ബൈബിള്‍ കത്തിച്ച സംഭവം ദൗര്‍ഭാഗ്യകരം; കെസിബിസി ജാഗ്രത കമ്മീഷന്‍

കൊച്ചി :ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിളിനെ കാസര്‍ഗോഡ് സ്വദേശിയായ ഒരു വ്യക്തി അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവo അതീവ ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.

കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണുതയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്ര വര്‍ഗ്ഗീയ സംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്. ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാന്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണ്. മതമൈത്രിയും സാമൂഹിക സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക – സാമുദായിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകള്‍ വിതച്ച് ഈ സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റി നിര്‍ത്താനും സമുദായ നേതൃത്വങ്ങള്‍ തയ്യാറാകണം.

കേരളത്തില്‍ തീവ്രവാദ പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡീറാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മുഖ്യമന്ത്രി മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു പശ്ചാത്തലത്തിലും മതമൗലികവാദവും വര്‍ഗ്ഗീയ ചിന്തകളും ഭീകരപ്രവര്‍ത്തനങ്ങളും കേരളത്തില്‍ കൂടുതല്‍ ആഴത്തില്‍ പിടിമുറുക്കുന്ന കാഴ്ചകളെ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുകയും അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുകയും വേണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാര്‍ദ്ദം തകര്‍ത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാന്‍ നിയമപാലകരും സര്‍ക്കാരും തയ്യാറാകണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വിശുദ്ധ ബൈബിള്‍ അഗ്‌നിക്കിരയാക്കി വീഡിയോ പ്രചരിപ്പിച്ച വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കുകയും, സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുകയും വേണമെന്നും കമ്മീഷൻ ആവശ്യപെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group