നടി കനകലത അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു.

350-ലധികം ചിത്രങ്ങളിലും അമ്ബതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

നാടകത്തില്‍നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഒൻപതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ല്‍ ഓഗസ്റ്റ് 24-ന് ജനനം. കൊല്ലം സർക്കാർ ഗേള്‍സ് ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. 1980-ല്‍ ഉണർത്തുപാട്ട് എന്ന സിനിമയില്‍ അഭിനയിച്ചു. ആദ്യ ചിത്രം റിലീസായില്ല.

ചെറുപ്പത്തില്‍ത്തന്നെ കലാരംഗത്ത് കനകലത സജീവമായിരുന്നു. നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ചില്ല് എന്ന സിനിമയിലൂടെ ബിഗ്സ്ക്രീനിലെത്തി. അഭിനയം തന്നെയാണ് തന്റെ ജീവിതമാർഗം എന്നുറപ്പിച്ച അവർ നിരവധി സീരിയലുകളിലും വേഷമിട്ടു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം സിനിമയില്‍നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m