ക്രൈസ്തവ വിരുദ്ധത:വളര്‍ത്താനുള്ള ശ്രമങ്ങളും പടരുന്ന തലങ്ങളും (KCBC Jagratha News – June 2021)

2011ലെ സെന്‍സസ് പ്രകാരം ആകെ ജനസംഖ്യയുടെ 18.3% ആണ് കേരളത്തിലെ ക്രൈസ്തവ അനുപാതം. ചരിത്രം, പാരമ്പര്യം, വിശ്വാസം തുടങ്ങിയ കാരണങ്ങളാല്‍ വ്യത്യസ്ത വിഭാഗങ്ങളായി കാണപ്പെടുന്ന ക്രൈസ്തവരില്‍ കത്തോലിക്കര്‍ 61 ശതമാനവും ഓര്‍ത്തോഡോക്‌സ് –യാക്കോബായ സഭാംഗങ്ങള്‍ 23 ശതമാനവും പെന്തക്കോസ്ത് – പ്രൊട്ടസ്റ്റന്റ്് സഭാംഗങ്ങള്‍ 16 ശതമാനവും ആണ്.ഓരോ വിഭാഗവും തങ്ങളുടെ തനിമയും പൈതൃകവും സംരക്ഷിക്കുന്നതോടൊപ്പം, ഒരു ദേശത്തെ ഉണര്‍ത്താനും വളര്‍ത്താനുമായി, ഒരൊറ്റ സമുദായമായി – ക്രൈസ്തവ സമുദായമായി സ്വയം സമര്‍പ്പിച്ച ചരിത്രമാണ് കേരളത്തിലേത്. ഈ സമുദായം ഇവിടെ ജനസംഖ്യയില്‍ ഭൂരിപക്ഷമല്ല, സാമ്പത്തികമായി ശക്തവുമല്ല. എന്നിട്ടും നിരവധി ആതുരാലയങ്ങളിലൂടെയും അഭയകേന്ദ്രങ്ങളിലൂടെയും കരുതലിന്റെയും പങ്കുവെയ്ക്കലിന്റെയും അനുഭവം പകര്‍ന്നുനല്കിയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പ്രാഥമിക – ഉന്നത അറിവും നെറിവുമേകിയും, സാംസ്‌കാരിക പ്രസ്ഥാനങ്ങളിലൂടെ ഉദാത്തമായ സൗഹാര്‍ദ്ദത്തിന്റെയും, സമത്വത്തിന്റെയും ദര്‍ശനങ്ങളേകിയും സാമൂഹിക നീതിയും സമത്വവും ഉറപ്പുവരുത്താന്‍ നിരന്തരം ഇടപെടലുകള്‍ നടത്തിയും കേരളമെന്ന നാടിനെ ദൈവത്തിന്റെ സ്വന്തം നാടായി പണിതുയര്‍ത്താന്‍ ശ്രമിച്ചവരാണ് ഇന്നാട്ടിലെ ക്രൈസ്തവര്‍. സാമുദായിക വികസനം എന്ന ഇടുങ്ങിയ ചിന്താഗതിയില്‍ ഒതുങ്ങി നില്‍ക്കാതെ, സാമൂഹിക വികസനം എന്ന വിശാലമായ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിച്ചവരാണവര്‍. അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ മനുഷ്യസ്‌നേഹികളായ അത്മായസമര്‍പ്പിത നേതൃത്വം എക്കാലവും ഈ നാട്ടിലെ ജനതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. മതമോ രാഷ്ട്രീയമോ നോക്കിയായിരുന്നില്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൈസ്തവ സമുദായം നേതൃത്വം നല്കിയിരുന്നത്. മറിച്ച്, അവഗണിക്കപ്പെട്ടിരുന്ന തീരദേശ – മലയോര മേഖലകളുള്‍പ്പെടെ തങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്ന എല്ലായിടത്തും നാടിന്റെ വികസനവും ജനതയുടെ അഭിവൃദ്ധിയും ആയിരുന്നു ക്രൈസ്തവസമുദായത്തിന്റെ പരമമായ ലക്ഷ്യം. എന്നിട്ടും ഈയടുത്ത കാലത്തായി വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും അപഹസിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമായി ഇവിടുത്തെ ക്രൈസ്തവര്‍ മാറ്റപ്പെട്ടിരിക്കുന്നു. ക്രൈസ്തവരുടെ വിശ്വാസവും, ജീവിതരീതികളും, എന്തിനേറെ അവരുടെ സേവനങ്ങള്‍ പോലും അവഹേളിക്കപ്പെടുന്നു. ന്യായമായ ആവശ്യങ്ങളില്‍ പോലും ക്രൈസ്തവരുടെ പക്ഷത്തു നില്ക്കാന്‍ ഇവിടുത്തെ ഭരണ സംവിധാനങ്ങളോ, രാഷ്ട്രീയ പാര്‍ട്ടികളോ പലപ്പോഴും തയ്യാറാകുന്നില്ല. പരിതാപകരമെന്ന് പറയട്ടെ, ക്രൈസ്തവ സമൂഹത്തിനുള്ളില്‍ തന്നെ വിഭാഗീയതയും വേര്‍തിരിവുകളും വര്‍ദ്ധിച്ചുവരുന്നു. ബാഹ്യ ഇടപെടലുകളാല്‍ ഗൗരവമായ സംഘര്‍ഷങ്ങളായി അവ മാറുകയും ചെയ്യാറുണ്ട്. കേരള സമൂഹത്തില്‍ കാലികമായി വ്യാപകമായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധതയെ ഈ ലേഖനത്തില്‍ചുരുക്കത്തില്‍ അനാവരണം ചെയ്യുകയാണ്. രാഷ്ട്രീയത്തിലെ
