വി. കുർബാന അർപ്പണത്തെക്കുറിച്ച് തലശേരി അതിരൂപത പുറപ്പെടുവിച്ച മനോഹരമായ സർക്കുലർ ശ്രദ്ധേയമാകുന്നു

സീറോ മലബാർ സഭയുടെ ഔദ്യോഗിക വി. കുർബാന അർപ്പണത്തെക്കുറിച്ചു മനോഹരമായ സർക്കുലർ പുറപ്പെടുവിച്ച് തലശേരി അതിരൂപത. വിശ്വാസികൾക്ക് ഉപകാരപ്രദമായ അറിവുകൾ തന്ന പിതാവിന് നന്ദി.താഴെപ്പറയുന്ന കാര്യങ്ങൾ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും നടപ്പിലാക്കണം

1. വിശുദ്ധ കുർബാന തിരുസഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതിനാൽ, സഭയുടെ പരിശുദ്ധ സിനഡും പരിശുദ്ധ പിതാവും അംഗീകരിച്ച തക്സയിൽ നിന്നുള്ള പ്രാർത്ഥനകൾ മാത്രമേ, വിശുദ്ധ കുർബാനയിൽ ചൊല്ലാൻ പാടുള്ളൂ. പ്രത്യേക നിയോഗങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവ കാറോസൂസ പ്രാർത്ഥനകളോടൊപ്പം കൂട്ടിച്ചേർക്കാൻ സഭ അനുവദിച്ചിട്ടുണ്ട്. മറ്റ് സന്ദർഭങ്ങളിൽ പ്രത്യേകിച്ച് അനാഫൊറയിൽ ഏതെങ്കിലും കൂട്ടിച്ചേർക്കലുകൾ നടത്താൻ ആർക്കും അവകാശമില്ല

2. വിശുദ്ധ കുർബാനയിലെ ഗാനങ്ങൾ തക്സയിൽ നിന്നുള്ളവ ആയിരിക്കണം. പ്രവേശന ഗാനം, വിശുദ്ധ കുർബാന സ്വീകരണ ഗാനം, സമാപനഗാനം എന്നിവയൊഴികെ മറ്റ് എല്ലാ ഗാനങ്ങളും തക്സയിൽ നിന്നുള്ളവ ആയിരിക്കണം.

3. വിശുദ്ധ കുർബാനയിൽ നിൽക്കേണ്ടതും ഇരിക്കേണ്ടതും മുട്ടുകുത്തേണ്ടതുമായ സമയങ്ങൾ തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നത് പോലെ നമ്മുടെ അതിരൂപതയിൽ എല്ലാ പള്ളികളിലും നടപ്പിലാക്കണം.

4. പഴയ നിയമത്തിൽ നിന്ന് രണ്ട് വായനകളും ലേഖനവും സുവിശേഷവും ഉൾപ്പെടുന്നതാണ് ഞായറാഴ്ചകളിലെ വായനാക്രമം. ഇത് പാലിക്കാൻ എല്ലാ ഇടവകകളും ശ്രദ്ധിക്കണം.

5. വിശുദ്ധ കുർബാനയ്ക്ക് ഉള്ള അപ്പവും വീഞ്ഞും എല്ലാ പള്ളികളിലും ബേസ് ഗസ്സയിൽ വെച്ച് തന്നെ ഒരുക്കണം.

6. കൂദാശ ചെയ്ത ബലിപീഠങ്ങളിൽ മാത്രമാണ് വിശുദ്ധ കുർബാന അർപ്പിക്കേണ്ടത്. വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ മുൻകൂട്ടിയുള്ള അനുവാദത്തോടെ ബലിയർപ്പിക്കുന്ന സാഹചര്യങ്ങളിൽ, കൂദാശ ചെയ്ത ദപ്പാ നിർബന്ധമായും ഉപയോഗിക്കണം.

7. വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുമ്പോഴാണ് ബലിയർപ്പണം പൂർത്തിയാകുന്നത്. അതിനാൽ എല്ലാ വിശുദ്ധ കുർബാനയിലും ഈശോയെ സ്വീകരിക്കാൻ നാം ഒരുങ്ങണം. ലഘു പാവങ്ങളുടെ മോചനം വിശുദ്ധ കുർബാനയിലെ അനുതാപ ശുശ്രൂഷ യിലൂടെ ലഭിക്കുന്നു എന്നതിനാൽ മാരക പാപങ്ങളിൽ ഉൾപ്പെടാത്ത എല്ലാവർക്കും വിശുദ്ധ കുമ്പസാരം സ്വീകരിച്ചില്ലെങ്കിലും വിശുദ്ധ കുർബാന സ്വീകരിക്കാവുന്നതാണ്.

