നൈജീരിയയിൽ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി

Catholic priest abducted in Nigeria

അബൂജ/ ഇമോ: പിതാവിന്റെ മൃതസംസ്കാരത്തിന് പോകുന്നതിനിടെ നൈജീരിയയിൽ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ഡിസംബർ 15 -ന് നൈജീരിയയിലെ ഇമോയിൽ നിന്നാണ് വാഹനമോടിച്ചു പോകുന്നതിനിടെ ഫാ. വാലന്റൈൻ എസാഗുവിനെ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ നാലുപേർ കാടിനുള്ളിൽ നിന്ന് പുറത്തുവന്ന് കാറിന്റെ പുറകിലേക്ക് വൈദികനെ ഭീഷണിപ്പെടുത്തി കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഫാ. വാലന്റൈൻ സ്വന്തം ഗ്രാമമായ അനാംബ്രയിലേക്കു പിതാവ് മരിച്ചതിനെ തുടർന്നുള്ള യാത്രയ്ക്കിടയിലാണ് സംഭവം. പിതാവിന്റെ ശവസംസ്കാരം ഇന്ന് നടക്കും. അദ്ദേഹത്തെ ഉടനെ മോചിപ്പിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് രൂപതാ അധികൃതർ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വടക്കു പടിഞ്ഞാറൻ നൈജീരിയൻ സംസ്ഥാനമായ കട്സിനയിൽ കഴിഞ്ഞയാഴ്ച നൂറുകണക്കിന് സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. 300 വിദ്യാർത്ഥികളെ കാണാതായ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഡിസംബർ 15 -ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം ഏറ്റെടുത്തു. അതിനുശേഷം ആണ് അടുത്ത തട്ടിക്കൊണ്ടു പോകൽ നടന്നിരിക്കുന്നത്. നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലും മരണവും വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്ന് അബുജയിലെ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ പറഞ്ഞു. കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. “ഇപ്പോൾ, അരക്ഷിതാവസ്ഥയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി” – അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group