സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാര്‍ക്കല്ല; സാധാരണക്കാരുടേതെന്ന് ഹൈകോടതി

സഹകരണ സംഘങ്ങള്‍ കോടീശ്വരന്മാർക്കു വേണ്ടിയല്ല, സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ഹൈകോടതി. കഠിനാധ്വാനം ചെയ്ത് സാധാരണക്കാർ സമ്പാദിച്ച പണമാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കാറുള്ളത്.

എന്നാല്‍, ഇങ്ങനെ നിക്ഷേപിക്കുന്ന പണം നഷ്ടമാകുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്നത് ഇവയില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടില്‍ മൂന്നുവർഷമായി തുടരുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ചോദ്യം ചെയ്ത് കേസിലെ പ്രതി അലി സാബ്രി നല്‍കിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വായ്പ 2015ല്‍ തീർത്തെങ്കിലും രേഖകള്‍ തിരികെ ലഭിച്ചില്ലെന്നും ദുരുപയോഗം ചെയ്യപ്പെട്ടെന്നുമാണ് ഹർജിക്കാരന്റെ വാദം. എന്നാല്‍, ഹർജിക്കാരൻ വായ്പ തിരിച്ചടക്കാത്തതിനാല്‍ കേസുള്ളതായി ബാങ്ക് അറിയിച്ചു.

കരുവന്നൂർ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയർത്തുന്നുവെന്നും ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി അഭിപ്രായപ്പെട്ടു. 15 സെന്റ് ഈടുവെച്ചതിന് ഏഴ് കോടിയോളം രൂപയാണ് വായ്പ നല്‍കിയിരിക്കുന്നത്. ഒരു സഹകരണ ബാങ്കിന് ഇങ്ങനെ എങ്ങനെ മുന്നോട്ട് പോകാനാവും. കരുവന്നൂർ ബാങ്ക് കേസില്‍ മൂന്നുവർഷമായി അന്വേഷണം ആരംഭിച്ചിട്ട്. ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നത് സംവിധാനത്തെയാകെ ദോഷകരമായി ബാധിക്കും.

അന്വേഷണം അനിശ്ചിതമായി നീളുന്നത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ കോടതി, തുടർന്നാണ് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാൻ നിർദേശിച്ചത്. സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ കരുവന്നൂർ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി വായ്പ അനുവദിക്കാൻ മന്ത്രി പി. രാജീവ്, മുൻ തൃശൂർ ജില്ല സെക്രട്ടറി എ.സി. മൊയ്തീൻ, പാലോളി മുഹമ്മദ്കുട്ടി തുടങ്ങിയ നേതാക്കളുടെ സമ്മർദമുണ്ടായിരുന്നതായി ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനില്‍കുമാർ മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടില്‍ സി.പി.എമ്മിന്റെ മുതിർന്ന നേതാക്കളടക്കമുള്ളവർക്ക് പങ്കുണ്ടെന്നും വ്യക്തമാക്കിയിരുന്നു. വിശദീകരണത്തിനും മറ്റുമായി ഇ.ഡി സമയം തേടിയതിനെത്തുടർന്ന് ഹർജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group