സീറോമലബാര്‍സഭയുടെ കുര്‍ബാനതക്‌സയിലെ മാറ്റകൾ…

പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിലുള്ള സീറോമലബാർസഭയുടെ കുർബാതക്സയിലെ ആദ്യമായി മാറ്റങ്ങൾ വരുത്തിയത് 1599 ലെ ഉദയംപേരൂർ സൂനഹദോസിൽ വെച്ചാണ്.അതിനുശേഷവും കുർബാന തക്സയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ പ്രസിദ്ധീകരിച്ച കുർബാനക്രമം 1968ൽ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷാണർഥം ഉപയോഗിക്കാൻ റോമിൽനിന്നു അനുവാദം ലഭിക്കുകയും ചെയ്തു. നമ്മുടെ തക്സയിൽ വേണ്ട മാറ്റങ്ങൾ വരുത്തി കുർബാനക്രമം പ്രസിദ്ധീകരിക്കാൻ 1980 ൽ റോമിൽനിന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ രൂപപ്പെടുത്തിയ തക്സയ്ക്ക് 1985 ഡിസംബർ 19ന് പൗരസ്ത്യ തിരുസംഘത്തി ന്റെ അംഗീകാരം ലഭിക്കയും 1986 ഫെബ്രുവരി 8-ാം തീയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കോട്ടയത്ത് അൽഫോൻസാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന കർമങ്ങളോടനുബന്ധിച്ചു റാസ കുർബാനയർപ്പിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ആഘോഷപൂർവകമായ ക്രമത്തിനും സാധാരണ ക്രമത്തിനും 1989 ഏപ്രിൽ 3ന് പൗരസ്ത്യ തിരു സംഘത്തിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി. അഞ്ചു വർഷത്തേക്ക് നല്കപ്പെട്ട ഈ കുർബാന തക്സിയിൽ അതിനിടെ മാറ്റങ്ങൾ വരുത്തരുതെന്നും നിർദ്ദേശമുണ്ടായിരുന്നു.
1996 ൽ പ്രസിദ്ധീകരിച്ച Instruction for Applying the Liturgical Prescriptions of the Code of Canons of the Eastern Churches എന്ന രേഖയുടെ വെളിച്ചത്തിൽ കുർബാനയുടെ നവീകരണത്തെക്കുറിച്ചു വീണ്ടും ചർച്ചകളും പഠനങ്ങളും നടക്കുകയുണ്ടായി. വിശുദ്ധ കുർബാന ഏകീകൃത രൂപത്തിൽ അർപ്പിക്കാൻ 1999 ലെ സിനഡ് തീരുമാനിച്ചു: വിശുദ്ധ കുർബാനയുടെ ആരംഭംമുതൽ അനാഫൊറവരെയുള്ള ഭാഗം ജനാഭിമുഖമായും, അനാഫൊറ മുതൽ വിശുദ്ധ കുർബാന സ്വീകരണം ഉൾപ്പെടെയുള്ള ഭാഗം അൾത്താരാഭിമുഖമായും, വിശുദ്ധ കുർബാന സ്വീകരണത്തിനു ശേഷമുള്ളഭാഗം ജനാഭിമുഖമായും നടത്തേണ്ടതാണ് (VII Session Synod, November 15-20, 1999). ഈ തീരുമാനത്തിന് 1999 ഡിസംബർ 17 തീയതി ചില നിർദേശങ്ങളോടുകൂടി പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരം ലഭിക്കുകയും ഇതു 2000 ജൂലൈ 3 ന് നടപ്പിലാക്കുകയും ചെയ്തു. എല്ലാ രൂപതകളും ഈ തീരുമാനം നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് 2009 ആഗസ്റ്റിലെ സിനഡ് ഓർമിപ്പിച്ചു.
2013 ആഗസ്റ്റ് മാസത്തിലെ സിനഡ് വി. കുർബാനയുടെ നവീകരണവുമായി മുന്നോട്ടു പോകാൻ ലിറ്റർജി കമ്മീഷനോട് നിർദ്ദേശിച്ചു. അതനുസരിച്ച്, 2014 ജനുവരിയിലെ സിനഡ് എല്ലാ മെത്രാന്മാരോടും നവീകരണം സംബന്ധിച്ച നിർദ്ദേശങ്ങൾ ലിറ്റർജി കമ്മീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടു. ആ നിർദ്ദേശങ്ങളെല്ലാം ലിറ്റർജി കമ്മീഷൻ ക്രോഡീകരിച്ച് 2015 ആഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു.
