പ്രകാശം പരത്തുന്ന മാലാഖമാർ…

ലാസലെറ്റ് സഭയുടെ വയനാട്ടിലെ നടവയല്‍ ആശ്രമത്തിനുസമീപത്താണ് എസ്ഡി സഭയുടെ കോണ്‍വെന്റ്. ഇവിടെ വച്ചാണ് സിസ്റ്റര്‍ അനീഷ അറയ്ക്കലിനെ പരിചയപ്പെട്ടത്. എറണാകുളത്തെ ഉദയനഗറില്‍ 65 ഓളം പാവങ്ങള്‍ക്ക് സ്വന്തമായി നല്ലൊരു ഭവനം നിര്‍മ്മിച്ചശേഷമാണ് സിസ്റ്റര്‍ വയനാട്ടില്‍ എത്തിയിരിക്കുന്നത്.
മാത്രമല്ല കേരളത്തിലെ ഏറ്റവും മികച്ചൊരു ബാന്റ് സെറ്റും ചെണ്ടമേളം ഗ്രൂപ്പും രൂപീകരിക്കുന്നതിലും എസ്ഡി സിസ്റ്റേഴ്‌നൊപ്പം സിസ്റ്റര്‍ അനീഷയും പങ്കാളിയായിട്ടുണ്ട്.മഴപെയ്താല്‍ നനഞ്ഞൊലിക്കുന്ന പ്രളയജലത്തില്‍ മുങ്ങിത്താഴുന്ന കൊച്ചിയിലെ വീടുകളെ സുരക്ഷിതമാക്കിയ കഥ സിസ്റ്റര്‍ പറഞ്ഞത് അത്ഭുതത്തോടെയാണ് കേട്ടത്.”മുപ്പത് വര്‍ഷംമുമ്പാണ് എസ്ഡി സന്യാസസഭയിലെ അംഗങ്ങള്‍ എറണാകുളം സൗത്ത് റയില്‍വേസ്റ്റേഷനു സമീപമുള്ള ഉദയകോളനിയില്‍ എത്തുന്നത്. ബ്രദര്‍ മാവൂരൂസാണ് സഭയെ ഇവിടേക്ക് ക്ഷണിക്കുന്നത്. അങ്ങനെ സ്‌കൂളിലെ അധ്യാപനം ഉള്‍പ്പെടയുള്ള ജോലികളെല്ലാം മാറ്റിവച്ച് സിസ്റ്റര്‍ റിഡംപ്റ്റയും സിസ്റ്റര്‍ നവീനയുമൊക്കെ ഈ കോളനിയിലെത്തി. ”ഈശോയുടെ കരുണാര്‍ദ്രസ്‌നേഹം എന്നെ നിര്‍ബന്ധിക്കുന്നു” എന്ന സഭയുടെ കാരിസമായിരുന്നു സിസ്റ്റേഴ്‌സിനെ ഈ കോളനിയില്‍ എത്തിച്ചത്. എവിടെയൊക്കെയാണോ കന്യാസ്ത്രീികളുടെ ആവശ്യമുള്ളത് അവിടേക്ക് ഇറങ്ങിച്ചെല്ലാനുളള സഭയുടെ സ്ഥാപകപിതാവ് പയ്യപ്പിള്ളി അച്ചന്റെ ആഹ്വാനമായിരുന്നു ഇതിനുളള പ്രചോദനം.
ആദ്യകാലത്ത് ചീത്തവാക്കുകളൊടെയാണ് കോളനിക്കാര്‍ സിസ്റ്റേഴ്‌സിനെ എതിരേറ്റത്. ഒരു രാത്രിപോലും കഴിയാനാവില്ലെന്ന് കരുതിയ നാളുകള്‍. എന്നാല്‍ ശക്തമായ പ്രാര്‍ഥനയോടെ ആ രണ്ടു സിസ്റ്റേഴ്‌സും അവിടെക്കഴിഞ്ഞു. പുറത്ത് ചീത്തവാക്കുകള്‍ മുറുകുമ്പോള്‍ രൂപത്തിനുമുന്നില്‍ കത്തിച്ചുവെച്ച മെഴുകുതിരികളുമായി അവര്‍ മനമുരുക്കി. ചീത്ത പറയുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുകുറഞ്ഞുവന്നു. അവസാനം അവരെല്ലാം സിസ്റ്റേഴ്‌സിന്റെ ഉറ്റമിത്രങ്ങളായി.” സിസ്റ്റര്‍ അനീഷ പറയുന്നു.

