എടാ റാഫേലേ നീ എവിടേക്കാ പോണേ…

സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി നിയമിതനായ മാർ റാഫേൽ തട്ടിൽ പിതാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഈയിടെ വന്ന വൈറലായ ഒരനുഭവം. മുഷിഞ്ഞ വസ്ത്രം ധരിച്ച്, മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് തൃശൂർ മാർക്കറ്റിലൂടെ നടക്കുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. പലരും അദ്ദേഹത്തെ അവഗണിച്ചു. ചിലർ ഭ്രാന്തനെന്ന് വിളിച്ചു. മറ്റുചിലർ അദ്ദേഹത്തിന് തലയ്ക്ക് സ്ഥിരതയില്ലെന്നു പറഞ്ഞ് ചപ്പുചവറുകൾ വലിച്ചെറിഞ്ഞു.

റാഫേൽ തട്ടിൽ പിതാവ് ഒരിക്കൽ അരമനയിൽ നിന്ന് പള്ളിയിലേക്ക് നടന്നു പോവുകയായിരുന്നു. മാർക്കറ്റിലൂടെ നടന്നു പോകുന്ന തൃശൂരിന്റെ അന്നത്തെ സഹായ മെത്രാനെ കണ്ടവരെല്ലാം അദ്ദേഹത്തെ ബഹുമാനിച്ചു. അപ്പോഴാണ് മുകളിൽ സൂചിപ്പിച്ച വ്യക്തി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇങ്ങനെ വിളിച്ചത്: “ടാ റാഫേലേ… നീയെവിടേക്കാ പോണേ…” അങ്ങനെയൊരു വിളി കേട്ടയുടൻ പിതാവ് തിരിഞ്ഞു നോക്കി. പിതാവ് എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടിരുന്നവരെ സാക്ഷി നിർത്തി, പിതാവ് ചിരിയോടെ പ്രതികരിച്ചു. “ടാ ഡേവീസേ…..” എന്ന് വിളിച്ച് നിറപുഞ്ചിരിയോടെ അടുത്തെത്തി ആ മുഷിഞ്ഞ വസ്ത്രധാരിയെ കെട്ടിപിടിച്ചു. “എത്ര നാളായ്ടാ കണ്ടിട്ട്. നമ്മളൊരുമിച്ച് പഠിച്ച കാലഘട്ടം എത്ര മനോഹരമായിരുന്നു. നിനക്ക് സുഖമാണോ ….”

“സുഖമാണ്. നന്നായ് പോകുന്നു. എന്റെ ജീവിതം മാർക്കറ്റിലാണെന്ന് നിനക്കറിയാലോ?”

“നിനക്ക് വേണമെങ്കിൽ നമ്മുടെ കൂടെ പഠിച്ച ജോയിയെ പോയി കണ്ടൂടെ. അവൻ നിനക്ക് വേണ്ടതെല്ലാം തരില്ലെ?”

“അതൊന്നും വേണ്ട റാഫേലേ…
ഈ ജീവിതത്തിൽ എനിക്ക് സന്തോഷമേയുള്ളൂ. കൂടെ പഠിച്ചവരെല്ലാം നല്ല നിലയിലെത്തിയില്ലെ?
ജോയ് ആലൂക്കാസ്, നീ…. അങ്ങനെയങ്ങനെ എല്ലാവരും നന്നായ്, സമൂഹത്തിൽ ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം!”

അല്പനേരം കൂടി അദ്ദേഹവുമായ് സംസാരിച്ച്, അനുഗ്രഹ ചുംബനം നൽകി പിതാവ് നടന്നു നീങ്ങി. കണ്ടു നിന്നവർ നിറകണ്ണുകളോടെ ദൈവത്തെ മഹത്വപ്പെടുത്തി.

നമ്മൾ നിസാരരെന്നു കരുതുന്ന വ്യക്തികളിലും ദൈവത്തെ കണ്ടുമുട്ടാൻ കഴിയുന്നത് ആത്മാവിനാൽ നിറയുന്നതിന്റെ അടയാളമാണ്. നമ്മോടൊപ്പം പഠിച്ചവരും ജീവിച്ചവരുമെല്ലാം ഇന്ന് പല സ്ഥലങ്ങളിലാകാം. ചിലർ സമൂഹത്തിൽ ഉന്നതസ്ഥാനീയർ. മറ്റു ചിലർ ഇടത്തരം ജീവിതം നയിക്കുന്നവർ. വേറെ ചിലർ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്നവർ.

എല്ലാവരെയും ചേർത്തു നിർത്താനും അവരിലുള്ള ദൈവീകത ദർശിക്കാനും കഴിയുക എന്നത് ആത്മീയതയുടെ ലക്ഷണമാണ്. ദൈവം കൂടെയുള്ളവർക്ക് മാത്രമേ അതിന് കഴിയൂ. ക്രിസ്തുവിന്റെ ജീവിതം അതിന് സാക്ഷ്യമാണ്.
അതുകൊണ്ടാണ് “എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടുന്ന്‌ എന്നെ തനിയെ വിട്ടിരിക്കുകയല്ല” (യോഹന്നാന്‍ 8 : 28 -29) എന്ന് ക്രിസ്തു പറഞ്ഞതും.

പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ ഏവരിലും ദൈവത്തെ കാണാനും ദൈവം കൂടെയുണ്ടെന്ന ബോധ്യത്തോടെ ജീവിത യാത്ര തുടരാനും നമുക്ക് സാധ്യമാകട്ടെ.

കടപ്പാട് : ഫാദർ ജെൻസൺ ലാസലെറ്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group