മക്കൾ ദൈവത്തിന്റെ ദാനമാണ്, അതൊരിക്കലും ശാപമല്ല. അതുകൊണ്ട് മക്കളെ സ്വീകരിക്കാൻ കരം നീട്ടുന്നവർ ദൈവത്തോട് സഹകരിക്കുന്നവരാണ് : മാർ റാഫേൽ തട്ടിൽ

മക്കൾ ദൈവത്തിന്റെ ദാനമാണ്, അതൊരിക്കലും ശാപമല്ല. അതുകൊണ്ടു മക്കളെ സ്വീകരിക്കാൻ കരം നീട്ടുന്നവർ ദൈവത്തോടു സഹകരിക്കുന്നവരാണെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ മേജർ ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

മക്കളുടെ എണ്ണം കുറയ്ക്കാനായി അനധികൃതമാർഗങ്ങൾ സ്വീകരിക്കുന്നതു തെറ്റാണെന്നു സഭ പഠിപ്പിക്കുന്നുണ്ട്. ദൈവികഛായയാണു മനുഷ്യർക്കു ഓരോരുത്തർക്കുമുള്ളത്. കാരണം ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നാണ് ഉത്പത്തിയുടെ പുസ്‌തകത്തിൽ നാം വായിക്കുന്നത്. മനുഷ്യനെ മെനഞ്ഞു ജീവൻ നല്കിയ ദൈവം ആദാമിന്റെ വാരിയെല്ലിൽനിന്നു ഹവ്വയെ സൃഷ്ടിച്ചു. ആദാമും ഹവ്വയും ഭാര്യഭർത്താക്കന്മാരായിത്തീർന്നതിനുശേഷം ജീവന്റെ സൂക്ഷിപ്പും ജീവന്റെ വർധനവും ദൈവം അവരെ ഏല്പിച്ചു. ദൈവം ആദിമാതാപിതാക്കളായ ആദത്തെയും ഹവായെയും ഏല്പിച്ച പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വവുമായിരുന്നു അത്. ആദവും ഹവയും ഭാര്യാഭർത്താക്കന്മാരായശേഷമാണ് ദൈവം അവരെ ഈ ഉത്തരവാദിത്വം ഏല്പിച്ചത്. ദൈവം മനുഷ്യനു നല്കിയ ഏറ്റവും ഉന്നതമായ ഉത്തരവാദിത്വമാണ് ജീവന്റെ സൂക്ഷിപ്പും വർധനവും. അതുകൊണ്ടു ദൈവത്തിനുവേണ്ടി ജീവൻ കൈകാര്യം ചെയ്യുന്ന ഭാര്യാഭർത്താക്കന്മാർ, കുടുംബങ്ങൾ, ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങളാണ്.

പ്രായോഗികമായ കാരണങ്ങൾകൊണ്ടു പലപ്പോഴും ജീവൻ വേണ്ടെന്നുവയ്ക്കാനും ജീവൻ നശിപ്പിക്കാനും മനുഷ്യൻ നടത്തുന്ന എല്ലാ പരിശ്രമങ്ങളും ദൈവം നല്കിയ ജീവൻ സൂക്ഷിക്കാനും വർധിപ്പിക്കാനുമുളള വലിയ ഉത്തരവാദിത്വത്തിന്റെമേലുള്ള മനുഷ്യന്റെ പൈശാചികമായ കടന്നുകയറ്റമാണ്.

ജീവനുണ്ടാകാനും അതു സമൃദ്ധമാകാനും വേണ്ടിയാണ് താൻ വന്നിരിക്കുന്നത് എന്നാണല്ലോ കർത്താവു പറഞ്ഞിരിക്കുന്നത്. ആ ദൗത്യം നാം കർത്താവിൽനിന്ന് ഏറ്റെടുക്കണം. ജീവനുണ്ടാകാനും അതു സമൃദ്ധമാകുന്നതിനും വേണ്ടി നാമെല്ലാവരും പരിശ്രമിക്കണം-പിതാവ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group