കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖര്‍ .

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ നിര്യാണത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള, മന്ത്രി വി എന്‍ വാസവന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍മന്ത്രി മാത്യു ടി തോമസ്, എംഎല്‍എ പി ജെ ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍, ഗായിക കെ എസ് ചിത്ര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
കാതോലിക്കാ ബാവാ സ്ഥാനോരോഹണം ചെയ്ത് ചുമതല ഏല്‍ക്കുന്ന സന്ദര്‍ഭം മുതല്‍ നല്ല സൗഹൃദം പങ്കിടാന്‍ സാധിച്ചതായി മന്ത്രി വി എന്‍ വാസവന്‍ ഓര്‍മ്മിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ബാവ നിരന്തരം ഇടപെട്ടിരുന്നതായും മന്ത്രി പറഞ്ഞു. സമൂഹവുമായി നല്ല ബന്ധം പുലര്‍ത്തിയ മതേതര നിലപാടുള്ള വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് വി ഡി സതീശന്‍ പറഞ്ഞു . സ്‌നേഹത്തോടെ ഇടപെടുന്ന യഥാര്‍ത്ഥ ക്രൈസ്തവ ദര്‍ശനം എല്ലാവരുടേയും മനസില്‍ എത്തിക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയായിരുന്നു കാതോലിക്കാ ബാവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി കാതോലിക്കാ ബാവ ചെയ്ത കാര്യങ്ങള്‍ അനുസ്മരിക്കുന്നതായി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സമുദായ സാഹോദര്യം പുലര്‍ത്തിയ വ്യക്തിയായിരുന്നു കാതോലിക്കാ ബാവയെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അനുസ്മരിച്ചു. ക്യാൻസർ
ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2.35 നാണ് കാതോലിക്കാ ബാവ കാലം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മോശമായിരുന്ന അദ്ദേഹത്തിന്റെ ചികിത്സ വെന്റിലേറ്ററിലായിരുന്നു.
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. തുടർന്ന് സംസ്‌കാരകർമ്മം നാളെ വൈകിട്ട് 3ന് കാതോലിക്കേറ്റ് അരമനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തപ്പെടും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group