വര്‍ഗ്ഗീയതയുടെവളര്‍ച്ച വര്‍ഗ്ഗീയ ധ്രുവീകരണം ശക്തമായിക്കൊണ്ടിരിയ്ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഭാരതത്തില്‍ ഇന്ന് നിലവിലുള്ളത്. വര്‍ഗ്ഗീയതയില്‍ അന്യവത്കരണം അന്തര്‍ലീനമാണ്. ഇതര മതസമുദായത്തില്‍പ്പെട്ടവരോടുള്ള വിദ്വേഷം ഈ അന്യവത്കരണത്തിന്റെ പ്രകടനമാണ്. ക്രൈസ്തവ വിദ്വേഷം വളര്‍ത്തുന്നതില്‍ ഈ രാഷ്ട്രീയാന്തരീക്ഷത്തിന് മുഖ്യപങ്കുണ്ട്. അസത്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്രൈസ്തവര്‍ക്കെതിരായ നിലപാട് സൃഷ്ടിച്ചവരില്‍ ഭൂരിപക്ഷ – ന്യൂനപക്ഷ വര്‍ഗ്ഗീയപാര്‍ട്ടികളും അവയോടു ബന്ധപ്പെട്ട പ്രസ്ഥാനങ്ങളും ഉണ്ട്. നിസ്വാര്‍ത്ഥമായ സേവനങ്ങളെപ്പോലും മതം മാറ്റമായും ചൂഷണമായും അവതരിപ്പിച്ചുകൊണ്ട് ശ്രോതാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തെരുവ് പ്രസംഗങ്ങളും ചാനല്‍ പരിപാടികളും ഇന്നും സജീവമാണ്. വര്‍ഗ്ഗീയതയില്‍ അധിഷ്ടിതമായ രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും അധികാരത്തിലേക്കുള്ള ഇടനാഴികകളില്‍ സജീവമാകുമ്പോള്‍, രാഷ്ട്രീയമായി അത്രതന്നെ സംഘടിതമല്ലാത്തവരും ദുര്‍ബലരുമായ സമുദായങ്ങളുടെ നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യമാണ് ഇന്ന് ഭാരതത്തിലുടനീളവും, കേരളത്തില്‍ പ്രത്യേകിച്ചും. നിലവില്‍, ഭൂരിപക്ഷ വര്‍ഗ്ഗീയതയേക്കാള്‍ ക്രൈസ്തവ വിരോധം പൊതുജനമധ്യത്തില്‍ വളര്‍ത്തുന്നത് ന്യൂനപക്ഷ വര്‍ഗ്ഗീയ ഗ്രൂപ്പുകള്‍ ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. അതിനര്‍ത്ഥം, ഭൂരിപക്ഷ പാര്‍ട്ടികള്‍ നിഷ്‌ക്രിയരാണെന്നല്ല, നിലവിലെ സാഹചര്യങ്ങളില്‍ കേരളത്തില്‍ ക്രൈസ്തവവിരുദ്ധത ബോധപൂര്‍വം വളര്‍ത്താന്‍ ശ്രമിക്കുന്നതില്‍, ഒരു പടി മുന്നിട്ടുനില്‍ക്കുന്നതു ന്യൂനപക്ഷങ്ങളിലെ ചില വര്‍ഗ്ഗീയ ഗ്രൂപ്പുകള്‍ ആണെന്നാണ്. പെരുകുന്ന ജനസംഖ്യ ചില സമുദായ സംഘടനകള്‍ വോട്ടുബാങ്കായി അവതരിപ്പിച്ച് വിലപേശലുകള്‍ നടത്തുമ്പോള്‍, പാര്‍ശ്വവത്കരിക്കപ്പെടുന്നത് രാഷ്ട്രീയമായി സംഘടിതമല്ലാത്ത സമുദായങ്ങളാണ്, കേരളത്തില്‍ അത് പ്രധാനമായും ക്രൈസ്തവരാണ്. ന്യൂനപക്ഷ അവകാശങ്ങളില്‍ ബഹുഭൂരിഭാഗവും ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷം കരസ്ഥമാക്കുന്നതിലെ വ്യാപകമായ ക്രമക്കേടുകളെകുറിച്ച് ക്രൈസ്തവര്‍ ഉന്നയിച്ച പരാതികളെ കണ്ടില്ലെന്ന് നടിക്കുകയായിയിരുന്നു ഇക്കാലമൊക്കെയും അധികാരികളും, സര്‍ക്കാരിലെ ന്യൂനപക്ഷക്ഷേമ വകുപ്പും. ഈയടുത്തകാലത്തായി ന്യൂനപക്ഷ അവകാശങ്ങളിലെ കടുത്ത അനീതികളെകുറിച്ച് ക്രൈസ്തവര്‍ ആഴത്തില്‍ മനസിലാക്കുകയും നിയമപരമായി കാര്യങ്ങളെ ക്രമീകരിക്കാന്‍ ഭരണാധികാരികളോട് ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായി ജെ. ബി കോശി കമ്മീഷന്‍ നിയമിക്കപ്പെട്ടു. മാത്രവുമല്ല, ന്യൂനപക്ഷ വകുപ്പ് കാലാകാലങ്ങളായി ഒരു സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കൈവശപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും, മുഖ്യമന്ത്രി തന്നെ ആ വകുപ്പ് കൈകാര്യം ചെയ്യണം എന്നുമുള്ള ആവശ്യം പുതിയ കേരള സര്‍ക്കാര്‍ ഗൗരവമായി എടുത്തത് ആശ്വാസകരമാണ്. ആരുടെയും അവകാശങ്ങളെ ഇല്ലാതാക്കാനോ പിടിച്ചു പറിക്കാനോ ക്രൈസ്തവര്‍ പോയിട്ടില്ല, എന്നിട്ടും ന്യായമായ ആവശ്യങ്ങളെ പുച്ഛിക്കുകയും ക്രൈസ്തവ സഭാസമുദായ നേതാക്കളെ അവഹേളിക്കുകയുമാണ് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷ സമുദായത്തിലെ ചിലര്‍ ചെയ്തത്. ആ സമുദായ അംഗങ്ങള്‍ക്കിടയില്‍ ക്രൈസ്തവ വിരോധം വര്‍ദ്ധിപ്പിക്കാന്‍ ചിലരുടെ പ്രസംഗങ്ങളും മാധ്യമം, തേജസ്, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ വിവിധ ലേഖനങ്ങളും കാരണമായി. ഹാഗിയാ സോഫിയ കത്തീഡ്രല്‍ വിവാദത്തില്‍ ക്രൈസ്തവ സഭകളുടെ നിലപാടുകള്‍ അറിയുവാനോ, ആ നിലപാടുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാനോ കേരളം