ഡീപ് ഫേക് തട്ടിപ്പുകള്‍ തുടക്കത്തില്‍തന്നെ തടയണം; എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ക്ക് വാടര്‍മാര്‍ക് നിര്‍ബന്ധമാക്കണമെന്ന് ബില്‍ ഗേറ്റ്‌സുമായുള്ള ചര്‍ച്ചയില്‍ നരേന്ദ്ര മോദി

എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ക്ക് വാടര്‍മാര്‍ക് നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സുമായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വെച്ച്‌ നടത്തിയ സംഭാഷണത്തിലാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.

എഐയുടെ ദുരപയോഗം വലിയ വെല്ലുവിളിയാണ്. ഡീപ് ഫേക് തട്ടിപ്പുകള്‍ തുടക്കത്തിലേ തടയണമെന്നും മോദി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ബില്‍ ഗേറ്റ്‌സ് ഈയിടെ ഇന്‍ഡ്യയിലെത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ യുട്യൂബില്‍ പുറത്തുവിട്ടു.

ചര്‍ചയില്‍ സൈബര്‍ സുരക്ഷയ്ക്കാണ് മോദി കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ആര്‍ക്കും ഡീപ്‌ഫേക് ഉപയോഗിക്കാം. എഐ ഉപയോഗിച്ച്‌ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന ബോധവല്‍ക്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍കരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റല്‍ വിഭജനം പാടില്ല. സാങ്കേതിക വിദ്യയില്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കാനാണ് ശ്രമം. ഗ്രാമങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുകയാണ്. ലോകത്തിലെ ഡിജിറ്റല്‍ വിഭജനത്തെക്കുറിച്ച്‌ കേള്‍ക്കുമ്ബോള്‍, എന്റെ രാജ്യത്ത് അങ്ങനെയൊന്നും സംഭവിക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആഗോള താപനത്തെ കുറിച്ച്‌ ലോകം കൂടുതല്‍ ചര്‍ച്ച ചെയ്യണം. എല്ലാവര്‍ക്കുമൊപ്പമുള്ള വികസനമാണ് ഇന്‍ഡ്യയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ചയില്‍ മറുപടിയായി, ഇന്‍ഡ്യയുടെ ഡിജിറ്റല്‍ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു. സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനുള്ള ഇന്‍ഡ്യക്കാരുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു. ഇന്‍ഡ്യയ്ക്ക് ഒരു ഡിജിറ്റല്‍ സര്‍കാരുണ്ട്. ഇന്‍ഡ്യ സാങ്കേതികവിദ്യയെ സ്വീകരിക്കുക മാത്രമല്ല, ആ മേഖലയില്‍ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുന്നുവെന്ന് ബില്‍ ഗേറ്റ്‌സ് പ്രതികരിച്ചു.

2023ലെ ജി20 ഉച്ചകോടിയില്‍ താന്‍ എഐ എങ്ങനെ ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബില്‍ ഗേറ്റ്‌സിനോട് പറഞ്ഞു. കാശി തമിഴ് സംഗമം പരിപാടിയില്‍ എഐ ഉപയോഗിച്ച്‌ തന്റെ ഹിന്ദി പ്രസംഗം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തതും മോദി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group