രാജ്യങ്ങളിലേക്ക്” (Ad Gentes) അഥവാ പ്രേഷിതപ്രവർത്തനം എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം (decreta) ഒരവലോകനം Ad gentes /രാജ്യങ്ങളിലേക്ക് എന്ന പേരിലാണ് സഭയുടെ പ്രേഷിത പ്രവർത്തനത്തെപ്പറ്റിയുള്ള പ്രമാണരേഖ അറിയപ്പെടുന്നത്.
1967-ലെ മലയാളപരിഭാഷ പ്രേഷിതപ്രവർത്തനം എന്നും. പല പ്രമാണരേഖകളുടെയും പേരുകൾ പരിഭാഷ എന്നതിലുപരി ഉള്ളടക്കം വ്യക്തമാക്കുന്ന പദപ്രയോഗങ്ങളായിരുന്നു മലയാളത്തിലും മറ്റു പക ഭാഷകളിലും പരിഭാഷകൻ നൽകിയത്.
കൃത്യമായ പരിഭാഷകൾ നൽകുകയായിരുന്നു യുക്തം എന്ന് കരുതുന്നതുകൊണ്ട് ഞാൻ പരിഭാഷകൾ നല്കാൻ ശ്രമിച്ചു. “രാജ്യങ്ങളിലേക്ക്” എന്ന പേര് അർത്ഥവത്തും മനോഹരവും എന്നാണെന്റെ അഭിപ്രായം. രാജ്യങ്ങളിലേക്ക് എന്ന് പരിഭാഷപ്പെടുത്തിയാലും പ്രേഷിതപ്രവർത്തനം എന്ന പേരുകൊടുത്താലും മതസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനം എന്ന പേര് നൽകി മതസ്വാതന്ത്ര്യത്തെ അറത്തുകളയുന്ന ഒരു ഭരണവ്യവസ്ഥിതിക്ക് കാവൽ നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾക്കിടയിലാണ് നമ്മൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും പ്രേഷിതപ്രവർത്തനത്തിന് തുനിയുന്നതും. അതുകൊണ്ടു ആവശ്യങ്ങൾ ബലികഴിക്കാതെയും തെറ്റുകൾ ഉണ്ടാകാതെയും പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള ശരിയായ ദിശാബോധത്തോടെയുള്ള പ്രവർത്തനം ആവശ്യമാണ്.
ഉള്ളടക്കം
സഭ രക്ഷയുടെ കൂദാശയാണ് എന്ന തത്വത്തിൽ അധിഷ്ഠിതമാണ് Ad gentes (രാജ്യങ്ങളിലേക്ക്) എന്ന സഭയുടെ പ്രേഷിത പ്രവർത്തനത്തെക്കുറിച്ചുള്ള പ്രബോധനം. പരിശുദ്ധാൽമാവിന്റെ ശക്തിയാൽ പിതാവിന്റെ ഹിതാനുസൃതം ക്രിസ്തുവിലൂടെ രക്ഷാകരപ്രവൃത്തി ഫലമണിയുന്നുവെന്ന് സഭ പഠിപ്പിക്കുന്നു. സഭ അതുകൊണ്ടു അവളുടെ സ്വഭാവത്തിൽ പ്രേഷിതയാണ്. ലോകത്തെ രക്ഷിക്കാൻ അഥവാ ക്രിസ്തുവിൽ അനുരഞ്ജനപ്പെടുത്താൻ സഭ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം വരെ പ്രേഷിതയായി പ്രവർത്തിക്കുന്നു എന്നതാണ് സഭയുടെ സ്വഭാവവും ശൈലിയും. മാമോദീസായിലൂടെ എല്ലാ ജനതകളെയും ക്രിസ്തുവിലേക്കു നയിക്കുകയാണ് സഭയുടെ ദൗത്യം.