കുട്ടികള്‍ സ്‌കൂളിലേക്ക്

”അക്കാലത്ത് കോളനിയിലെ ഭൂരിപക്ഷം കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ടായിരുന്നില്ല. ലോട്ടറി ടിക്കറ്റ് പോലുള്ള ബിസിനസുകളാണ് അവര്‍ക്കിഷ്ടം. സിസ്റ്റേഴ്‌സ് ഭവനസന്ദര്‍ശനം പതിവാക്കിയതോടെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചു. കോളനിയിലെ പരസ്യ മദ്യപാനവും വഴക്കുകളുമൊക്കെ കുറഞ്ഞുവന്നു. പതുക്കെ പതുക്കെ ‘അന്ധകാരകോളനി’ ഉദയകോളനിയായി രൂപപ്പെട്ടു തുടങ്ങി.
വൈകാതെ കുട്ടികള്‍ക്ക് ട്യൂഷന്‍ ആരംഭിച്ചു. ട്യൂഷനു വരുന്നവര്‍ക്കു നല്‍കുന്ന ഉച്ച ഭക്ഷണമായിരുന്നു ആദ്യം കുട്ടികളുടെ ലക്ഷ്യമെങ്കില്‍ പതുക്കെ അതു പഠനത്തിലേക്കു വഴിമാറി.
സിസ്റ്റേഴ്‌സ് അവരെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്തു. നല്ലരീതിയില്‍ ബാന്റില്‍ പരിശീലനം നേടിയ കുട്ടികള്‍ പള്ളിത്തിരുനാളിലും പൊതുചടങ്ങുകളിലും പോവാനും ചെറിയൊരു വരുമാനം സ്വന്തമാക്കാനും തുടങ്ങി. ആ കുട്ടികളില്‍ ചിലര്‍ക്ക്പിന്നീട് പോലീസിലും പട്ടാളത്തിലുമൊക്കെ നിയമനവും ലഭിച്ചു.” സിസ്റ്റര്‍ അനീഷ പങ്കുവെയ്ക്കുന്നു.

