സൈനികരുടെ പോരാട്ടവീര്യത്തിന്റേയും ത്യാഗത്തിന്റേയും ഓര്‍മ്മപ്പെടുത്തല്‍; രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും

ന്യൂഡല്‍ഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ലക്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെൻ പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലെ എംഇഡി ആൻഡ് സെന്റര്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം.

ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാൻഡ് ഓഫ് ആര്‍മിയുടെ സെൻട്രല്‍ കമാൻഡിന് കീഴിലാണ് ഈ വര്‍ഷം പരേഡ് നടക്കുക. ഇന്ത്യൻ ആര്‍മിയുടെ ഏഴ് കമാൻഡുകളില്‍ ഒന്നാണ് സെൻട്രല്‍ കമാൻഡ്. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നടന്ന പരേഡിന്റെ ചുമതല സതേണ്‍ കമാൻഡിനായിരുന്നു.

ലക്നൗവിലെ പരേഡ് ഗ്രൗണ്ടില്‍ മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് (സ്വതന്ത്ര) പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇൻഫെൻട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങളാണ് പരേഡില്‍ പങ്കെടുക്കുക. സേനയുടെ വിവിധ റെജിമെന്റുകളില്‍ നിന്നുള്ള ബാൻഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്‌ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാൻഡര്‍ ഇൻ ചീഫ് ജനറല്‍ ഫ്രാൻസിസ് ബുച്ചറില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15 നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കുന്ന ദിനമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group