പോലുള്ള വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്ത് വസിക്കുന്ന ഇതര സമുദായ അംഗങ്ങള്‍ക്ക് സാധിച്ചില്ല എന്നത് തന്നെ വര്‍ഗ്ഗീയമായി ഈ നാട് എന്തു മാത്രം ധ്രുവീകരിക്കപ്പെട്ടു എന്നതിന് ഒരു ഉദാഹരണമാണ്. ലവ്ജിഹാദിനെകുറിച്ച് അന്വേഷിക്കണം എന്ന് കേരള മെത്രാന്മാരുടെ സംഘം സര്‍ക്കാരിനോട്ആവശ്യപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാനായി ചില ഉറവിടങ്ങള്‍ കാട്ടിയ അമിതവും പ്രകോപനപരവുമായ ശുഷ്‌കാന്തി അതില്‍ത്തന്നെ സംശയാസ്പദമാണ്. തിരഞ്ഞെടുപ്പില്‍ കേവലം വോട്ട് ചെയ്യാന്‍ മാത്രമുള്ളവരാണ് ക്രൈസ്തവര്‍ എന്ന സമീപനത്തിന് ഒരു മാറ്റം സൃഷ്ടിക്കുവാന്‍ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ ക്രൈസ്തവ സമുദായം ഉപയോഗിച്ചു എന്ന് വേണം അനുമാനിക്കാന്‍. സമുദായപരമായും രാഷ്ട്രീയപരമായും ക്രൈസ്തവര്‍ സംഘടിക്കപ്പെടുമ്പോള്‍ അസഹിഷ്ണുതയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നവരാണ് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ക്രൈസ്തവവിരുദ്ധത വളര്‍ത്താന്‍ ശ്രമിക്കുന്നവരില്‍ അഗ്രഗണ്യര്‍ എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, നിലവിലെ സാഹചര്യത്തില്‍ ക്രൈസ്തവവിരുദ്ധത ബോധപൂര്‍വം വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ ത്രിവിധകാരണങ്ങള്‍ താഴെ പറയുന്നവയായാണ്.
(1) ന്യൂനപക്ഷ അവകാശങ്ങളിലെ അനീതികള്‍ക്കെതിരായുള്ള ക്രൈസ്തവരുടെ സംഘടിതമായ നീക്കം,
(2) ലവ്ജിഹാദിനെകുറിച്ച് ക്രൈസ്തവ സമൂഹം പ്രകടിപ്പിച്ച സംശയങ്ങള്‍,
(3) ഹാഗിയ സോഫിയാ കത്തീഡ്രല്‍ വിവാദം. വര്‍ഗ്ഗീയതയില്ലെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും ന്യായമായ ക്രൈസ്തവ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത് എന്നത് ശ്രദ്ധേയമാണ്. സംഭാവനകള്‍ ഗംഭീരമാകുമ്പോള്‍ അങ്ങനെയാകാതെ തരമില്ലല്ലോ. അര്‍ഹമായ അവകാശങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ക്രൈസ്തവര്‍ വര്‍ഗ്ഗീയവാദികളുംഎതിര്‍ക്കപ്പെടേണ്ടവരുമായിചിത്രീകരിക്കപ്പെട്ടു. എന്നാല്‍ എല്ലാം തങ്ങളുടെ സമുദായത്തിന് മാത്രം അവകാശപ്പെട്ടതാണ് എന്ന് കരുതുന്നവരാണ് മുഖ്യമായും ഈ ആരോപണത്തിന് പിന്നിലെന്നത് വിരോധാഭാസമാണ്. ആരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയവാദികളെന്ന് പൊതുസമൂഹം വിലയിരുത്തുകയും കാലം തെളിയിക്കുകയും ചെയ്യട്ടെ. ക്രൈസ്തവരോട്, വിശിഷ്യാ കത്തോലിക്കാ സമുദായത്തോട് അകല്‍ച്ച പുലര്‍ത്തിയിരുന്ന (സൈദ്ധാന്തികമായിട്ടെങ്കിലും) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ‘മതമില്ലാത്ത ജീവനും’ പുരോഹിതരെ ചൂഷകരും നിഷ്‌കൃഷ്ട്ടരുമായി കാണുന്ന സമീപനവും ഇപ്പോള്‍ പിന്തുടരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എങ്കിലും ക്രൈസ്തവവിരുദ്ധത ഇവിടെ വളര്‍ത്തിയെടുക്കുന്നതില്‍ ‘പാര്‍ട്ടിയും പാര്‍ട്ടി ക്ലാസുകളും’ രാഷ്ട്രീയ സ്വയം സേവകസംഘ പരിവാര്‍ പ്രസ്ഥാനങ്ങളെപ്പോലെ തന്നെ ഒരു പ്രധാന കാരണമായിരുന്നു. അതേസമയം, മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് ആശയങ്ങളെ അവയുടെ ഭൗതികവാദം കൊണ്ടും, ലക്ഷ്യത്തിനായുള്ള അധാര്‍മിക അക്രമണമാര്‍ഗ്ഗാനുവര്‍ത്തിത്വം കൊണ്ടും നിശിതമായ വിമര്‍ശനത്തിന് സഭ വിധേയമാക്കിയിട്ടുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിന് (1959) പിന്നില്‍ വിമോചന സമരത്തെ പിന്തുണച്ച ക്രൈസ്തവ സഭകളാണ് എന്നതും അടങ്ങാത്ത പകയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിര്‍ത്തിയിരുന്നു. ഇന്ന് രണ്ടുകൂട്ടരും തുറവിയോടെ സംസാരിക്കാനും, യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ ഒരുമിക്കാനും തക്കവിധത്തില്‍ ഐക്യപ്പെട്ടിട്ടുണ്ട് എന്നുതന്നെ പറയാവുന്നതാണ്. എങ്കിലും ഇടതുപക്ഷ പ്രസ്ഥാനം വളര്‍ത്തിയെടുത്ത ബൗദ്ധികസാംസ്‌കാരിക മേഖലകളില്‍ ക്രൈസ്തവ വിരോധം ഇന്നും ശക്തമായി തുടരുന്നുണ്ടെന്നുള്ളത് അനിഷേധ്യമാണ്. അതുപോലെ തന്നെ, വലതുപക്ഷ കക്ഷികളുടെ മതേതര സ്വഭാവത്തിന് സംഭവിച്ച അപചയവും തീരദേശമലയോര മേഖലകളോടുള്ള അവരുടെ പ്രകോപനപരമായ അവഗണനയും ക്രൈസ്തവരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ഒരു കാര്യം വ്യക്തമാണ്. രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ വിവിധ പ്രസ്ഥാനങ്ങളും ക്രൈസ്തവരെ, അവരുടെ ആത്മീയ നേതാക്കന്മാരെയും പുരോഹിതരെയും സ്ഥാപനങ്ങളേയും കുടിയേറ്റക്കാരായും, മുതലാളിത്വത്തിന്റെ സ്വഭാവം പേറുന്ന ചൂഷകരായും പൊതുസമൂഹത്തില്‍ ചിത്രീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. ഈ നാടിന് ക്രൈസ്തവരിലൂടെ കൈവന്ന വികസനവും വളര്‍ച്ചയും നന്മയും മറച്ചുവെയ്ക്കാനും പാഠപുസ്തകങ്ങളില്‍പ്പോലും അവയൊന്നും ഇടം പിടിക്കാതിരിക്കാനും, തിരുത്തലുകള്‍ വരുത്താനും ചില കുബുദ്ധികള്‍ നിരന്തരം ശ്രമിക്കുന്നത് അവഗണിക്കാനാവുകയില്ല. ആര്‍. ശങ്കര്‍ എന്ന സമുന്നത SNDP നേതാവ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും കേരള കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് രാജിവെച്ചത് (1964) കത്തോലിക്കാ സഭയുടെ ഇടപെടലുകള്‍ മൂലമാണെന്ന് കരുതി, ഇന്നും സഭയെ ശത്രുപക്ഷത്ത് കാണുന്ന ഒരു പ്രബല വിഭാഗം SNDP പോലുള്ള സാമുദായിക സംഘടനകളില്‍ ഉണ്ട്. അത്തരക്കാരുടെ എഴുത്തുകളിലും ക്രൈസ്തവ വിരോധം നിഴലിക്കാറുണ്ട്. തെറ്റിദ്ധാരണകള്‍ അകറ്റാനും, പരസ്പരമൈത്രിയില്‍ തുടരാനും വേണ്ട ശ്രമങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു. ക്രൈസ്തവവിരുദ്ധത കച്ചവട
തന്ത്രമാകുമ്പോള്‍ രാഷ്ട്രീയത്തിലെന്നപോലെ, ചിലരുടെ കച്ചവട താല്പര്യങ്ങളും ക്രൈസ്തവവിരുദ്ധത നേരിട്ടും അല്ലാതെയും കേരളത്തില്‍ വളരുന്നതിന് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ – ആതുരാലയ മേഖലയില്‍ കച്ചവടക്കണ്ണുകളുടക്കിയപ്പോള്‍, ആ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തുകൊണ്ടിരുന്ന സഭാ സ്ഥാപനങ്ങളെ ചൂഷണ കേന്ദ്രങ്ങളായി ചിത്രീകരിക്കേണ്ടത് ചിലരുടെ ആവശ്യമായി മാറി എന്നതാണ് വാസ്തവം. മള്‍ട്ടിസ്‌പെഷ്യാലിറ്റികളും ആഡംബരസുഖ ചികത്സാലയങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍തുക മുടക്കി ബ്രഹ്മാണ്ഡ കെട്ടിടങ്ങളില്‍ ഉയര്‍ന്നുവന്നപ്പോള്‍, ഓരോ സ്ഥലത്തുമുള്ള സഭയുടെ സ്ഥാപനങ്ങളെ അവയുടെ വലിപ്പചെറുപ്പ ഭേദമെന്യേ, കൃത്യമായും വ്യക്തമായും ലക്ഷ്യമിട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതായി കണ്ടെത്താവുന്നതാണ്. അത്തരം ആരോപണങ്ങള്‍ ആദ്യകാലത്ത് ഭാവനാത്മക ആഴ്ചപ്പതിപ്പുകളിലാണ് വന്നിരുന്നതെങ്കില്‍, തൊണ്ണൂറ്റിയഞ്ചുകള്‍ മുതല്‍ മുഖ്യധാര മാധ്യമങ്ങളുടെ പ്രാ ദേശിക വാര്‍ത്തകളില്‍ വന്നുതുടങ്ങി. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാരംഭിച്ച സഹകരണ ആശുപത്രികളും സഭ നടത്തുന്ന ആതുരാലയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തിയിട്ടുണ്ട്. ഇത്തരം എതിര്‍ പ്രചാരണങ്ങളെ ഓരോ സംഭവങ്ങളായി കണ്ട് പ്രതികരിക്കാനല്ലാതെ, ഇവയുടെ പിന്നിലുള്ള സംഘടിത ശ്രമങ്ങളെ തിരിച്ചറിയാന്‍ സഭ വൈകി പോയി എന്നതാണ് വാസ്തവം . 