ഒരു വര്‍ഷം പിന്നിലേക്ക് പറക്കുന്ന വിമാന സര്‍വീസ്; ഇത് കെട്ടുകഥയല്ല..

എല്ലാവരും ഒരിക്കലെങ്കിലും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ജീവിതത്തില്‍ പഴയ ദിനങ്ങളിലേക്ക് ഒന്ന് തിരിച്ചുപോകാൻ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്.

ടൈം ട്രാവല്‍ പോലുള്ള സങ്കല്‍പ്പങ്ങള്‍ അതുകൊണ്ട് തന്നെ എല്ലാ കാലവും സജീവമാണ്. ഇപ്പോഴിതാ, ടൈം ട്രാവല്‍ സംഘടിപ്പിച്ചിരിക്കുകയാണ് അമേരിക്കൻ വിമാനസര്‍വിസായ യുണൈറ്റഡ് എയര്‍ലൈൻസ്. ഒരു വര്‍ഷം പിന്നിലേക്കാണ് ഈ വിമാന സര്‍വീസ് പറക്കുന്നത്.

സമയരേഖകള്‍ താണ്ടിയാണ് ഈ വിമാനം ഒരു വര്‍ഷം അപ്പുറത്തേക്ക് പറക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ പസഫിക് സുദ്രത്തില്‍ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗുവാം ദ്വീപില്‍ നിന്നും പ്രാദേശിക സമയം 2024 ജനുവരി ഒന്നിന് പറന്നുയരുന്ന വിമാനം അമേരിക്കയുടെ തന്നെ നിയന്ത്രണത്തിലുള്ള ഹോണോലുലു ദ്വീപില്‍ ലാൻഡ് ചെയ്യുന്നത് 2023 ഡിസംബര്‍ 31നാണ്.

പസഫിക് സുദ്രത്തില്‍ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ദ്വീപാണ് ഗുവാം. കിരിബാത്തിക്കും ന്യൂസിലാൻഡിനും പിന്നാലെ പുതുവര്‍ഷം ആദ്യം കടന്നുവരുന്ന മേഖലകളിലൊന്നാണിത്. ഇവിടെ നിന്ന് അമേരിക്കയുടെ തന്നെ മറ്റൊരു ദ്വീപായ ഹോണോലുലുവിലേക്ക് പറക്കുമ്ബോഴാണ് പുതുവര്‍ഷം വീണ്ടും പഴയതാകുന്നത്. അന്താരാഷ്ട്ര ദിനാങ്ക രേഖക്ക് ഇരുവശത്തുമായാണ് രണ്ട് ദ്വീപുകളും സ്ഥിതിചെയ്യുന്നത് എന്നതാണ് ഇതിന് കാരണം.

യുണൈറ്റഡ് എയര്‍ലൈൻസിൻറെ യു.എ 200 ബോയിങ് വിമാനം ഗുവാമില്‍ നിന്ന് പറന്നുയരുക പ്രാദേശിക സമയം 2024 ജനുവരി ഒന്നിന് രാവിലെ 7.35നാണ്. വിമാനം കിഴക്കുദിശയിലേക്ക് പസഫിക്കിന് കുറുകെയുള്ള അന്താരാഷ്ട്ര ദിനാങ്കരേഖ കടക്കുന്നതോടെ ഒരു ദിവസം പിന്നോട്ടുപോയി വീണ്ടും 2023 ഡിസംബര്‍ 31ലെത്തും. 7 മണിക്കൂര്‍ 15 മിനിറ്റ് പറന്ന് വിമാനം ഹോണോലുലുവില്‍ ലാൻഡ് ചെയ്യുക ഡിസംബര്‍ 31ന് വൈകീട്ട് 6.50നായിരിക്കും. ഗുവാമില്‍ പുതുവര്‍ഷപ്പിറവി ആഘോഷിച്ച്‌ ഒരാള്‍ ഹോണോലുലുവിലേക്ക് പുറപ്പെട്ടാല്‍, അവിടെയും പുതുവര്‍ഷപ്പിറവി ആഘോഷിക്കാനാകും.

സമയരേഖകള്‍ കടന്നുള്ള വിമാനയാത്രയില്‍ സ്ഥിരം സംഭവിക്കുന്നതാണ് ഈയൊരു ദിവസമാറ്റമെങ്കിലും, ഒരു വര്‍ഷം തന്നെ പിറകിലേക്ക് മാറുന്നുവെന്നതാണ് ഈ യാത്രയുടെ പ്രത്യേകത. ലോകത്തിലെ സമയം ക്രമീകരിക്കാനായി അന്താരാഷ്ട്രാംഗീകാരത്തിലുള്ള ഒരു സാങ്കല്പികരേഖയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ. ഈ സാങ്കല്‍പ്പിക രേഖക്ക് ഇരുവശത്തെയും സമയങ്ങള്‍ തമ്മില്‍ ഒരു ദിവസത്തിൻറെ വ്യത്യാസമുണ്ടാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group