‘വീടുകളില്‍ ആക്രി പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക’; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വീടുകളില്‍ പാഴ്വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തും. ഇത് പിന്നീട് വീടിന്റെ കോംബൗണ്ടിനുള്ളില്‍ വെക്കും. കൂടെയുള്ള ഒരു സ്ത്രീ കോളിംങ് ബെല്‍ അമർത്തും. ആരെങ്കിലും വാതില്‍ തുറന്നാല്‍ ആക്രിക്ക് നല്ല വിലതരാമെന്ന് പറഞ്ഞ് വീടിന്റെ പിൻവശത്തേക്ക് കൊണ്ടുപോകും.ഈ സമയം ബാക്കി സ്ത്രീകള്‍ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുമെന്നും പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ ഇത്തരത്തില്‍ 20 പവൻ സ്വർണമാണ് നഷ്ടമായതെന്നും അപരിചിതർ വീട്ടിലേയ്ക്ക് കടന്നു വരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :

വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാൻ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കില്‍ കോംബൗണ്ടിനുള്ളില്‍ വെയ്ക്കുന്നു. തുടർന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമർത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറി നില്‍ക്കുകയും ചെയ്യുന്നു.

വാതില്‍ തുറക്കുന്ന ആളിനോട് താൻ ആക്രി പെറുക്കാൻ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിൻവശത്തേയ്ക്ക് അല്ലെങ്കില്‍ പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവർ ഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാൻ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുൻവശത്തുകൂടിയോ പിൻവശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുന്നു.

കാളിങ് ബെല്‍ അടിച്ച ശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂർ സിറ്റിയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 പവൻ സ്വർണമാണ് അവിടെ നഷ്ടമായത്. അപരിചിതർ വീട്ടിലേയ്ക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലർത്തുക. അവശ്യ സന്ദർഭങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസിനെ വിളിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group