ജനുവരി 01- ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം

ദൈവം തന്റെ പുത്രന് മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മാതാവ്. ദാവീദ് രാജാവിന്റെ കുടുംബത്തിൽ യൊവാക്കീമിന്റെയും അന്നയുടെയും മകളായി ജനിച്ച മറിയം, വിശുദ്ധരിൽ ഏറ്റവും ശ്രേഷ്ഠയാണ്. കാൽവരിയിൽ കുരിശിൽ കിടന്നുകൊണ്ട് കഠോരപീഡകൾ സഹിച്ച് മരിക്കാൻ പോകുന്ന സമയത്താണ് ഈശോ തന്റെ മാതാവിനെ ലോകത്തിനു മുഴുവൻ അമ്മയായി നൽകിയത്. അങ്ങനെ മരിയഭക്തിയുടെ ഉറവിടം കാൽവരിയിലെ കുരിശിൻചുവടാണെന്നു പറയാം.

ഒരു ശിശുവിനെപ്പോലെ വിശ്വാസത്തോടും ശരണത്തോടും കൂടെ ഏത് ആശ്യങ്ങളിലും നമുക്ക് മാതാവിനെ സമീപിക്കാം. പാപരഹിതമായ ജീവിതം നയിക്കാനും സാത്താന്റെ പരീക്ഷകളെ ജയിക്കാനും ദൈവമാതൃഭക്തി ഉത്തമസഹായമാണ്. ഈശോയെ കൂടുതൽ അറിയാനും സ്‌നേഹിക്കാനും യഥാർത്ഥ മരിയഭക്തി നമ്മെ സഹായിക്കും. ദൈവത്തിന്റെ തിരുവിഷ്ടം പൂർണ്ണമായി നിറവേറ്റുവാൻ ആത്മാർത്ഥമായി പരിശ്രമിച്ച് കർത്താവിന്റെ കല്ലറ വരെ അവിടുത്തെ അനുഗമിച്ചവളാണ് നമ്മുടെ അമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമ മാതൃകയാണ്.

ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളിൽ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാൻ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതൽ ‘പരിശുദ്ധ മറിയത്തിന്റെ വാർഷികം’ (നതാലെ സെൻറ് മരിയ) ആഘോഷിക്കുവാൻ തുടങ്ങി. കൃത്യമായി പറഞ്ഞാൽ ‘റോമൻ ആരാധനക്രമത്തിലെ ആദ്യത്തെ മരിയൻ തിരുനാൾ’ എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം.

ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതൽ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തിൽ തർക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”.

മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയിൽ പരിശുദ്ധ അമ്മക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികൾ സമർപ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാർത്ഥനകൾ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു.

പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനുവരി 1 ആഭ്യന്തര വർഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളിൽ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകൾ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികൾ സാധാരണഗതിയിൽ ഈ പുതുവർഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകൾ നടത്തുമ്പോൾ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തിൽ ഏൽപ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128).

ജനുവരി 1ന് വിശ്വാസികൾക്ക്‌ നമ്മുടെ ചിന്തകളേയും, പ്രവർത്തികളെയും പുതിയ വർഷം മുഴുവനും നേരായ രീതിയിൽ നയിക്കുവാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാവുന്നതാണ് (129). സമാധാനപൂർണ്ണമായ പുതുവർഷത്തിന്റെ പ്രതീക്ഷയും ഈ ആശംസകളിലൂടെ കൈമാറാവുന്നതാണ്. ഇത് ബൈബിൾപരവും, ക്രിസ്തുശാസ്ത്ര സംബന്ധവും, ക്രിസ്തുവിന്റെ അവതാര പരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ചരിത്രത്തിലുടനീളം ‘സമാധാനത്തിന്റെ വിഭിന്നഭാവങ്ങൾ’ ധാരാളം പേർ ഉയർത്തിപ്പിടിച്ചിട്ടുള്ളതായി കാണാം. പ്രത്യേകിച്ചും അക്രമത്തിന്റെയും വിനാശകരമായ യുദ്ധ സമയങ്ങളിൽ.

പരിശുദ്ധ സഭയും സമാധാനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തിൽ പങ്ക് ചേരുന്നു. 1967 മുതൽ ജനുവരി 1 ‘ലോക സമാധാന ദിന’മായി ആചരിച്ചു വരുന്നു. ജനകീയ ഭക്തിക്ക് തീർച്ചയായും സഭ തുടങ്ങിവെച്ചിരിക്കുന്ന ഈ ശ്രമങ്ങളെ മറക്കുവാൻ കഴിയുകയില്ല. സമാധാനത്തിന്റെ പുത്രന്റെ പിറവിയുടെ വെളിച്ചത്തിൽ, ഈ ദിവസം സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും, സമാധാന സംബന്ധിയായ വിദ്യാഭ്യാസം, കൂടാതെ സ്വാതന്ത്ര്യം, പൈതൃകമായ ഐക്യം, മനുഷ്യന്റെ അന്തസ്സ്, പ്രകൃതിയോടുള്ള സ്നേഹം, ജോലി ചെയ്യുവാനുള്ള അവകാശം, മനുഷ്യ ജീവിതത്തിന്റെ വിശുദ്ധി കൂടാതെ മനുഷ്യന്റെ ബോധമണ്ഡലത്തെ ആശയ കുഴപ്പത്തിലാക്കുകയും, സമാധാനത്തിന് ഭീഷണിയാവുകയും ചെയ്തിട്ടുള്ള അനീതിയെ ഇല്ലായ്മ ചെയ്യൽ തുടങ്ങിയ നന്മകൾക്കായി ഈ ദിവസം നീക്കി വച്ചിരിക്കുന്നു.

വിചിന്തനം: ദൈവം മനുഷ്യരുടെ അടുത്തേയ്ക്കു വന്ന രാജവീഥിയാണ് മറിയം. അതുപോലെ നമ്മൾ ദൈവത്തിന്റെ പക്കലേയ്ക്കു പോകാനുള്ള രാജവീഥിയും മറിയം തന്നെ.

ഇതര വിശുദ്ധർ:

  1. വി. ഒഡിലോ (11-ാം നൂറ്റാണ്ട്) ക്യൂണിയിലെ സന്യാസി
  2. വി. ബാസിൻ (മരണം + 475) അലിക്‌സിലെ ബിഷപ്പ്
  3. ഡിജോണിലെ വി. വില്യം (962-1039) ബനഡിക്ടൻ സന്യാസി
  4. മാഗ്നസ് (റോമൻ മെട്രോളജിയിൽ രേഖെപ്പടുത്തിയിരിക്കുന്നു. ജീവചരിത്രം ലഭ്യമല്ല)
  5. വി. ജോസഫ് മേരി തൊമാഡി (1649-1713) കത്തോലിക്കാ ആരാധനക്രമ മധ്യസ്ഥൻ
  6. ഷീതിയിലെ ജസ്റ്റിൻ (+ 540)
  7. വി.കോണറ്റ്
  8. വി. കോൺകോർഡിയൂസ്
  9. വി. ക്ലാരൂസ് (ഏഴാം ശതകം).


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgrop

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group