വിരുന്നുകാരെത്തുന്ന വീടുകള്‍

”ആറുവര്‍ഷം മുമ്പാണ് ഞാനവിടെ ചെല്ലുന്നത്. രണ്ടുപതിറ്റാണ്ട് പ്രിസണ്‍ മിനിസ്ട്രിയില്‍ വര്‍ക്ക് ചെയ്ത ധൈര്യമാണ് എന്നെ അവിടേക്ക് നയിച്ചതെന്ന് പറയാം.
കൊച്ചിയില്‍ വര്‍ഷങ്ങളായി വെള്ളക്കെട്ട് ഭീഷണിയുള്ള പ്രദേശങ്ങളിലൊന്നാണ് ഉദയകോളനി. 120 ചെറിയ വീടുകളാണ് ഇവിടെയുള്ളത്. ഏതു മഴയത്തും അഴുക്കുവെള്ളം ഇവരുടെ വീട്ടിലേക്ക് കയറിവരും. അവരുടെ അപ്പോഴത്തെ മാനസികക്ലേശം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇതിന് എന്തു പ്രതിവിധി ചെയ്യാന്‍ കഴിയുമെന്നായി പിന്നീടെന്റെ ചിന്ത. അങ്ങനെയിരിക്കുമ്പോഴാണ് പ്രധാനമന്ത്രി ആവാസ് യോജന എന്നൊരു പദ്ധതിയെക്കുറിച്ച് കേള്‍ക്കുന്നത്. കോളനിയിലെ 60 ഓളം പേര്‍ക്ക് ആ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും കേട്ടു. എന്നാല്‍ ആരും വീടുപണിയാന്‍ തയ്യാറായില്ല. കാരണം പദ്ധതിവഴി ലഭിക്കുന്നത് നാലുലക്ഷം രൂപയാണ്. അതുകൊണ്ട് വാസയോഗ്യമായൊരു വീടു പണിയുക തീര്‍ത്തും അസാധ്യമായിരുന്നു. അവരുടെ ഈ ബുദ്ധിമുട്ടുകണ്ടപ്പോഴാണ് ഒരു ദൈവിക വെളിപാട് ലഭിച്ചത്. ‘നാലുലക്ഷം രൂപയുടെ പദ്ധതി അവര്‍ ഏറ്റെടുത്താല്‍ രണ്ടുലക്ഷം രൂപ എവിടെനിന്നെങ്കെിലും ഞാന്‍ സംഘടിപ്പിച്ച് തരാം.’ ഇങ്ങനെ അവരോട് പറഞ്ഞതോടെ ആളുകള്‍ക്ക് താല്പര്യമായി. എസ് ഡി സമൂഹത്തിന്റെ മേധാവികളുടെ പിന്തുണയായിരുന്നു മുന്നിലുള്ള ഏക ധൈര്യം.
പിന്നീടെന്റെ അന്വേഷണം മൂന്നുലക്ഷം രൂപയുടെ ഒരു ഭവനവായ്പ കൂടി സംഘടിപ്പിക്കാമോ എന്നായിരുന്നു. കോളനിയിലെ എല്ലാ വീടുകള്‍ക്കും മുക്കാല്‍ സെന്റ് സ്ഥലമാണ് ഉള്ളത്. ആ ചെറിയ സ്ഥലത്തിന് ലോണ്‍ കിട്ടാന്‍ പ്രയാസമാണ്. അപ്പോള്‍ കോ ഓപ്പേറേറ്റീവ് ബാങ്കുകള്‍ നല്‍കിയ ഉറപ്പുവഴി അതിനുള്ള സാമ്പത്തിക സാധ്യതയും തെളിഞ്ഞു. അങ്ങനെയാണ് ദൈവത്തില്‍ ആശ്രയിച്ച് വീടുനിര്‍മ്മാണത്തിനു തുടക്കം.
ആദ്യം വീടുനിര്‍മ്മാണത്തിനു തയ്യാറായി വന്നത് നാലുപേരാണ്. അവര്‍ക്ക് ഓഫര്‍ ചെയ്ത പണം കണ്ടെത്തിക്കൊടുത്തു. അവര്‍ വീടുപണി പൂര്‍ത്തിയാക്കിയപ്പോഴാണ് വലിയൊരു പ്രളയം കൊച്ചിയെ മൂടുന്നത്. എന്നാല്‍ അത്ഭുതമെന്ന് പറയയട്ടെ. പുതുതായി നിര്‍മ്മിച്ച ഈ നാലു വീടുകളിലും തെല്ലും വെള്ളം കയറിയില്ല, അതു കണ്ടതോടെ കൂടുതല്‍ പേര്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ധൈര്യപ്പെട്ടു മുന്നോട്ട് വന്നു.” സിസ്റ്റര്‍ പറയുന്നു.
ചിറമ്മേലച്ചനെപ്പോലെയുളളവര്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും ഇതിനാവശ്യമായ ധനസമാഹരണം നടത്തി. ഒന്നേകാല്‍ കോടിയോളം രൂപ ഇങ്ങനെ കണ്ടെത്തി. ഇതുവഴി എഴുപതോളം വീടുകളുടെ പണികള്‍ പൂര്‍ത്തിയായി.
രണ്ടുനിലകളായി നിര്‍മ്മിച്ച വീടിന്റെ താഴത്തെ നിലയില്‍ വരാന്ത, ഹാള്‍, അടുക്കള, ബാത്‌റൂം, മുകള്‍ നിലയില്‍ രണ്ടുകിടപ്പുമുറി, ബാത്‌റൂം എന്നിങ്ങനെയാണ് ക്രമീകരണം. വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഒരുകോടി 25 ലക്ഷം രൂപ വിവിധയിടങ്ങളില്‍ നിന്നായി സിസ്റ്റര്‍ സമാഹരിച്ചിരുന്നു. അങ്ങനെയാണ് 65 വീടുകള്‍ക്ക് മൊത്തത്തില്‍ ഫണ്ട് നല്‍കാന്‍ കഴിഞ്ഞത്. മുമ്പ് വിരുന്നുകാരായി ആരെയും കോളനിക്കാര്‍ വീട്ടിലേക്ക് ക്ഷണിക്കാറില്ലായിരുന്നു. എന്നാലിന്ന് അവര്‍ മനോഹരമായ വീട്ടിലേക്ക് ആളുകളെ ക്ഷണിക്കുന്നു. എഞ്ചിനീയറിംഗും എല്‍എല്‍ബിയും നഴ്‌സിംഗും ബിഎഡും ഒക്കെ പഠിച്ചവര്‍ ഇന്ന് ഇവിടെയുണ്ട്. പലരും ജോലി നേടിക്കഴിഞ്ഞു.

