October 24 – വിശുദ്ധ അന്തോണി ക്ലാരെറ്റ്

1807-ൽ നെപ്പോളിയനും സ്പെയിനുമായി  യുദ്ധം നടക്കുന്ന കാലഘട്ടത്തിലാണ് സ്പെയിനിലെ  കാറ്റലോണിയയിൽ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്ത് വിശുദ്ധ അന്തോണി ക്ലാരറ്റിന്റെ ജനനം.  അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം അന്തോണിക്ക് ലഭിച്ചിരിന്നു. പിതാവിനെ സഹായിക്കുന്നതോടൊപ്പം ഒഴിവു നേരങ്ങളിൽ ലത്തിൻ ഭാഷയും മുദ്രണവിദ്യയും അഭ്യസിക്കുകയും ചെയിത അന്തോണി  ജെസ്യൂട്ട്കാരുടെ ആശ്രമത്തിൽ  ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേർന്ന അന്തോണി ആത്മീയ കാര്യങ്ങളിൽ കൂടുതൽ തല്പരനായി.  ആശ്രമജീവിതത്തിന്റെ ആരംഭകാലം മുതൽ ഒരു വൈദികനാവണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ഉടലെടുത്തിരുന്നു. അങ്ങനെ 1835-ല്‍  പൗരോഹിത്യ പട്ടം സ്വീകരിച്ച അദ്ദേഹം തന്റെ സ്വന്തം ഇടവകയില്‍ തന്നെ വികാരിയായി ‘. പിന്നീട് ഇടവക സേവനത്തിനു ശേഷം വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി.

               റോമിലെ തന്റെ സേവനത്തിന് ശേഷം സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ സ്പെയിനിലെ  ഒരു ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിച്ചു . അദ്ദേഹത്തിന്റെ അപ്പോസ്തോലിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, കൂടാതെ  മതപ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും ചെയ്തു. മതപരമായ വിഷയങ്ങളിലുപരി സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലും പണ്ഡിതനായിരുന്ന വിശുദ്ധൻ  ഏതാണ്ട് 150 ഗ്രന്ഥങ്ങളോളം രചിച്ചിട്ടുണ്ട്. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദേഹതിനെതിരായി തിരിയുകയും തൽഫലമായി കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോവുകയും ചെയ്തു.

            ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം പുനരാരംഭിച്ചു. 1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ തുടക്കംകുറിച്ചു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു.

           അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങളുമായി മുന്നോട്ട് പോയി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിശുദ്ധന് നിരന്തരമായ വധഭീഷണി നേരിടേണ്ടി വന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുമ്പസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് നിയോഗിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തിയ വിശുദ്ധൻ  എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുകയും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുകയും ചെയ്തു.പലപ്പോഴും പ്രാർത്ഥന നിർഭരനായ വിശുദ്ധന് ദൈവിക സാമീപ്യം അനുഭവിക്കാൻ സാധിച്ചിട്ടുണ്ട്.

          1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലേക്ക് പോയപ്പോൾ  ഇസബെല്ല-II നാടുകടത്തപെടുകയും അന്തോണി  രാജ്ഞിയെ പിന്തുടരുകയും ചെയ്തു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍  ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടു തടങ്കലിലാക്കപ്പെട്ട അദ്ദേഹം അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ 1870-ൽ  നിര്യാതനായി. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ പിന്നീട് വിച്ചിലേക്ക് തിരികെ കൊണ്ടുവരുകയും 1950-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group