പ്രേഷിതപ്രവർത്തനം പ്രഥമമായും സാക്ഷ്യമാണ്. ക്രിസ്തുവാണ് പ്രേരകശക്തി. സംവാദമാണ് അടിസ്ഥാന ശൈലി. വർഗ, വർണ്ണ, ജാതി, വ്യത്യാസങ്ങളില്ലാതെയും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെയും എല്ലാവരിലും ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുവാനാണ് പ്രേഷിതർ ശ്രദ്ധിക്കേണ്ടത്. ദൈവജനത്തെ ഒരുമിപ്പിക്കുന്നതിനാണ് സുവിശേഷം പ്രഘോഷിക്കുന്നത്.
ക്രൈസ്തവ സമൂഹങ്ങൾ രൂപീകരിക്കുന്നതിന്റെ ലക്‌ഷ്യം അടിസ്ഥാനപരമായി ജനതകളുടെ ഐക്യമാണ്. വ്യക്തിസഭകളും പ്രാദേശിക സഭകളും പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ പരസ്പരം സഹായിക്കുക കടമയാണെന്ന നിർദേശവും ഈ ഡിക്രിയിൽ ഉണ്ട്. സുവിശേഷം പ്രസംഗിക്കുന്നത് ക്രിസ്തുശിഷ്യരുടെ പ്രഥമമായ കടമയായി പ്രേഷിതപ്രവർത്തനം എന്ന ഡിക്രി അവതരിപ്പിക്കുന്നു.
പ്രേഷിതർക്ക് അവർക്കാവശ്യമായ പരിശീലനം കൊടുക്കണമെന്നും ഡിക്രി നിർദേശിക്കുന്നു. ത്യാഗം സഹിക്കുവാൻ അവർ സന്നദ്ധരാണ്. മെത്രാന്മാരുടെ സംഘവും രൂപതാതലത്തിലും വത്തിക്കാനിലെ തിരുസംഘവും ആവശ്യമായ ഒരുക്കങ്ങൾ നടത്തണം. മെത്രാന്മാരുടെയും സമർപ്പിതരുടെയും വൈദികരുടെയും മാത്രം ജോലിയല്ല,
ദൈവജനത്തിന്റെ പൊതുകടമയാണ് പ്രേഷിതപ്രവർത്തനം എന്നും കൗൺസിൽ പഠിപ്പിക്കുന്നു.
പ്രേഷിതപ്രവർത്തനം അന്നും ഇന്നും എന്നും
.പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ദർശനവും കാഴ്ചപ്പാടും നിലപാടും ഗൗരവമായി പരിഗണിക്കണം. സഭയുടെ കാഴ്ച്ചപ്പാടു വിശദീകരിക്കുകയും വ്യാഖ്യാനിക്കുകയുമെന്ന ദൗത്യം ഏറ്റെടുക്കുന്ന ദൈവശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകളും വിലയിരുത്തലുകളും നിർദേശങ്ങളും വിലമതിക്കണം. അതുപോലെ ഇന്ന് നടക്കുന്ന പ്രേഷിതപ്രവർത്തനത്തിൽനിന്നും മനസിലാകുന്നതും മനസിലാക്കാവുന്നതുമായ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പരിഗണിക്കണം. ഏതൊരു ദൈവശാസ്ത്രവിഷയവും പരമ്പരാഗതമായി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ദൈവശാസ്ത്രത്തോടൊപ്പം ഇന്ന് മനുഷ്യർ അഥവാ വിശ്വാസികൾ വിശ്വസിക്കുകയും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അവരുടെ ജീവിതം കാണുമ്പോൾ മനസിലാകുന്ന ഒരു ദൈവശാസ്ത്രമായിക്കൂടി മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്യണം. അതായതു വിശ്വാസജീവിതത്തിൽനിന്നും ഉരുത്തിരിയുന്ന