ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ. എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ’ (സങ്കീ 51,1-7).
പാപങ്ങൾ ഏറ്റുപറഞ്ഞ് മാപ്പിരക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴു സങ്കീർത്തനങ്ങൾ (6,30,38,51,102,130,143) അനുതാപ സങ്കീർത്തനങ്ങൾ എന്നപേരിൽ അറിയപ്പെടുന്നു. പാപത്തിന്റെ വിവിധ മാനങ്ങളും അനുതാപത്തിന്റെ വിവിധ വശങ്ങളും മോചനത്തിനുവേണ്ടിയുള്ള യാചനകളും വിവിധ ഭാവങ്ങളും ഈ സങ്കീർത്തനങ്ങളിൽനിന്നു വ്യക്തമായി ഗ്രഹിക്കാനാകും.
ഈ ഏഴു സങ്കീർത്തനങ്ങളും നോന്പുകാലത്തെ എല്ലാ ദിവസവും വായിച്ചു പ്രാർത്ഥിക്കുന്നവരുണ്ട്. ഓരോ ദിവസം ഇവയിൽ ഓരോ സങ്കീർത്തനം പ്രാർത്ഥനാവിഷയമാക്കുന്നവരുമുണ്ട്. ഇവയിൽ 51-ാം സങ്കീർത്തനമാണ് ഏറ്റം ദീർഘവും പാപത്തെയും അനുതാപത്തെയും കുറിച്ച് ഏറ്റവും സമഗ്രമായ നിരീക്ഷണം അവതരിപ്പിക്കുന്നതുമായ സങ്കീർത്തനം.
നാഥാന്റെ കുറ്റാരോപണം ഉണർത്തിയ പാപബോധത്താൽ തകർന്ന ദാവീദിന്റെ ഹൃദയത്തിൽനിന്ന് ഒഴുകിയതാണ് ഈ അനുതാപ സങ്കീർത്തനം എന്ന് സങ്കീർത്തനത്തിൽ ആമുഖമായി നൽകിയിരിക്കുന്ന കുറിപ്പ് വ്യക്തമാക്കുന്നു. “ദാവീദ് ബത്ഷേബായെ പ്രാപിച്ചതിനുശേഷം അവരെ നാഥാൻ പ്രവാചകൻ സന്ദർശിച്ചപ്പോൾ’’ എന്ന ആമുഖവാക്യം സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. പാപത്തിന്റെ വിവിധ വശങ്ങളും ദൈവത്തിന്റെ സ്വഭാവസവിശേഷതകളും അനുതപിക്കുന്ന പാപിയുടെ യാചനകളും ഒരുമിച്ച് അവതരിപ്പിക്കുന്നതാണ് ആരംഭത്തിൽ ഉദ്ധരിച്ച രണ്ടു വാക്യങ്ങൾ.
പാപത്തെ സൂചിപ്പിക്കാൻ മൂന്നു പദങ്ങൾ ഇവിടെ ഉപയോഗിക്കുന്നു. അതിക്രമങ്ങൾ എന്നതാണ് ആദ്യം പ്രത്യക്ഷപ്പെടുന്ന പദം. ‘പെഷാ’ എന്ന ഹീബ്രുവാക്കിന്റെ വിവർത്തനമാണിത്. അതിരുകടക്കുക, അതിർത്തി ലംഘിക്കുക എന്നർത്ഥമുള്ള ‘പാഷാ’ എന്ന ക്രിയാധാതുവിൽനിന്നാണ് ‘പെഷാ’ എന്ന നാമത്തിന്റെ നിഷ്പത്തി. രാജാവിനു പ്രജകളുടെമേൽ അധികാരമുണ്ട്. എന്നാൽ, ദാവീദിന്റെ പ്രവൃത്തി ഈ അതിരുകളെ മറികടക്കുന്നു. വ്യഭിചാരവും കൊലപാതകവും അതിർത്തിലംഘനത്തിന്റെ ഉദാഹരണങ്ങളാണ്.
