വത്തിക്കാൻ : ബനഡിക്ട് മാർപാപ്പയുടെ ശവസംസ്കാര ശുശ്രൂഷകളിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
“മണവാളന്റെ വിശ്വസ്ത സ്നേഹിതനായ ബനഡിക്ട്, അവന്റെ സ്വരം അങ്ങ് അവസാനം, നിത്യതയിൽ കേൾക്കുമ്പോൾ അങ്ങയുടെ സന്തോഷം പൂർണമാകട്ടെ.” ബനഡിക്ട് പാപ്പായ്ക്കുവേണ്ടിയുള്ള വിശുദ്ധ കുർബാനയ്ക്കിടെ സുവിശേഷ പ്രസംഗത്തിൽ ഇങ്ങനെയാണു തന്റെ വാക്കുകൾ ഫ്രാൻസിസ് പാപ്പാ ഉപസംഹരിച്ചത്.
പിതാവിന്റെ കരങ്ങളിൽ ആത്മാവിനെ സമർപ്പിച്ച ഈശോയെപ്പോലെ ബനഡിക്ട് തന്റെ ജീവിതവും പിതാവിനുള്ള ഒരു നിരന്തര സമർപ്പണമാക്കി മാറ്റിയിരുന്നതായി ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു. ഇടയന്മാരുടെ ജീവിതം ഇത്തരം സമർപ്പണത്തിന്റേതായി മാറണം. ദൈവജനത്തിനു യഥാസമയം ആത്മീയഭക്ഷണം നൽകുന്ന ഇടയന്മാർ ആത്മസമർപ്പണത്തിലൂടെ അതിനുള്ള ഊർജം സംഭരിക്കണം. പ്രാർത്ഥനാപൂർവകമായ സമർപ്പണം കുരിശിന്റെ വഴിയാണ്. വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ, കർത്താവ് ആ പ്രാർത്ഥനയും സമർപ്പണവും സ്വീകരിക്കുകയും ഇടയന്മാരെ ശക്തിപ്പെടുത്തുകയും ചെയ്യും.
ബനഡിക്ട് പാപ്പാ തന്റെ ജീവിതം മുഴുവൻ സുവിശേഷത്തിന്റെ എണ്ണകൊണ്ടു ജ്വലിപ്പിച്ച ദീപം ഉയർത്തിപ്പിടിച്ചു. അതു പ്രഘോഷിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈശോയുടെ കല്ലറയിലെത്തിയ സ്ത്രീകളെപ്പോലെ, കൃതജ്ഞതയുടെയും പ്രത്യാശയുടെയും സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളുമായി നാം ഇവിടെ കൂടിയിരിക്കുകയാണ്, ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്റെ ഒരടയാളം കൂടി നൽകാൻ. അദ്ദേഹം നമുക്കു നൽകിയ അതേ ജ്ഞാനത്തോടും സ്നേഹത്തോടും സമർപ്പണത്തോടും കൂടി അദ്ദേഹത്തിന്റെ ആത്മാവിനെ നമുക്ക് ദൈവതൃക്കരങ്ങളിൽ സമർപ്പിക്കാം - ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group