ഒരുദൈവശാസ്ത്രം. ഉദാഹരണത്തിന് പരിസ്ഥിതപ്രവർത്തനത്തെക്കുറിച്ചും പ്രേഷിതപ്രവർത്തനത്തെക്കുറിച്ചും പരിചിന്തിക്കുമ്പോൾ നമ്മുടെ ഇന്നത്തെ പ്രേഷിതപ്രവർത്തനത്തിൽനിന്നും ഉരുത്തിരിയുന്ന പ്രേഷിതപ്രവർത്തനത്തേക്കുറിച്ചുള്ള ഒരു ദൈവശാസ്ത്രം. അത് പരമ്പരാഗത വിശ്വാസത്തിനും പഠനത്തിനും വിരുദ്ധമാകാൻ പാടില്ല. മറിച്ചു പരമ്പരാഗത വിശ്വാസത്തിന്റെയും രീതികളുടെയും സ്വാഭാവിക പരിണാമമാകാൻ ഇടയുണ്ട്.സ്വാഭാവിക പരിണാമത്തെ ഈ രീതിയിൽ മനസിലാക്കാൻ പറ്റിയില്ലെങ്കിൽ സംഘർഷമുണ്ടാകുമെന്നുമാത്രമല്ല വളർച്ചയും സ്വസ്ഥതയും നഷ്ടപ്പെടുകയും ചെയ്യും. തീർവവാദത്തിന്റെ ബീജം വളർന്നുതുടങ്ങുകയും അതിനു വഴിയൊരുക്കുകയും ആകും ഫലം. ഈ മൂന്നു കാഴ്ചപ്പാടുകൾ അഥവാ സഭയുടെ ഔദ്യോഗിക കാഴ്ചപ്പാട്, ദൈവശാസ്ത്രജ്ഞരുടെ കാഴ്ചപ്പാട്, ഇന്നത്തെ പ്രേഷിതപ്രവർത്തനത്തിൽ നിന്നും ഉരുത്തിരിയുന്ന കാഴ്ചപ്പാട് തുടങ്ങിയവ ഒന്ന് വിശദീകരിക്കാം.
സഭയുടെ കാഴ്ചപ്പാട്
extra eclesiam nulla salus: “സഭക്ക് പുറത്തു രക്ഷയില്ല” എന്ന പതിനഞ്ചാം നൂറ്റാണ്ടിലെ ലാറ്ററൻ കൗൺസിലിന്റെ (1438 1445) പ്രഖ്യാപനം അതിന്റെ സാഹചര്യവും ചരിത്രവും ഉദ്ദേശിച്ച അർത്ഥവും തെറ്റിദ്ധരിക്കപ്പെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും അർത്ഥവ്യതിയാനങ്ങൾ മനസിലാക്കാതെയുള്ള ഒരു പ്രേഷിത ചൈതന്യവും പ്രേഷിത പ്രവർത്തനവും ഒരു കാലത്തു ഉണ്ടായി എന്ന് മനസിലാക്കണം. അന്ന് ഉദ്ദേശിച്ചതും ഇന്ന് സഭ ഔദ്യോഗികമായി മനസിലാക്കുന്നതും പഠിപ്പിക്കുന്നതുമായ കാഴ്ചപ്പാടിൽ നിലനിന്നുകൊണ്ടുള്ള ഒരു പ്രേഷിത ചൈതന്യവും പ്രേഷിത ത്വരയുമാണ് നമുക്കാവശ്യം.
അന്നത്തെ നിലപാട് അതിന്റെ ചരിത്രപശ്ചാത്തലത്തിൽ പുനർവ്യാഖ്യാനം ചെയ്യുകകൂടി വേണം. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Ad gentes എന്നപ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രമാണരേഖയുടെ ആമൂഹത്തിൽ ദൈവജനം ലോകം മുഴുവൽ പ്രചരിക്കണമെന്നും ദൈവരാജ്യം ലോകം മുഴുവൻ പ്രചരിക്കണമെന്നും പ്രതിപാദിക്കുന്നുണ്ട്. (Mk .16 :16 ; 1 Thes .3 :1 ). വിശ്വാസികളുടെ ശക്തി സംഘടിപ്പിക്കണമെന്നും തത്വങ്ങളുടെ മാർഗരേഖ നൽകണമെന്നും അവിടെ പ്രതിപാദനമുണ്ട്. എന്നാൽ എന്താണ് പ്രേഷിത പ്രവർത്തനമെന്നും എന്താണ് ദൈവാരാജ്യമെന്നും മനസിലാക്കിക്കൊണ്ടുമാത്രമേ ഈ ആമുഖം വ്യാഖ്യാനിക്കാൻ സാധിക്കുകയുള്ളു.