“അകൃത്യം’’ എന്നതാണു രണ്ടാമത്തെ പദം. ‘ആവോൻ’ എന്നു ഹീബ്രു മൂലം. അധർമം, ശിക്ഷാർഹമായ കുറ്റകൃത്യം എന്നൊക്കെ ഇതിനെ വിവർത്തനം ചെയ്യാം. അരുതാത്തതു ചെയ്യുക, കരുണയില്ലാത്ത പ്രവർത്തനങ്ങൾ, മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കാതിരിക്കുക, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി അപരനെ നശിപ്പിക്കുക എന്നൊക്കെ ഇതിനർത്ഥമുണ്ട്. ഇതാണു പാപത്തിന്റെ രണ്ടാമത്തെ മാനം.
പാപം എന്നു വിവർത്തനം ചെയ്തിരിക്കുന്നത് ഹീബ്രുവിൽ “ഹത്താ ആ’’’’ എന്ന പദമാണ്. പാപത്തെ സൂചിപ്പിക്കാൻ ഏറ്റം കൂടുതൽ ഉപയോഗിക്കുന്ന പദമാണിത്. ലക്ഷ്യത്തിലെത്താൻ കഴിയാതെവരിക, വഴിതെറ്റുക, തെറ്റുചെയ്യുക എന്നൊക്കെ വാച്യാർത്ഥം. ദൈവനിശ്ചിതമായ ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാതെ വഴിതെറ്റിപ്പോകുന്നതിനെയാണിത് സൂചിപ്പിക്കുന്നത്. ഇതു മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽ സംഭവിക്കുന്നതാവാം.
സാവൂൾ ദാവീദിന്റെ മുന്നിൽ കുറ്റം ഏറ്റുപറയുന്നത് ഉദാഹരണം. അപ്പോൾ സാവൂൾ പറഞ്ഞു: ‘ഞാൻ തെറ്റു ചെയ്തുപോയി. എന്റെ മകനേ, ദാവീദേ, തിരിച്ചുവരിക. ഞാൻ ഇനി നിന്നെ ഉപദ്രവിക്കുകയില്ല’ (1 സാമു 26,2). ദൈവത്തോടുള്ള മനുഷ്യന്റെ ബന്ധത്തിൽ സംഭവിക്കുന്നതുൾപ്പെടെ ഇസ്രയേൽ ജനത്തിന്റെ നിരവധിയായ കുറ്റകൃത്യങ്ങൾ അക്കമിട്ടു നിരത്തിയതിനുശേഷം ദൈവം ശിക്ഷാവിധി പ്രസ്താവിക്കുന്നതുൾപ്പെടെ വിവരിക്കുന്പോൾ ഈ മാനം വ്യക്തമാകുന്നു. “പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് ഞാൻ നിന്നെ കുറ്റം വിധിക്കും’’(ജെറെ 2,35).
അതിരുകൾ മറികടക്കുന്ന അതിക്രമം, കടമകൾ മറക്കുന്ന കടം, ബന്ധങ്ങൾ തകർക്കുന്ന കുറ്റകൃത്യങ്ങൾ, ഉള്ളിൽ നിറയുന്ന ദുഷ്ടത, തിന്മ, പാതകം, സഹോദരനോടും ദൈവത്തോടുമുള്ള ബന്ധങ്ങൾ തകർക്കുന്ന കുറ്റങ്ങൾ, ലക്ഷ്യം തെറ്റുന്ന, വഴി മാറി നടക്കുന്ന ഇടർച്ചകൾ, വീഴ്ചകൾ എന്നിങ്ങനെ നിരവധി മാനങ്ങൾ പാപത്തിനുണ്ട്. മതാത്മകതലത്തിൽ പൊതുവേ പാപം എന്നു പറയുന്പോൾ ഈ അർത്ഥസൂചനകളേ ഈ പദത്തിനുണ്ടാകൂ. അതിനാൽ വിശദമായ ഒരു ആത്മശോധനയും പ്രേരിപ്പിക്കുന്നതാണു പാപം. ദൈവാവബോധം ഉണ്ടെങ്കിലേ പാപബോധം ഉണ്ടാകൂ. അതിലേക്കു നയിക്കുന്നതായിരിക്കണം നോന്പാചരണം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group