2017ല്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാരംഭിച്ച നേഴ്‌സുമാരുടെ സമരത്തോടുകൂടിയാണ് ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ശ്രമങ്ങളെ സമുദായ നേതൃത്വം തിരിച്ചറിഞ്ഞത്. പൊതുവായ സമരമായിരുന്നു അതെന്ന് തോന്നുമായിരുന്നെങ്കിലും, ആത്യന്തിക ലക്ഷ്യം സഭാ സ്ഥാപനങ്ങളുടെ യശസ്സ് കളങ്കപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. അപ്പോഴേക്കും വളരെ വൈകി പോയിരുന്നു. നൂറ്റാണ്ടുകളായുള്ള സേവനങ്ങളെല്ലാം വിസ്മരിക്കപ്പെടുകയും തമസ്‌കരിക്കപ്പെടുകയും കുത്തക മുതലാളിയെന്ന തലത്തില്‍ സഭ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. സഭാ സ്ഥാപനങ്ങളെ പൊതുജനങ്ങളില്‍ നിന്നകറ്റാനും അതിലൂടെ തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കാനും ചില വ്യക്തികളും സാമുദായികരാഷ്ട്രീയസംഘടനകളും ഇന്നും ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുന്നു. മാധ്യമങ്ങളിലെ ക്രൈസ്തവ
വിരുദ്ധതയുടെ പ്രതിഫലനങ്ങള്‍ രാഷ്ട്രീയതലത്തില്‍, ക്രൈസ്തവര്‍ ആസൂത്രിതമായ ഒരു ശ്രമവും കൂടാതെ തന്നെ, മുന്‍പൊരിക്കലുമില്ലാത്ത രീതിയില്‍ സംഘടിതരാകാനുള്ള ഒരു പ്രധാന കാരണം, ഇന്നാട്ടിലെ പ്രമുഖമായതും അല്ലാത്തതുമായ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും വ്യാപകമായി പ്രചരിക്കപ്പെട്ട ക്രൈസ്തവവിരുദ്ധതയും വിദ്വേഷവും ആണെന്നുള്ളത് സ്പഷ്ടമാണ്. ചില വ്യക്തികളുടെ തെറ്റുകളെയും, ചിലര്‍ക്കെതിരായുള്ള ആരോപണങ്ങളെയും അടിസ്ഥാനപ്പെടുത്തി ക്രൈസ്തവവിരുദ്ധതയുടെ വളക്കൂറുള്ള മണ്ണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുത്തു. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും എതിരായുള്ള ആരോപണങ്ങള്‍ സവിശേഷ വാര്‍ത്തകളായി കുറച്ചുകാലം സജീവമായി നിലനിര്‍ത്താന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ശ്രദ്ധിക്കാറുള്ളതായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉദാത്തമായ ധാര്‍മിക ജീവിതം നയിക്കുകയും, അതിന് പൊതുസമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ എന്ന നിലയില്‍ ആയിരകണക്കിന് വരുന്ന ക്രൈസ്തവ പുരോഹിതരും സമര്‍പ്പിതരും ചര്‍ച്ച ചെയ്യപ്പെടാറില്ല. ചില വ്യതിചലനങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുകയും ചെയ്യുന്നത് ഇന്നിവിടെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. ഈ അടുത്തകാലത്തുണ്ടായ പല ആരോപണങ്ങളിലും സഭയെ പ്രതിയായി ചിത്രീകരിക്കാനും, സഭാസംവിധാനങ്ങളെയും, എന്തിനേറെ വിശുദ്ധ കൂദാശകളെപ്പോലും അപമാനിക്കാനും, പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ട്ടിക്കാനും സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങള്‍ മാധ്യമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നത് വ്യക്തമായ വസ്തുതയാണ്. കത്തോലിക്കാ സന്ന്യാസജീവിതത്തെ കുറിച്ച് യാതൊരു പഠനവും നടത്താതെ, ‘മാധ്യമം’ പോലുള്ള ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ച പരമ്പരകള്‍ സന്ന്യസ്തരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതായിരുന്നു, ദുഷ്പ്രചാരണം മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു. മുഖ്യധാര ദൃശ്യശ്രാവ്യഅച്ചടി മാധ്യമങ്ങളുടെ ക്രൈസ്തവവിരുദ്ധത താഴെ പറയുന്ന രീതിയിലാണ് പ്രകടിപ്പിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്:
(1)നിജസ്ഥിതിയറിയാന്‍ എന്ന വ്യാജേന നടത്തുന്ന പാനല്‍ചര്‍ച്ചകള്‍. ഇത്തരം ചര്‍ച്ചകളില്‍ സഭാവിരുദ്ധരായവരെ ഉള്‍പ്പെടുത്താനും സഭയുടെ യഥാര്‍ത്ഥ വക്താക്കളെ അവഗണിക്കാനും മിക്ക ചാനലുകളും സൂക്ഷ്മത പുലര്‍ത്തുന്നു.