തത്വങ്ങൾ വിവരിക്കുന്ന ഒന്നാമത്തെ അദ്ധ്യായത്തിൽ ഈശോ പ്രേഷിതനായിരുന്നു എന്നും ഈശോ പ്രസംഗിച്ചത് ഭൂമിയുടെ അതിർത്തി വരെയും പ്രസംഗിക്കപ്പെടണമെന്നും പ്രേഷിതപ്രവർത്തനം യാഥാർഥ്യമാകാൻ ശക്തി ലഭിക്കാനാണ് അവിടുന്ന് പരിശുദ്ധാല്മാവിനെ അയച്ചത് എന്നും പറയുന്നു. ക്രിസ്തുവിന്റെ ശിഷ്യർ സുവിശേഷം പ്രസംഗിക്കാൻ അയക്കപ്പെട്ടുവെന്നും പ്രേഷിതപ്രവർത്തനം സഭാമക്കളുടെ എല്ലാവരുടെയും ചുമതല ആണെന്നുമുള്ള പ്രസ്താവനയും പ്രേഷിതപ്രവർത്തനം ലക്ഷ്യമാക്കുമ്പോൾ അത് വിവിധ രൂപഭാവങ്ങളിലാകാം എന്ന സൂചനയും പരിചിന്തനത്തിനു വിധേയമാകണം
സഭയുടെ ഒരു പ്രധാന സാക്ഷ്യം പ്രേഷിതപ്രവർത്തനമെന്ന് സഭപഠിപ്പിക്കുന്നു. മാത്രമല്ല എന്താണ് പ്രേഷിത പ്രവർത്തനമെന്നും എങ്ങിനെയാണ് പ്രേഷിതപ്രവർത്തനം നടത്തേണ്ടതെന്നും സഭ നിർദേശിക്കുന്നുണ്ട്.
പ്രേഷിത പ്രവർത്തനത്തിന് വിവിധ ഘട്ടങ്ങൾ വേണ്ടെന്നും സഭ വിശ്വസിക്കുന്നു. ഉദാഹരണത്തിന് സുവിശേഷം കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിലും വളർച്ച പ്രാപിച്ച സഭയിലും വ്യത്യസ്തങ്ങളായ പ്രേഷിതപ്രവർത്തനങ്ങളാണ് നടക്കേണ്ടത്. പ്രേഷിതപ്രവർത്തനം സഭയുടെ ആന്തരികസ്വഭാവത്തിൽ നിന്നും ഉത്ഭവിച്ചതാണ്. സുവിശേഷം കേട്ടിട്ടില്ലാത്തിടത്തു സുവിശേഷം എത്തിക്കണം എന്നത് സഭയുടെ നയമാണ്. സുവിശേഷവൽക്കരണത്തിലൂടെ ക്രൈസ്തവസമൂഹം ദൈവജനത്തെ ഒരുമിച്ചുകൂട്ടുക, രൂപവൽക്കരിക്കുക എന്നതും സഭയുടെ ലക്ഷ്യമാണ്. നേരിട്ട് പ്രസംഗിക്കാൻ സാധിക്കാത്തിടത്തു ക്ഷമയോടെ കാത്തിരിക്കണം. വിവേകവും ക്ഷമയും കാരുണ്യവും കാണിക്കണം എന്നും കൗൺസിൽ നിർദേശിക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group