8. സ്വർഗ്ഗത്തിൻറെ പ്രതീകമായ വിശുദ്ധ മദ്ബഹയിൽ പ്ലാസ്റ്റിക് പുഷ്പങ്ങളും പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാരങ്ങളും ഒഴിവാക്കണം. ഭൂമിയിലെ മാലിന്യമായി കരുതപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ തോരണങ്ങൾ ഫ്ളക്സുകൾ നമ്മുടെ പള്ളികളിൽ നിന്ന് ഒഴിവാക്കണം.

9. വിശുദ്ധ കുർബാനയുടെ സമാപന ആശിർവാദത്തിന് മുൻപായി സമ്മാനദാനങ്ങളും അനുമോദന ചടങ്ങുകളും മറ്റു കാര്യപരിപാടികളും നടത്തരുത്. “അന്നാ പെസഹാ തിരുനാളിൽ” എന്ന ഗാനം മുതൽ “വിശുദ്ധീകരണത്തിൻറെ ബലിപീഠമേ സ്വസ്തി” എന്ന പ്രാർത്ഥന വരെ നീളുന്ന വിശുദ്ധകുർബാന നമ്മുടെ കർത്താവിന്റെ ബലി ആകയാൽ അതിനിടയിൽ മറ്റൊന്നിനും സ്ഥാനമില്ല എന്ന സത്യം നാം മറക്കരുത്.

10. വിശുദ്ധ കുർബാനയിൽ അൾത്താര ശുശ്രൂഷകർ സഭയുടെ അംഗീകൃതമായ ആരാധനാക്രമ വസ്ത്രം ധരിച്ചു കൊണ്ടാണ് പങ്കുചേരേണ്ടത്. വിശുദ്ധകുർബാന സ്വീകരണ സമയത്ത് അൾത്താര ശുശ്രൂഷകൾക്ക് ദിവ്യകാരുണ്യ താലം ഉപയോഗിക്കേണ്ടതാണ്.

11. പരിശുദ്ധ ത്രിത്വത്തിൻറെ ബഹുമാനത്തിനും നമ്മുടെ കടങ്ങളുടെ മോചനത്തിനും ആയാണ് വിശുദ്ധ കുർബാനയിൽ ധൂപം അർപ്പിക്കുന്നത്. അതിനാൽ ഞായറാഴ്ചയിലെ മുഖ്യ കുർബാനയിലും മറ്റ് ആഘോഷ ദിനങ്ങളിലെ വി. കുർബാനകളിലും ധൂപക്കുറ്റി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

12. നമ്മുടെ അതിരൂപതയിൽ മരിച്ചവരെ അനുസ്മരിക്കുന്ന മന്ത്രയും വീട് വെഞ്ചിരിപ്പും മൃതസംസ്കാര കർമ്മത്തിനു തൊട്ടടുത്ത ദിവസം നടത്താവുന്നതാണ്. മൃത സംസ്കാരത്തിനായി വന്ന കുടുംബാംഗങ്ങൾക്ക് കൂടി പങ്കു ചേരുന്നതിനാണ് ഈ ക്രമീകരണം. എന്നാൽ 41 ദിവസം മരിച്ചവരെ പ്രതി നടത്തുന്ന നോമ്പ് തുടരാൻ മറക്കരുത്.

13. ആണ്ട് വട്ടത്തിൽ രണ്ടുതവണയെങ്കിലും (ഉദാഹരണം: ദുക്റാന തിരുനാൾ, ഇടവക തിരുനാൾ) നമ്മുടെ സഭയുടെ ഏറ്റവും ആഘോഷ പൂർവ്വമായ കുർബാനക്രമം ആയ റാസാ ക്രമം പള്ളികളിൽ ചൊല്ലാനും അവയിലെ കർമ്മങ്ങളുടെ അർത്ഥം ദൈവജനത്തിന് വിശദീകരിച്ച് നൽകാനും വൈദികർ ശ്രദ്ധിക്കണം.നമ്മുടെ കർത്താവിൻറെ പെസഹാ രഹസ്യങ്ങളുടെ മഹനീയവും ഭയഭക്തിജനകവും പരിശുദ്ധവും ദൈവികവുമായ, രഹസ്യമായ വിശുദ്ധ കുർബാന പരിശുദ്ധ മനസ്സാക്ഷിയോടും നിർമ്മല ഹൃദയത്തോടും കൂടെ നമുക്ക് അർപ്പിക്കാം.

മാർ ജോസഫ് പാംപ്ലാനി

തലശേരി അതിരൂപത മെത്രാപ്പോലീത്ത.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group