അനുദിന വിശുദ്ധർ: ഡിസംബർ 29- വി. തോമസ് ബെക്കറ്റ്


Daily Saints: December 29- St. Thomas Becket

ലണ്ടനിലെ രാജപ്രതിനിധിയായിരുന്ന ഗിൽബർട്ടിന്റെയും മെറ്റിൽഡായുടെയും പുത്രനായി 1118-ൽ തോമസ് ജനിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് ഇരുപത്തിനാലാമത്തെ വയസ്സിൽ കാന്റർബറി മെത്രാപ്പോലീത്താ ആയിരുന്ന തെയോബാൾഡിന്റെ ഭവനത്തിൽ ഒരു ഉയർന്ന ഉദ്യോഗം ലഭിച്ചു. അനിതര സാധാരണമായ ആദർശനിഷ്ഠയും ബുദ്ധിവൈഭവവും കൊണ്ട് ശ്രദ്ധേയനായിത്തീർന്ന ആ യുവാവ് അതിവേഗം മെത്രാപ്പോലീത്തായുടെ പ്രീതി നേടി. മെത്രാപ്പോലീത്തായുടെ സമ്മതത്തോടു കൂടി തന്റെ ജോലിയോടൊപ്പം വൈദികപഠനവും നിർവ്വഹിച്ചു.

1154-ൽ ഡീക്കനായും തുടർന്ന് കാന്റർബറിയിലെ ആർച്ചുഡീക്കനായും നിയമിക്കപ്പെട്ടു. 1155-ൽ മുപ്പത്തിയാറാമത്തെ വയസ്സിൽ അദ്ദേഹത്തെ ഹെൻട്രി രണ്ടാമൻ രാജാവ് തന്റെ ചാൻസലറായി നിയമിച്ചു.

കാന്റർബറി മെത്രാപ്പോലീത്താ, തെയോബാൾഡ് 1161-ൽ മൃതിയടഞ്ഞു. തൽസ്ഥാനം അലങ്കരിക്കുവാൻ തികച്ചും യോഗ്യനായ തോമസ് ബെക്കെറ്റിനെ തന്നെ ഹെൻട്രി രണ്ടാമൻ നിയോഗിച്ചു. ഈ തീരുമാനത്തിൽ വിമനസ്സായ തോമസ് പിന്നീട് റോമിൽ നിന്നുമുണ്ടായ നിർദ്ദേശമനുസരിച്ച് മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിക്കുവാൻ നിർബന്ധിതനായി. 1162-ൽ അദ്ദേഹം വൈദികനായും തുടന്ന് മെത്രാനായും അഭിഷിക്തനായി. അക്കാലം മുതൽ തന്റെ ജീവിതശൈലിയിൽ സവിശേഷമായ താപസചൈതന്യം പുലർത്തി. സകലപ്രവർത്തനങ്ങളിലും ആഡംബരങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ട് ആധ്യാത്മികതയ്ക്ക് മുന്തിയ പരിഗണന കൊടുത്തു.

അധികം വൈകാതെ രാജാവ് സഭാകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുവാനും സഭയുടെ അവകാശങ്ങൾ കവർന്നെടുക്കുവാനും മുതിർന്നു. കാന്റർബറിയിൽ നിന്നുപോലും വിശ്വാസികളുടെ നേർച്ചപ്പണം തട്ടിയെടുക്കുവാൻ മടിച്ചില്ല. ഇതിനെ മെത്രപ്പോലീത്താ എതിർത്തു. തൽഫലമായി അദ്ദേഹം രാജ്യദ്രോഹിയും വിശ്വാസവഞ്ചകനുമായി മുദ്ര കുത്തപ്പെട്ടു. അവസാനം അദ്ദേഹം ഇംഗ്ലണ്ട് വിട്ടു ഫ്രാൻസിലേയ്ക്കു പോയി. ഫ്രാൻസിലെ ലൂയി ഏഴാമൻ രാജാവ് അദ്ദേഹത്തെ ഹാർദ്ദമായി സ്വീകരിച്ചു. ആ തക്കം നോക്കി ഹെൻട്രി രണ്ടാമൻ മെത്രാപ്പോലീത്തായുടെ സ്വത്ത് കണ്ടുകെട്ടി; ബന്ധുക്കളെയെല്ലാം നാടുകടത്തി.

1170-ൽ താൽക്കാലികമായ ഒരു ഒത്തുതീർപ്പിന്റെ ഫലമായി തോമസ് ബെക്കറ്റ് ഇംഗ്ലണ്ടിൽ മടങ്ങിവന്നു. രാജാവിനു കൂട്ടുനിന്ന മെത്രാന്മാരുടെ മഹറോൻ ശിക്ഷ നിരുപാധികം ഒഴിവാക്കണമെന്ന് രാജാവ് മെത്രാപ്പോലീത്തായോട് ആവശ്യെപ്പട്ടു. എന്നാൽ, മെത്രാപ്പോലീത്താ ആ നിർദ്ദേശത്തിനു വഴങ്ങിയില്ല. ക്രോധാവേശം പൂണ്ട് രാജാവിന്റെ കല്പനയനുസരിച്ച് പടയാളികൾ അദ്ദേഹത്തെ ഇരിപ്പിടത്തിൽ നിന്നു ബലാൽക്കാരേണ പിടിച്ചു വലിച്ചിഴച്ചു മാറ്റിനിറുത്തി ശിരച്ഛേദം ചെയ്തു.

മെത്രാപ്പോലീത്തായുടെ രക്തരൂഷിതമായ മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം കത്തീഡ്രലിൽ അനാഥമായി കിടന്നു. രാജകോപം ഭയന്ന് ആളുകൾ മൃതദേഹത്തെ സമീപിക്കുവാൻ ഭയന്നു. ക്രമേണ ആ ദുരന്തവാർത്ത കാട്ടുതീ പോലെ എല്ലായിടങ്ങളിലും പരന്നു. ഏറെനേരം കഴിഞ്ഞ് സമചിത്തത വീണ്ടെടുത്ത് വൈദികരും അത്മായരും ഉൾപ്പെടെ അനവധി ആളുകൾ ഭദ്രാസന ദേവാലയത്തിൽ സമ്മേളിച്ച് ആദരപൂർവ്വം തങ്ങളുടെ ഇടയന്റെ മൃതദേഹം കാന്റർബറയിൽ തന്നെ സംസ്‌കരിച്ചു. മൂന്നു വർഷം കഴിഞ്ഞ് തോമസ് ബെക്കറ്റ് വിശുദ്ധനായി നാമകരണം ചെയ്യപ്പട്ടു.

വിചിന്തനം: “നിത്യപിതാവേ, അങ്ങേ തിരുമനസ്സ് എല്ലാ ക്ഷണനേരത്തിലും സകലത്തിലും പൂർണ്ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു” – വി. എവുപ്രാസിയാമ്മ.

ഇതര വിശുദ്ധർ:

  1. ഗാബ്രോണിലെ ആൽബർട്ട് (ഏഴാം നൂറ്റാണ്ട്)
  2. കലിസ്റ്റസ്, ഫെലിക്‌സ്, സോനിഫസ്റ്റ് – റോമൻ രക്തസാക്ഷികൾ
  3. ത്രോഫിമൂസ് (മൂന്നാം നൂറ്റാണ്ട്)
  4. ഡോമിനിക്ആഫ്രിക്കൻ രക്തസാക്ഷി/ ഇബ്രൾഫ് (706).

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group