‘ഡ്രീം വില്ലേജ് വയനാട്’

ഉദയ കോളനിയിലെ ഈ സ്വപ്‌നപദ്ധതി നല്‍കിയ അനുഭവസമ്പത്തുമായി സിസ്റ്റര്‍ അനിഷ ഇപ്പോള്‍ വയനാട്ടിലെ നടവയലില്‍ പുതിയ സേവനരംഗത്തേക്കു പ്രവേശിച്ചിരിക്കുകയാണ്. അവിടെ ‘ഡ്രീം വില്ലേജ് വയനാട്’ എന്ന പ്രോജക്ട് എസ്ഡി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പദ്ധതി ഉദ്ഘാടനം ചെയ്തു. രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ കൂടി ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
എസ്ഡി സന്യാസസമൂഹത്തിന്റെ ജൂബിലി ഉപഹാരമായി ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാര്‍ത്ഥം പനമരം, കണിയാമ്പറ്റ, പൂതാടി പഞ്ചായത്തിലെ നാലുവാര്‍ഡുകളിലായി 300 കുടുംബങ്ങളെ ഇതിനായി ദത്തെടുത്തുകഴിഞ്ഞു. ജനപ്രതിനിധികളുമായി ചേര്‍ന്ന് ശാസ്ത്രീയ പഠനത്തിലൂടെ തിരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, വീട് , ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നിവ നല്‍കി അവരെ ഉന്നതിയിലെത്തിക്കുകയാണ് ലക്ഷ്യം. ഒരു കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എസ്ഡി സഭയുടെ സെന്റ് മേരീസ് പ്രൊവിന്‍സും കായക്കുന്ന് എസ്ഡി സിസ്റ്റേഴ്‌സും ഇതിന് ചുക്കാന്‍ പിടിക്കുന്നു.
അതെ, ഒരു സമൂഹത്തിന് വെളിച്ചമായവര്‍ക്ക് എവിടെയായാലും ആ പ്രകാശം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. സിസ്റ്റര്‍ അനീഷയുടെ ഈ വാക്കും പ്രവൃത്തിയും നമുക്കും പ്രചോദനമായി മാറട്ടെ. സിസ്റ്റര്‍ അനീഷ ഫോണ്‍: 8281063290

കടപ്പാട് :ജയ്‌മോന്‍ കുമരകം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group