ഡെങ്കിപ്പനി അതീവഗുരുതരം; പുതിയ വൈറസുകൾ വ്യാപിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി : ഡെങ്കിപ്പനി വ്യാപനം കേരളത്തിൽ ആശങ്കാജനകമായി തുടരുമ്പോൾ ടൈപ് -3, ടൈപ് -4 (ഡെൻ വി3, ഡെൻ വി4) വൈറസുകളുടെ വ്യാപനം ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്.

ഡെങ്കിപ്പനി ഒരിക്കല്‍ വന്നവരില്‍ വീണ്ടും പുതു വൈറസ് മുഖേന വരുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിനിടയാക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ജാഗ്രതയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപിച്ച ഡെങ്കിപ്പനിയില്‍ ഈ വൈറസ് സാന്നിധ്യമുണ്ടായിരിക്കാമെന്നാണ് നിഗമനം. ഡെങ്കി രോഗാണുവായ വൈറസ് ടൈപ് -2 വ്യാപകമായ 2017ല്‍ 2,11,993 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടുകയും ഇതില്‍ 165 പേര്‍ മരിക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്.

തുടര്‍വര്‍ഷങ്ങളില്‍ ടൈപ് -1 രോഗാണുബാധ റിപ്പോര്‍ട്ട് ചെയ്യുകയും കഴിഞ്ഞവര്‍ഷം ഡെങ്കി വൈറസ് ടൈപ് -3 വിഷാണുക്കളെ രോഗികളില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ടൈപ് -4 ഉള്‍പ്പെടെ ഈ കാലവര്‍ഷത്തില്‍ പ്രതീക്ഷിക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനകം സംസ്ഥാന ജനസംഖ്യയില്‍ 60 -70 ശതമാനത്തോളം പേര്‍ക്ക് അറിഞ്ഞോ അറിയാതെയോ
ഡെങ്കിപ്പനി ബാധിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്ന് പഠനം നടത്തിയ ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇവര്‍ക്ക് വീണ്ടും ഡെങ്കിപ്പനി ബാധിച്ചാല്‍ ശാരീരികാവസ്ഥയെ കൂടുതല്‍ ദോഷകരമായി ബാധിക്കും. കൂടുതല്‍ ആശുപത്രി വാസമോ ഒരുപക്ഷേ, മരണമോ സംഭവിച്ചേക്കാം. 12 വയസ്സിന് താഴെയുള്ള 30 ശതമാനത്തോളം കുട്ടികള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group