(2)ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നവരും ലേഖനങ്ങള്‍ പ്രസദ്ധീകരിക്കുന്നവരും, സത്യം പിന്നീടു വെളിപ്പെടുമ്പോള്‍ അത് അറിഞ്ഞതായി നടിക്കുകയോ, പൊതു സമൂഹത്തെ അറിയിക്കുകയോ ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു.
(3)ഉല്ലാസ പരിപാടികളിലും, സാഹിത്യ കൃതികളിലും കൂദാശകളെ, വിശിഷ്യാ കുമ്പസാരത്തെ പരിഹസിക്കുകയും വൈദീകരെയും സമര്‍പ്പിതരെയും അധാര്‍മികരായും അഞ്ജതയുള്ളവരായും സാമൂഹ്യദ്രോഹികളായും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത കൂടി വരുന്നു.
ഇത്തരം അപവാദ പ്രചാരണങ്ങള്‍ സത്യമെന്ന് കരുതുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പല അനുഭവങ്ങളും തെളിയിക്കുന്നുണ്ട്. ദൈവാലയങ്ങളോടും സന്ന്യാസ ആശ്രമങ്ങളോടും ബന്ധപ്പെട്ട കാര്യങ്ങളില്‍ പോലീസ് ഉള്‍പ്പെടെയുള്ള പല സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും മുമ്പ് ഇല്ലാത്ത രീതിയില്‍ തിക്താനുഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായുള്ള വ്യക്തിഹത്യകളിലും ഭീഷണികളിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും വിമുഖതയുള്ള അവസ്ഥയാണുള്ളത്. സന്ന്യാസിനിമാരെ അപമാനിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷത്തിലും യാതൊരു നടപടികളും സ്വീകരിച്ചതായി കാണുന്നില്ല. സംരക്ഷണം നല്‌കേണ്ട പോലീസുകാര്‍ തന്നെ വര്‍ഗ്ഗീയ വാദികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഉദാഹരണമാണ്, 2020ല്‍, വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഓണസന്ദേശത്തിന്റെ പേരില്‍ പ്രധാനധ്യാപികയായ ഒരു സന്ന്യാസിനിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മാപ്പ് പറയിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളനപരമായ രീതിയില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊതുസമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ടെങ്കിലും പ്രബുദ്ധരായ കേരളജനത ഇതിന് പിന്നിലെ ഗൂഢാലോചനകള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ലക്ഷ്യം നേടാന്‍ സിനിമകളും ക്രൈസ്തവ വിശ്വാസത്തെയും ജീവിതരീതിയെയും പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനും വിശ്വാസി സമൂഹത്തെ ആശയ കുഴപ്പത്തിലാക്കാനും കഴിഞ്ഞവര്‍ഷങ്ങള്‍ക്കിടയില്‍ പല സിനിമകളും ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. ദൈവാലയവും, വൈദികരും, സമര്‍പ്പിതരും, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വിവാഹം തുടങ്ങിയ കൂദാശകളും, തിരുനാളുകള്‍,ധ്യാനം, കുടുംബ പ്രാര്‍ത്ഥന തുടങ്ങിയ ഭക്താനുഷ്ഠാനങ്ങളും വെള്ളിത്തിരയില്‍ പ്രമേയങ്ങളാകുമ്പോള്‍ നിഷേധാത്മകമായി അവതരിപ്പിക്കപ്പെടുകയും ഭാവനാത്മകമായി അപഹസിക്കപ്പെടുകയും ചെയ്യാറുണ്ട്. റോമന്‍സ് (2013) പോലുള്ള ചില ചലച്ചിത്രങ്ങള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ക്രൈസ്തവ വിശ്വാസത്തെയും സമുദായപരമായ സംവിധാനങ്ങളെയും അപഹാസ്യമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റ് പല ചലച്ചിത്രങ്ങളും പ്രത്യക്ഷത്തില്‍ കുഴപ്പമില്ലെന്നുള്ള തോന്നല്‍ ഉളവാക്കുമെങ്കിലും, വ്യക്തമായ പഠനമില്ലാതെ, ലാഘവബുദ്ധിയോടുകൂടി ക്രൈസ്തവ വിശ്വാസവും ജീവിതവും അവതരിപ്പിക്കുന്നതിലൂടെ അബദ്ധജഡിലവും അയഥാര്‍ത്ഥവുമായധാരണകളെ പ്രചരിപ്പിക്കാനുള്ള വേദികളായി തീരാറുണ്ട്. സന്യാസിനിയെ വിവാഹം ചെയ്ത് കൊലപാതകിയായി മാറുന്ന മുന്‍ വൈദികന്റെ കഥ പറയുന്ന ‘വിശുദ്ധന്‍’ (2013), ക്രൈസ്തവസന്യാസിനിയെ ബലാത്സംഗം ചെയ്യുന്നതായി ചിത്രീകരിക്കുന്ന ‘വന്യം’ (2016), കുമ്പസാര രഹസ്യത്തിലെ അറിവുപയോഗിച്ച് പ്രതികാരം ചെയ്യുന്ന വൈദികനെ അവതരിപ്പിക്കുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ (2019), പുരോഹിതവിരോധത്തിന്റെ പ്രതികരണങ്ങളുമായി പ്രദര്‍ശിക്കപ്പെട്ട ‘ഈ.മ.