ലഭിച്ച എല്ലാ നിർദ്ദേശങ്ങളും പഠിച്ച്, അവയിൽ രൂപതകളിൽ നിന്നും പൊതുവായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളവ കണ്ടെത്തി അവ സിനഡിൽ അവതരിപ്പിക്കാൻ ലിറ്റർജി കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, ലിറ്റർജികമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ, കൂടാതെ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ്ജ് പുന്നക്കോട്ടിൽ, മാർ തോമസ് ചക്യത്ത് എന്നിവരടങ്ങിയ മെത്രാന്മാരുടെ ഒരു സ്പെഷ്യൽ കമ്മറ്റിയെ സിനഡ് തിരഞ്ഞെടുത്തു.പൊതുവായി കണ്ടെത്തിയ നിർദ്ദേശങ്ങൾക്കനുസരണം തക്സയിൽ മാറ്റം വരുത്താനുള്ള സിനഡ് നിർദ്ദേശമനുസരിച്ച് സ്പെഷ്യൽ കമ്മറ്റി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി.2017 ജനുവരിയിലെ സി നഡ് ആവശ്യപ്പെട്ടതനുസരിച്ച് സെൻട്രൽ ലിറ്റർ ജിക്കൽ കമ്മറ്റി വീണ്ടും ചർച്ചചെയ്ത് അഭിപ്രായങ്ങൾ സമാഹരിക്കുകയുണ്ടായി. ഇതിന്റെയെല്ലാം വെളിച്ചത്തിൽ ഒരു ഡ്രാഫ്റ്റ് 2017 ആഗസ്റ്റിലെ സിനഡിൽ അവതരിപ്പിച്ചു. സിനഡിൽനിന്നു ലഭിച്ച നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്പെഷ്യൽ കമ്മറ്റി ഡാഫ്റ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തി. ഇങ്ങനെ നവീകരിച്ച ഡ്രാഫ്റ്റ് 2019 ജനുവരിയിലെ സിനഡിൽ അവതരിപ്പിച്ചു പഠനവിധേയമാക്കി. സിനഡിൽനിന്നു ലഭിച്ച നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി സ്പെഷ്യൽ കമ്മറ്റി ഡ്രാഫ്റ്റിൽ ആവശ്യമായഭേദഗതികൾ വരുത്തി. വീണ്ടും എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ അവ നല്കാനായി ഈ ഡ്രാഫ്റ്റ്എ ല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തു. ലഭിച്ച നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ സ്പെഷ്യൽ കമ്മറ്റി ആവശ്യമായ തിരുത്തലുകൾ ഡ്രാഫ്റ്റിൽ വരുത്തുകയുണ്ടായി.ഇതുവരെയുള്ള പഠനങ്ങളുടേയും നിർദ്ദേശങ്ങളുടേയും വെളിച്ചത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ഡ്രാഫ്റ്റ് 2020 ജനുവരിയിലെ സിനഡിൽ (Session xxviii)
അവതരിപ്പിച്ചു. സിനഡ് ചില ഭേദഗതികളോടെ ഡ്രാഫ്റ്റ് അംഗീകരിക്കുകയും, റോമിൽ നിന്നുള്ള അംഗീകാരത്തിനായി കുർബാന തക്സ് അയയ്ക്കാൻ നിർദേശിക്കയും ചെയ്തു. വീണ്ടും സ്പെഷ്യൽ കമ്മറ്റി മേജർ ആർച്ച് ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടി കുർബാന തക്സ അന്തിമമായി പരിശോധിച്ചു. അതിനുശേഷം, 2020 ജൂലൈ 10ന് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി കുർബാന തക്സ മേജർ ആർച്ച് ബിഷപ്പ് റോമിലേക്ക് അയച്ചു കൊടുത്തു. ഇതിനു മറുപ ടിയായി,പൗരസ്ത്യസഭകൾക്കു വേണ്ടിയുള്ള കോൺഗ്രിഗേഷൻ കുർബാനതക്സ് അംഗീകരിച്ചു (Prot. N. 248/ 2004, 09, June 2021), കല്പന പുറപ്പെടുവിച്ചു. ഏകീകൃതരൂപത്തിൽ കുർബാന അർപ്പിക്കാനുള്ള 1999 സിനഡു തീരുമാനം എല്ലാവരും സ്വീകരിക്കണമെന്നും നവീകരിച്ച കുർബാനക്രമം താമസംവിനാ നടപ്പിലാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ 3 നു സീറോമലബാർ സഭാസമൂഹത്തോടു ആഹ്വാനം ചെയ്തുകൊണ്ടു മേജർ ആർച്ചുബിഷപ്പിനു കത്തയച്ചു. നവീകരിച്ച് കുർബാനകമം നടപ്പിലാവുന്നതോടുകൂടി കൂടുതൽ ഐക്യത്തിലേക്കു സീറോമലബാർ സഭ സമൂഹം എത്തുമെന്ന് പ്രത്യാശിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group