂല്യ വിതരണവുമായി ബന്ധപ്പെട്ട് മുമ്പ് നിലവിലുണ്ടായിരുന്ന 80:20 അനുപാതം (80% മുസ്ളീം, 20% മറ്റു സമുദായങ്ങൾ) നീതിരഹിതമാണെന്ന വിലയിരുത്തലിൽ ഹൈക്കോടതി ഇടപെടുകയും ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ആ വിധിക്കെതിരായി സുപ്രീം കോടതിയിൽ അപ്പീൽ പോവുകയാണ് ഉണ്ടായത്.

ഹൈക്കോടതി വിധിയെ തുടർന്ന് ആദ്യവർഷം കോടതി നിർദ്ദേശപ്രകാരം മറ്റു വിഭാഗങ്ങൾക്ക് താരതമ്യേന കൂടുതൽ ഫണ്ട് അനുവദിച്ചുവെങ്കിലും, പിന്നീട് സാമ്പത്തിക മാന്ദ്യം കാരണമായി പറഞ്ഞുകൊണ്ട് ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതത്തിൽ സർക്കാർ വലിയ കുറവ് വരുത്തുകയുണ്ടായി. ഒട്ടേറെ സ്‌കോളർഷിപ്പുകൾ തടഞ്ഞുവച്ചു. അതേസമയം, ഒരു സമുദായത്തിന് പതിവായി നൽകി വന്നിരുന്ന ആനുകൂല്യങ്ങൾക്കും സഹായധനത്തിനും കുറവുണ്ടായിട്ടില്ല എന്നും ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ ഉയർന്നുവന്ന ഇത്തരം ആരോപണങ്ങൾക്കിടയിൽ ഒരു വർഷത്തോളമായി നിർജ്ജീവാവസ്ഥയിൽ തുടർന്നിരുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മീഷൻ ഈ ആഗസ്റ്റിലാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്.

ദേശീയ തലത്തിലെ അഴിമതി ആരോപണങ്ങൾ

കേന്ദ്ര സർക്കാർ പദ്ധതിപ്രകാരമുള്ള ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ പ്രകാരം, 830 വ്യാജ സ്ഥാപനങ്ങളുടെ പേരിൽ 144 കോടിയിലേറെ രൂപയുടെ അഴിമതി 2022 മാർച്ച് വരെയുള്ള നാല് സാമ്പത്തിക വർഷങ്ങൾക്കിടയിൽ നടന്നു എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ മാധ്യമങ്ങൾ പലപ്പോഴായി പുറത്തുവിട്ടിട്ടുള്ള റിപ്പോർട്ടുകൾ പ്രകാരം അന്വേഷണങ്ങൾ നടക്കുകയും, ഒടുവിൽ കേസ് സിബിഐ ഏറ്റെടുക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. നിരവധി സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ഉദ്യോഗസ്ഥരും തൽപ്പരകക്ഷികളും നേരിട്ട് ഇടപെട്ടിട്ടുള്ള രാജ്യവ്യാപകമായ അഴിമതിയാണ് ഇതെന്നാണ് സിബിഐയുടെ പ്രാഥമിക റിപ്പോർട്ട് വിലയിരുത്തുന്നത്.

അർഹതപ്പെട്ട വലിയൊരു വിഭാഗത്തെ മാറ്റിനിർത്തി ആനുകൂല്യങ്ങൾ മൊത്തമായി നേടിയെടുക്കാനുള്ള ചട്ടവിരുദ്ധ നടപടി ക്രമങ്ങൾക്കും, രാഷ്ട്രീയ ദുസ്വാധീനങ്ങൾക്കും പുറമെ, വലിയ അഴിമതികളും ഈ മേഖലയിൽ നടക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്. സർക്കാരിന്റെ പിന്തുണ അർഹിക്കുന്നവരിൽ ഏറെയും എല്ലായ്പ്പോഴും അകറ്റി നിർത്തപ്പെടുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളും, നിയമവിരുദ്ധമായ ഇടപെടലുകളും, അഴിമതിയും തുടച്ചുനീക്കി നീതിയും ന്യായവും നടപ്പാകാത്തപക്ഷം ന്യൂനപക്ഷ ക്ഷേമം ഒരു മരീചികയായി തുടരുകതന്നെ ചെയ്യും.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group