ലൈഫ് പദ്ധതി പ്രഖ്യാപനം 130 കോടി; ചെലവഴിക്കുന്നത് വകയിരുത്തിയതിന്‍റെ 40 ശതമാനം

വീടില്ലാത്തവർക്ക് വീടു നിർമിച്ചു നല്‍കുന്നതിനുള്ള ലൈഫ് ഭവനപദ്ധതിക്ക് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടു മുൻപ് 130 കോടി പ്രഖ്യാപിച്ചപ്പോഴും ചെലവഴിക്കാൻ ലക്ഷ്യമിടുന്നതു വകയിരുത്തിയതിന്‍റെ 40 ശതമാനം തുക മാത്രം.

ഈ സാമ്പത്തിക വർഷം ലൈഫ് പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയത് 717 കോടി രൂപയായിരുന്നു.

ഇതില്‍ 160 കോടി രൂപ മാത്രമാണ് ഈ സാന്പത്തിക വർഷം ഇതുവരെ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചതെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത്, പ്രഖ്യാപിച്ചതിന്‍റെ 22.4 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള ചെലവ്.

ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുൻപ് ലൈഫ് ഭവന നിർമാണ പദ്ധതിക്കായി 130 കോടി രൂപ അനുവദിച്ചുവെന്നു സർക്കാർ പ്രഖ്യാച്ചിരുന്നു. ഇതോടെ ഇതുവരെ 290 കോടി രൂപയാണ് ലൈഫ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയത്.
ബജറ്റില്‍ പ്രഖ്യാപിച്ച 717 കോടി രൂപയില്‍ 427 കോടി രൂപ ഇനിയും നല്‍കാനുണ്ട്. സാന്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം അവശേഷിക്കേ ഇനി തുക അനുവദിക്കാനുമാകില്ല.

സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കണക്കാക്കിയാല്‍ ഇതിനു കഴിയുകയുമില്ല. 60 ശതമാനം തുകയും വെട്ടിച്ചുരുക്കിയെന്ന യാഥാർത്ഥ്യം മറച്ചുവച്ചാണ് ഇപ്പോള്‍ തുക അനുവദിച്ചതെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി ഒൻപതു ലക്ഷത്തോളം പേർ ലൈഫ് മിഷൻ വീടിനു വേണ്ടി അപേക്ഷ നല്‍കി കാത്തു നില്‍ക്കുന്നത്. ഇതിനിടെയാണ് ലൈഫ് മിഷന് അർഹതപ്പെട്ട 427 കോടി വെട്ടിച്ചുരുക്കുന്ന നടപടിയുണ്ടാകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m