യൌ’ (2018), ‘ജോജി’ (2021), വിവാഹമെന്ന കൂദാശയെ പരിഹസിക്കുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലേറിയട്ടെ’ (2020), ക്രിസ്തീയ വിശ്വാസ കാഴ്ചപ്പാടുകളുമായി യാതൊരു ബന്ധവുമില്ലാതെ പ്രേതബാധ ഒഴിപ്പിക്കുന്ന വൈദികന്‍ പ്രത്യക്ഷപ്പെടുന്ന ‘ദി പ്രീസ്റ്റ്’ (2021) തുടങ്ങിയവയൊക്കെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. സന്ന്യാസ ജീവിതത്തെ വികലമായി ചിത്രീകരിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തുന്ന ‘പിതാവിനും പുത്രനും’ എന്ന ചലച്ചിത്രം സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശന അനുമതി നിഷേധിച്ചിട്ടും കോവിഡ്കാലത്തിന്റെ മറപിടിച്ചു പേരുമാറ്റി റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ചേതോവികാരം എന്താണ്? നവീകരണത്തിനും ആത്മശോധനയ്ക്കുമുപകരിക്കുന്ന ആശയങ്ങളെ സ്വീകരിക്കാന്‍ കേരള ക്രൈസ്തവര്‍ എന്നും തയ്യാറാണ്.പക്ഷേ, ഇന്ന് ചലച്ചിത്രങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ആശയങ്ങള്‍ എന്തു ക്രിയാത്മക മാറ്റമാണ് സമൂഹത്തോടും സമുദായത്തോടും നിര്‍ദ്ദേശിക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒരു സമുദായത്തിന്റെ ജീവിതവിശ്വാസ രീതികളെ സത്യവിരുദ്ധമായി അവതരിപ്പിച്ച് അപഹാസ്യമായി ചിത്രീകരിക്കാന്‍ ചിലര്‍ ആവേശം കാണിക്കുന്നത് കലാപരമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് കരുതി അവഗണിക്കാനാവില്ല. മറിച്ച്, ക്രൈസ്തവരെക്കുറിച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യക്തമായ അജണ്ടയോടുകൂടി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയഅധാര്‍മിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ നിതാന്ത ജാഗ്രത ആവശ്യമായിരിക്കുന്നു. ഐക്യവും ജാഗ്രതയും ബൗദ്ധിക സംവാദങ്ങളിലൂടെയും, പാരസ്പര്യതയുടെ സമ്പര്‍ക്കങ്ങളിലൂടെയും, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോടുള്ള തുറന്ന സമീപനത്തിലൂടെയും നിരന്തരം നവീകരണത്തിന് സ്വയം വിധേയമാക്കുന്ന സമീപനമാണ് കത്തോലിക്കാസഭയുടേത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഇത്തരം സമീപനം സമ്യക്കായി സഭ തുടര്‍ന്നുകൊണ്ടുപോകുന്നു. അതുകൊണ്ടു തന്നെയാണ്, ഏതൊരു ആസ്തികനാസ്തിക വിഭാഗത്തോടും ആദരവോടെ സംവാദം നടത്താനും, സേവനങ്ങള്‍ സമുദായ ചിന്തകള്‍ക്കുപരി സമൂഹത്തിന്റെനന്മയ്ക്കായി വിനിയോഗിക്കാനും, ലാഭനഷ്ട കണക്കുകള്‍ക്കപ്പുറം നിസ്വര്‍ത്ഥതയുടെ സമറിയാക്കാരനാകാനും കത്തോലിക്കാസഭയ്ക്ക് സാധിക്കുന്നത്. പൊതുസമൂഹത്തില്‍ പരസ്പരമുള്ള അനാദരവിനും വിഭജനത്തിനും കാരണമായേക്കാവുന്ന തീവ്ര നിലപാടുകളെ സഭാനേതൃത്വം കര്‍ശനമായി തിരുത്താറുള്ളതിനാല്‍ ഇതര മതങ്ങളെ അവഹേളിക്കുന്ന തീവ്രനിലപാടുകള്‍ക്ക് സഭയില്‍ നിലനില്‍പ്പില്ല. ഭിന്നതയുടെ മതില്‍കെട്ടുകളല്ല, ഐക്യത്തിന്റെ പാലങ്ങള്‍ നിര്‍മിക്കുക എന്നുള്ളതാണ് സഭയുടെ ദര്‍ശനം. അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘എല്ലാവരും സഹോദരങ്ങള്‍’ എന്ന അപ്പസ്‌തോലിക പ്രബോധനത്തിലും ഈ ആശയം വ്യക്തമാണ്. അതേസമയം തന്നെ, ധാര്‍മ്മികതയെയും നീതിയെയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ മറയില്ലാത്ത നിലപാടുകളും സഭയ്ക്കുണ്ട്. ജീവിതത്തിന്റെ മാന്യതയും ജീവന്റെ മൂല്യവും സംരക്ഷിക്കാന്‍ സഭ എന്നും പോരാളിയാണ്. ഈ നിലപാടുകളാലാണ് ഭോഗസംസ്‌കാരത്തിന് സഭ മുഖ്യ ശത്രുവായിരിക്കുന്നത്. സഭയുടെ ധാര്‍മിക മുഖം വികൃതമാണെന്ന് തെളിയിക്കാന്‍ അഭിനവ മാധ്യമങ്ങളെ കൂട്ടുപിടിച്ച് അവ സഭയെ നിരന്തരം ആക്രമിക്കുന്നതും അതേ കാരണത്താലാണ്. സഭയോടുള്ള ഇത്തരം ആഗോള സമീപനവും ഇവിടുത്തെ രാഷ്ട്രീയസാമൂഹിക മേഖലകള്‍ അഭിമുഖീകരിക്കുന്ന തദ്ദേശീയ വിഷയങ്ങളും സൃഷ്ടിച്ചെടുക്കുന്ന ക്രൈസ്തവവിരുദ്ധത, എക്കാലത്തേക്കാളും വെളിപ്പെടുത്തപ്പെട്ട ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രൈസ്തവ പ്രതികരണം എപ്രകാരമായിരിക്കണം എന്നത് ചിന്തനീയമാണ്. തീവ്ര നിലപാടുകള്‍ക്കുള്ള ആഹ്വാനങ്ങള്‍ക്കൊപ്പം തന്നെ, വിവാദങ്ങളുണ്ടാക്കാതിരിക്കാന്‍ പ്രതികരിക്കേണ്ടതില്ലെന്നുള്ള നിഷേധാത്മക നിലപാടുകളും ശക്തമാണ്. പൊതു സമൂഹത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കും എന്നുള്ളതിനാല്‍ ക്രൈസ്തവ പ്രതികരണങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചില നിര്‍ദ്ദേശങ്ങള്‍ താഴെ സൂചിപ്പിക്കുന്നു.
