റേഡിയോ കോളര്‍ ഘടിപ്പിച്ച മറ്റൊരു ആന കൂടി വയനാട്ടില്‍; നിരീക്ഷിക്കാൻ കര്‍ണാടകയുടെ സഹായം തേടി വനം വകുപ്പ്

തണ്ണീർക്കൊമ്പനു പുറമേ റേഡിയോ കോളർ ഘടിപ്പിച്ച മറ്റൊരു കർണാടക ആന കൂടി വയനാട്ടില്‍ എത്തിയതായി വനം വകുപ്പ്.

നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഒരു മാസം മുമ്പാണ് വയനാട് വന്യജീവിസങ്കേതത്തില്‍ ഈ ആനയുടെ സാന്നിധ്യം മനസ്സിലാക്കിയത്. മൂന്നു ദിവസം മുൻപ് സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള പാതിരി സെക്ഷനിലെ വനത്തില്‍ ആനയെത്തിയിട്ടുണ്ട്.

ആനയെ നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പിനെ സമീപിച്ചിരുന്നു. റേഡിയോ കോളർ യൂസർ ഐഡിയും പാസ്വേഡും ലഭിച്ചിട്ടുണ്ട്. ഇടയ്ക്കിടെ സിഗ്നല്‍ നഷ്ടപ്പെടുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. ആനയുടെ നീക്കങ്ങളറിയാൻ ആന്റിനയും റസീവറും ആവശ്യപ്പെട്ട് കർണാടക മുഖ്യവനപാലകനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും കെ.എസ്. ദീപ പറഞ്ഞു.

തണ്ണീർകൊമ്പന്റെ റേഡിയോകോളർ വിവരങ്ങള്‍ ലഭിച്ചതും ആന മാനന്തവാടി നഗരത്തില്‍ ഇറങ്ങിയശേഷമാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജനവുമുണ്ടായില്ല. ആനയെ മയക്കുവെടിവെച്ച്‌ പിടിച്ചത് എല്ലാ ചട്ടങ്ങളും പാലിച്ചാണ്. ഇവിടെനിന്ന് സുരക്ഷിതമായി മാറ്റാൻ മയക്കുവെടിയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു.

മാനന്തവാടിയിലെത്തുന്നതിനു തലേദിവസം തലപ്പുഴയിലും സമീപ പ്രദേശങ്ങളിലും ഇറങ്ങിയ ആനയെ കാടുകയറ്റുന്നതിനായി മുപ്പതോളം വനപാലകർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഇത് വിജയിച്ചില്ല. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതുമുതല്‍ മയക്കുവെടിവെച്ച്‌ ബന്ദിപ്പുരില്‍ എത്തിക്കുന്നതുവരെ കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടെയാണ് പ്രവർത്തിച്ചത്.ഓപ്പറേഷനില്‍ കർണാടക വനംവകുപ്പിന്റെ പൂർണ സഹകരണവുമുണ്ടായിരുന്നു.

മയക്കുവെടിവെച്ചത് വിദഗ്ധനായ ഡോക്ടറുടെ നേതൃത്വത്തിലാണ്. നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ല. ശാരീരികാവസ്ഥകള്‍ പരിശോധിച്ച ശേഷമാണ് എലിഫെന്റ് ആംബുലൻസില്‍ കയറ്റിക്കൊണ്ടുപോയത്. ആന ചരിഞ്ഞത് ടി.ബി. ഉള്‍പ്പെടെയുള്ള മറ്റു അസുഖങ്ങള്‍മൂലമാണെന്നാണ് പോസ്റ്റുമാർട്ടത്തിലെ പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ടുകൂടി പുറത്തുവന്നാല്‍മാത്രമേ കാര്യങ്ങള്‍ വിശദമാകൂ.

രാത്രിയോടെ മാനന്തവാടിയില്‍നിന്ന് കൊണ്ടുപോയ ആന പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്. രാവിലെ ഒൻപതരയ്ക്ക് കേരള- കർണാടക വനംവകുപ്പുകള്‍ ചേർന്ന് പോസ്റ്റ്മോർട്ടം നടപടികള്‍ തുടങ്ങിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് മുമ്ബും ശേഷവുമുള്ള നടപടികള്‍ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നടപടിക്രമങ്ങളുടെ ഭാഗമായാണെന്നും അവർ പറഞ്ഞു.

വയനാട് വൈല്‍ഡ് ലൈഫ് വാർഡൻ ജി. ദിനേഷ്, നോർത്ത് വയനാട് ഡി.എഫ്.ഒ. കെ.ജെ. മാർട്ടിൻ ലോവല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ.എ. ഷജ്ന, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് മോഹൻദാസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group