സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗത ആശങ്കാജനകം : ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ

വന്യജീവി ആക്രമണത്തില്‍ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വര്‍ദ്ധിച്ചിട്ടും കേന്ദ്ര- സംസഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസംഗത ആശങ്കാജനകമാണെന്ന് മലങ്കര മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത.

കഴിഞ്ഞ 3 ദിവസത്തിനിടെ 4 പേരാണ് വന്യ ജീവികളുടെ ആക്രമണത്തില്‍ കേരളത്തില്‍ ദാരുണമായി കൊല്ലപെട്ടതെന്നും, കൊല്ലപ്പെടുന്ന ഓരോ മനുഷ്യ ജീവനും കേവലം 10 ലക്ഷം രൂപ വിലയിട്ട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുന്ന സര്‍ക്കാര്‍ നടപടി തിരുത്താന്‍ തയ്യാറാവണമെന്നും മലങ്കര മാര്‍ത്തോമ്മാ സഭാ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടൂ.

വന്യ ജീവികള്‍ നാട്ടിലിറങ്ങി നിരപരാധികളെ കൊല്ലുന്നത് തടയാനുളള നടപടികളാണ് ആവശ്യം. വന്യമൃഗങ്ങള്‍ ധാരാളമായി മനുഷ്യ വാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയണം. വലിയ വരള്‍ച്ചയും ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റവും വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ടെന്നും മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ വിലയിരുത്തി. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം. കേന്ദ്ര വനം-പരിസ്ഥിതി നിയമത്തില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും, ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിലുളള നിസംഗത വെടിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m