(1)നവമാധ്യമങ്ങളിലൂടെ ക്രൈസ്തവര്‍ക്കെതിരായ നിഷേധാത്മകത അതിവേഗം പ്രചരിപ്പിക്കപ്പെടുമ്പോള്‍ സഭയുടെയും സമുദായത്തിന്റെയും വ്യക്തമായ നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കാലവിളംബം വരുത്തരുത്.
(2) രാഷ്ട്രീയവും സാമുദായികവുമായ കാരണങ്ങളാല്‍ ക്രൈസ്തവ സമുദായം ടാര്‍ഗെറ്റ് ചെയ്യപ്പെടുമ്പോള്‍ ജാഗ്രതയോടെ അതിനെ മനസിലാക്കാനും പ്രതിരോധിക്കാനും സ്ഥിരമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. കെസിബിസിയുടെ ഐക്യജാഗ്രതാകമ്മീഷന്‍ നല്കുന്ന നിസ്തുലമായ സേവനങ്ങള്‍ ഇത്തരുണത്തില്‍ സ്മരണീയമാണ്.
(3)സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി ആരോപണപ്രത്യാരോപണങ്ങള്‍ മാറാതിരിക്കാന്‍ സവിശേഷ ശ്രദ്ധ നല്‌കേണ്ടതുണ്ട്. ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുമ്പോഴും ഏതെങ്കിലും ഒരു സമുദായത്തെ മുഴുവനായി പ്രതിക്കൂട്ടില്‍ നിര്‍ത്താതെ, തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഒരു സമുദായത്തെ മുഴുവന്‍ ഹൈജാക്ക് ചെയ്യുന്ന തീവ്രസ്വഭാവമുള്ള സംഘടനകളെ തിരിച്ചറിഞ്ഞ്, അത്തരക്കാരില്‍ നിന്നും ഉണ്ടാകുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെകുറിച്ച് അവര്‍ അംഗമായിരിക്കുന്ന സമുദായ നേതാക്കളോട് ചര്‍ച്ച ചെയ്യുന്ന സമീപനം ക്രൈസ്തവ നേതൃത്വം സ്വീകരിക്കേണ്ടതുണ്ട്.
(4) ക്രൈസ്തവ സമുദായത്തിനുള്ളില്‍ ചുരുക്കമായിട്ടെങ്കിലും ഉണ്ടായിട്ടുള്ള, ഉണ്ടാകാനിടയുള്ള തീവ്രവും വര്‍ഗ്ഗീയവുമായ നിലപാടുകളെ ക്രൈസ്തവ ചൈതന്യത്തില്‍ ക്രമീകരിക്കാന്‍ ആധികാരികമായ ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റ് സമുദായങ്ങളിലെ തീവ്ര നിലപാടുകാര്‍ക്കെതിരായുള്ള ക്രൈസ്തവ പ്രതികരണമെന്നത് ഒരിക്കലും വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്ന തീവ്രസമീപനമായിരിക്കരുത്. പ്രതികാരത്തിനും വിഭാഗീയതക്കുമുള്ള ആഹ്വാനങ്ങള്‍ക്ക് പകരം സംവാദവും സഹകരണവുമാണ് ക്രൈസ്തവസമീപനത്തിന്റെ അനന്യത. വര്‍ഗ്ഗീയതയ്‌ക്കെതിരായി മറ്റൊരു വര്‍ഗ്ഗീയ പ്രസ്ഥാനത്തോട് കൂട്ട് ചേരുന്നതും ആത്മഹത്യാപരമാണ്. സേവനങ്ങളെ തമസ്‌കരിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ളഅഭിനവശ്രമങ്ങളെകുറിച്ച് പണ്ടത്തെക്കാളും ഇന്ന് ക്രൈസ്തവര്‍ ബോധവാന്മാരാണ്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബാഹ്യ ഇടപെടലുകളെകുറിച്ച് കൂടുതല്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈയടുത്ത കാലത്തായി ക്രൈസ്തവ സമുദായത്തെ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ സംഘടിതമാണ്. കാരണങ്ങള്‍ രാഷ്ട്രീയമോ സാമ്പത്തികമോ എന്തായിരുന്നാലും പൊതുസമൂഹത്തില്‍ ക്രൈസ്തവവിരുദ്ധത ഒരു പരിധിവരെരൂപപ്പെടുത്തിയെടുക്കാന്‍ ഇത്തരം വിധ്വംസകശ്രമങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പൊതു സമൂഹത്തോട് നിരന്തരം സംവദിക്കുന്ന ഒരു സമീപനത്തിലൂടെ ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നിലുള്ളവരെയും അവരുടെ ഗൂഢലക്ഷ്യങ്ങളെയും തുറന്നുകാട്ടാന്‍ ക്രൈസ്തവമായി തന്നെ നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

  • ഫാ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ
    ( കെസിബിസി ജാഗ്രത ന്യൂസ്, ജൂൺ 2021)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group